താങ്ങും തണലുമായി നിന്നു, റിക്ഷാക്കാരന് ഒരുകോടി വിലമതിക്കുന്ന സ്വത്തുക്കൾ നൽകി വൃദ്ധ

By Web TeamFirst Published Nov 16, 2021, 2:19 PM IST
Highlights

ബുദ്ധയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളും, മാതാപിതാക്കളുമുണ്ട്. മിനാതി ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് ബുദ്ധ റിക്ഷ വലിക്കുന്ന ജോലി ഉപേക്ഷിച്ചു. അവളുടെ അഭ്യർത്ഥന പ്രകാരം നാല് മാസം മുമ്പ് അദ്ദേഹം ഭാര്യക്കും കുട്ടികൾക്കുമൊപ്പം മിനാതിയുടെ വീട്ടിലേക്ക് താമസം മാറി.

അർപ്പണബോധവും നിസ്വാർത്ഥ സേവനവും എന്നായാലും അംഗീകരിക്കപ്പെടുമെന്ന് ഒരു സൈക്കിൾ റിക്ഷാക്കാരന്റെ ജീവിതം തെളിയിക്കുന്നു. ഒഡീഷ(Odisha)യിലെ കട്ടക്കിലെ ഒരു വൃദ്ധ കഴിഞ്ഞ 25 വർഷം തനിക്കൊപ്പം സഹായിയായി നിന്ന ബുദ്ധ സമാൽ(Budha Samal) എന്ന റിക്ഷാക്കാരന് കോടികളുടെ സ്വത്ത് കൈമാറി. അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിനുള്ള ഒരു അംഗീകാരമായിരുന്നു അത്.  

63 -കാരിയായ മിനാതി പട്‌നായിക്കി(Minati Patnaik)ന് അടുത്ത ഇടവേളകളിൽ ഭർത്താവിനെയും മകളെയും നഷ്ടമായി. കഴിഞ്ഞ വർഷം ജൂലൈയിൽ എഞ്ചിനീയറായിരുന്ന കൃഷ്ണ പട്‌നായിക്ക് കാൻസർ ബാധിച്ച് മരിക്കുകയായിരുന്നു. പിന്നീട് ഈ വർഷം ജനുവരിയിൽ പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തര ബിരുദധാരിയായ മകൾ കോമൾ ഹൃദയാഘാതം മൂലം മുപ്പതാം വയസ്സിൽ മരണപ്പെട്ടു. തീർത്തും ഒറ്റപ്പെട്ട് പോയ അവർക്ക് താങ്ങും തണലുമായത് റിക്ഷാക്കാരനും, കുടുംബവുമായിരുന്നു. "എന്റെ ഭർത്താവും മകളും മരണമടഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി. എന്റെ ബന്ധുക്കളാരും എന്നെ തിരിഞ്ഞ് നോക്കിയില്ല. ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടു. എങ്കിലും, ബുദ്ധനും കുടുംബവും എന്റെ പ്രയാസകരമായ സമയങ്ങളിൽ എനിക്കൊപ്പം നിന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ എന്റെ നോക്കി" മിനാതി പറഞ്ഞു. അതിന്റെ നന്ദി സൂചകമായിട്ടാണ് വൃദ്ധയായ സ്ത്രീ ഇപ്പോൾ ഒരു കോടിയോളം രൂപ വിലമതിക്കുന്ന തന്റെ സ്വത്തുക്കൾ റിക്ഷാക്കാരന് ദാനം ചെയ്തിരിക്കുന്നത്.    

കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നിലകളുള്ള വീടും, ആഭരണങ്ങളും ബുദ്ധ സമാലിന് അവർ കൈമാറി. എല്ലാം കൂടി ഏകദേശം 1 കോടി രൂപ വിലമതിക്കും. അതേസമയം മിനാതിയുടെ മൂന്ന് സഹോദരിമാരിൽ രണ്ട് പേർ സ്വത്ത് റിക്ഷാക്കാരനും കുടുംബത്തിനും നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു. മിനാതി പക്ഷേ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. തന്റെ മരണശേഷം ആരും അവരെ ഉപദ്രവിക്കാതിരിക്കാൻ ബുദ്ധനും കുടുംബത്തിനും സ്വത്ത് നിയമപരമായി കൈമാറാൻ അവർ തീരുമാനിച്ചു. കഴിഞ്ഞ ഇരുപത്തഞ്ചു വർഷമായി മിനാതിയുടെ കുടുംബത്തോടൊപ്പം ബുദ്ധനുണ്ട്. അദ്ദേഹമാണ് കോമളിനെ കോളേജിൽ കൊണ്ടുപോയി വിട്ടിരുന്നത്. തന്റെ കുടുംബത്തിന് വേണ്ടി ജീവിച്ച ബുദ്ധന് അർഹമായ  പ്രതിഫലം നൽകണമെന്ന് വൃദ്ധ ആഗ്രഹിക്കുന്നു. ബുദ്ധയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളും, മാതാപിതാക്കളുമുണ്ട്. മിനാതി ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് ബുദ്ധ റിക്ഷ വലിക്കുന്ന ജോലി ഉപേക്ഷിച്ചു. അവളുടെ അഭ്യർത്ഥന പ്രകാരം നാല് മാസം മുമ്പ് അദ്ദേഹം ഭാര്യക്കും കുട്ടികൾക്കുമൊപ്പം മിനാതിയുടെ വീട്ടിലേക്ക് താമസം മാറി.

"ഞങ്ങൾ മിനാതിയെ സ്വന്തം അമ്മയായിട്ടാണ് കണ്ടിട്ടുള്ളത്. ഞാനും എന്റെ ഭർത്താവും എന്റെ കുട്ടികളും എല്ലാവരും അമ്മയുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്" ബുദ്ധ സമാലിന്റെ ഭാര്യ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അതേസമയം തനിക്ക് ഇത് സ്വീകരിക്കാൻ മടിയുണ്ടായിരുന്നെന്നും, എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നെന്നും ബുദ്ധ പറഞ്ഞു. ഇനിയും കൂട്ടായി തങ്ങൾ അമ്മക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

click me!