'കൊച്ചുമക്കൾ എന്നെ കാണുമ്പോൾ ഭയപ്പെടരുതേ എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന', ഒരു കുഷ്ഠരോ​ഗിയുടെ ജീവിതം

Published : Feb 16, 2022, 01:19 PM IST
'കൊച്ചുമക്കൾ എന്നെ കാണുമ്പോൾ ഭയപ്പെടരുതേ എന്നതാണ് ഏറ്റവും വലിയ പ്രാർത്ഥന', ഒരു കുഷ്ഠരോ​ഗിയുടെ ജീവിതം

Synopsis

കുഷ്ഠരോഗിയായതിനാൽ ആരും എന്നെ നോക്കാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ എന്നെ കാണുമ്പോൾ വല്ലാതെ അസ്വസ്ഥരാകും. പിന്നെങ്ങനെ അവരെന്നെ ദയയോടെ കാണുകയും പണം തരികയും ചെയ്യും? 

ലോകത്തിൽ പലരും പലതരം ജീവിതമാണ് ജീവിക്കുന്നത്. ചിലതൊന്നും നമുക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. ഇവി‌ടെ ലെപ്രസി കോളനിയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ ജീവിതം പറയുകയാണ്. 

എന്റെ പേര് സുനിത (പേര് സാങ്കൽപികം), എനിക്ക് 63 വയസ്സായി. ഞാൻ ഇപ്പോൾ 30 വർഷത്തിലേറെയായി കുഷ്ഠരോ​ഗികൾക്കുള്ള കോളനി(Leprosy Colony)യിൽ താമസിക്കുന്നു. 90 -കളുടെ തുടക്കത്തിലാണ് എന്റെ വിവാഹം കഴിയുന്നത്. അന്ന് ഞാനും ഭർത്താവും കുടുംബത്തിൽ നിന്നും പുറത്താക്കപ്പെട്ടു. ആ സമയത്ത്, കുഷ്ഠരോഗികൾക്കുള്ള ചികിത്സ ഡൽഹി(Delhi)യിൽ വന്നിട്ടുണ്ടെന്ന് ഞങ്ങളറിഞ്ഞു. സർക്കാർ സൗജന്യമായി രോഗനിർണയം നടത്തുന്നുമുണ്ടായിരുന്നു. 

1992 -ൽ, ചികിത്സയ്ക്കായി ഞങ്ങൾ ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദ് (ഇപ്പോൾ തെലങ്കാനയിലാണ്) വിട്ട് ഡൽഹിയിലെത്തി. എന്നിരുന്നാലും, ഞങ്ങൾ തലസ്ഥാന നഗരിയിൽ എത്തിയപ്പോഴേക്കും രോഗം എന്റെ ഞരമ്പുകളെ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയിരുന്നു. ആന്ധ്രയിൽ നിന്നുള്ള ഒരു പഴയ സുഹൃത്ത് ഞങ്ങളെ കോളനിയിലേക്ക് നയിച്ചു. തുടക്കത്തിൽ, ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. എന്നാൽ, വർഷങ്ങളായി നല്ല പേര് നിലനിർത്തുന്ന ആ കമ്മ്യൂണിറ്റിയെ വിശ്വസിക്കാൻ ഞങ്ങൾ തീരുമാനിച്ചു. രോഗനിർണയത്തിന് ശേഷം ആദ്യമായി, കുഷ്ഠരോഗിയല്ല, ഒരു മനുഷ്യനാണെന്ന് എനിക്ക് തോന്നി. എന്നെ സംബന്ധിച്ചിടത്തോളം അത് സ്വാതന്ത്ര്യത്തേക്കാൾ മധുരമായിരുന്നു. എന്നിരുന്നാലും, ഈ സ്വാതന്ത്ര്യം ഹ്രസ്വകാലമായിരുന്നു. 

1994 -ൽ സർക്കാർ കുഷ്ഠരോഗ പെൻഷൻ പ്രഖ്യാപിക്കുമ്പോൾ ഞാൻ രജിസ്റ്റർ ചെയ്ത രോഗിയായിരുന്നില്ല. എനിക്ക് പെൻഷൻ ആനുകൂല്യങ്ങൾ നഷ്‌ടമായി. ഈ സമയത്ത് എന്റെ ഭർത്താവ് ഞങ്ങളുടെ കുടുംബത്തെ നിലനിർത്തി. രണ്ട് പെണ്മക്കളും സെക്കന്തരാബാദിലെ നല്ല രണ്ട് കുടുംബങ്ങളിലേക്ക് വിവാഹിതരായി പോയി. അതിനുപിന്നാലെ എന്റെ ഭർത്താവ് മരിച്ചു. പക്ഷേ, കമ്മ്യൂണിറ്റിയിലെ 135 അംഗങ്ങൾ എന്നെ ഏകാന്തത അനുഭവിക്കാനേ അനുവദിച്ചില്ല. അദ്ദേഹത്തെച്ചൊല്ലി വിലപിക്കാൻ പോലും സമയമില്ലായിരുന്നു എനിക്ക്. 

സ്ഥിരമായ വൈകല്യങ്ങളുള്ള ഒരു കുഷ്ഠരോഗി എന്ന നിലയിൽ, ആരും എനിക്ക് ജോലി തന്നിരുന്നില്ല. ഭക്ഷണം എനിക്കൊരു പ്രശ്നമായിരുന്നില്ല. ജീവിതകാലം മുഴുവൻ നിങ്ങൾ ദരിദ്രനായിരിക്കുമ്പോൾ, നിങ്ങളുടെ വിഭവങ്ങൾക്കനുസരിച്ച് നിങ്ങളുടെ വിശപ്പ് ക്രമീകരിക്കുന്ന അവസ്ഥ വരും. അൾസറിനും മറ്റുമുള്ള മരുന്നിനുള്ള ചെലവായിരുന്നു യഥാർത്ഥ പ്രശ്നം. 

എന്റെ അയൽക്കാരിലൊരാളായ ലത കോളനിയിൽ ജനിച്ചു വളർന്നയാളാണ്. അവർ ഒരു കുഷ്ഠരോഗിയായി രജിസ്റ്റർ ചെയ്യാൻ എന്നെ സഹായിച്ചു, അതിനാൽ എനിക്ക് ശരിയായ പെൻഷൻ ലഭിക്കുമായിരുന്നു. പക്ഷേ, അത് പ്രയോജനപ്പെട്ടില്ല. ഇന്ത്യയിൽ നിന്ന് കുഷ്ഠരോഗം പൂർണമായി തുടച്ചുനീക്കപ്പെട്ടതായി സർക്കാർ പ്രഖ്യാപിച്ചതിനാൽ, എനിക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ യാചിക്കാൻ തുടങ്ങേണ്ടി വന്നു. 

കുഷ്ഠരോഗിയായതിനാൽ ആരും എന്നെ നോക്കാൻ ആഗ്രഹിക്കുന്നില്ല. ആളുകൾ എന്നെ കാണുമ്പോൾ വല്ലാതെ അസ്വസ്ഥരാകും. പിന്നെങ്ങനെ അവരെന്നെ ദയയോടെ കാണുകയും പണം തരികയും ചെയ്യും? എല്ലാ ദിവസവും, എന്റെ പെൺമക്കൾ അവരെ സന്ദർശിക്കാൻ ടിക്കറ്റ് അയയ്‌ക്കുന്നതിനായി ഞാൻ കാത്തിരിക്കുന്നു. എല്ലാ വർഷവും ഒരു തവണ ഞാൻ അവരെ സന്ദർശിക്കാറുണ്ട്, പക്ഷേ കൊവിഡ്-19 കാരണം രണ്ട് വർഷമായി എന്റെ പെൺമക്കളെയും കൊച്ചുമക്കളെയും ഞാൻ കണ്ടിട്ട്. 

എല്ലാ ദിവസവും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു; എന്റെ കൊച്ചുമക്കൾ എന്നെ നോക്കുമ്പോൾ ഭയപ്പെടരുതേ എന്ന്. രണ്ട് വർഷത്തിന് ശേഷം എന്നെ കാണുമ്പോൾ കോളനിക്ക് പുറത്ത് നിന്നുള്ള ആളുകൾ എന്നെ നോക്കുന്നത് പോലെയാവില്ല അവരെന്നെ നോക്കിക്കാണുന്നത് എന്നും ഞാൻ പ്രതീക്ഷിക്കുകയാണ്. 

(കടപ്പാട്: യുവർ സ്റ്റോറി)

PREV
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി