കുഞ്ഞിനെപ്പോലെ നോക്കി, എല്ലാ സങ്കടങ്ങളും പങ്കുവച്ചു, കാറിടിച്ച് ജീവൻ നഷ്ടപ്പെട്ട താറാവ്, റോഡരികിൽ പൊട്ടിക്കരഞ്ഞ് വൃദ്ധ

Published : Nov 15, 2025, 01:13 PM IST
duck

Synopsis

ആ സ്ത്രീ പലപ്പോഴും തന്റെ സങ്കടമെല്ലാം പങ്കുവെച്ചിരുന്നത് ആ താറാവിനോടായിരുന്നു. കാലക്രമേണ, അവരുടെ ബന്ധം വളരെ ശക്തമായി, സ്ത്രീക്ക് താറാവിനെ പിരിയാൻ പോലും പറ്റാത്തത്രയും ദൃഢമായിരുന്നു ആ നിഷ്കളങ്ക സ്നേഹം.

താൻ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തിയിരുന്ന പ്രിയപ്പെട്ട താറാവിനെ വണ്ടിയിടിച്ച് കൊന്നതിന് പിന്നാലെ റോഡരികിലിരുന്ന് കരയുന്ന ഒരു പ്രായമായ സ്ത്രീയാണ് ഇപ്പോൾ ചൈനയിൽ സോഷ്യൽ മീഡിയയിൽ‌ ചർച്ചയായി മാറുന്നത്. കഴിഞ്ഞ നാല് വർഷമായി സ്ത്രീ ഈ താറാവിനെ പോറ്റുന്നുണ്ടെന്ന് ഇവരുടെ അയൽക്കാരനായ ചെൻ പറയുന്നു. ഭർത്താവിന് കാൻസറിന് ചികിത്സ തുടങ്ങിയ ശേഷമാണ് അവർ താറാവിനെ വളർത്താൻ തുടങ്ങിയത്. താറാവ് തന്റെ ഭർത്താവിന് അനുഗ്രഹം നൽകുമെന്നും വീട്ടിലേക്ക് ഭാ​ഗ്യം കൊണ്ടുവരുമെന്നും ആ സ്ത്രീ വിശ്വസിച്ചു.

ഭർത്താവ് ഓരോ തവണ കീമോതെറാപ്പിക്ക് പോകുമ്പോഴും അവർ താറാവിനോട് 'എല്ലാം നന്നായി വരുമോ' എന്ന് ചോദിക്കും. അപ്പോൾ താറാവ് തലയാട്ടും, അതിനെ താറാവിന്റെ അതേ എന്ന മറുപടിയായിട്ടാണ് സ്ത്രീ കണ്ടിരുന്നത്. എന്തായാലും, അവരുടെ ഭർത്താവിന്റെ ചികിത്സ വിജയകരമായിരുന്നു. ദമ്പതികൾക്ക് ഒരു മകനാണുള്ളത്. അവന്റെ കുടുംബ സാഹചര്യവും വളരെ ബുദ്ധിമുട്ടാണെന്നും ചെൻ പറയുന്നു. ആ സ്ത്രീ പലപ്പോഴും തന്റെ സങ്കടമെല്ലാം പങ്കുവെച്ചിരുന്നത് ആ താറാവിനോടായിരുന്നു. കാലക്രമേണ, അവരുടെ ബന്ധം വളരെ ശക്തമായി, സ്ത്രീക്ക് താറാവിനെ പിരിയാൻ പോലും പറ്റാത്തത്രയും ദൃഢമായിരുന്നു ആ നിഷ്കളങ്ക സ്നേഹം.

തുടക്കത്തിൽ, താറാവ് താമസസ്ഥലം വൃത്തികേടാക്കുന്നുവെന്ന് ചില അയൽക്കാർ പരാതിപ്പെട്ടിരുന്നു. എന്നാൽ പിന്നീട്, ആ സ്ത്രീ താറാവിനെ വളരെ നന്നായി നോക്കുന്നുണ്ട് എന്ന് അവർക്ക് മനസിലായി. നാട്ടുകാരും ക്രമേണ താറാവിനെ സ്വീകരിച്ചു. ഒരു അയൽക്കാരൻ പറഞ്ഞത്, ആ സ്ത്രീ സ്വന്തം കുഞ്ഞിനെപ്പോലെയാണ് താറാവിനെ പരിപാലിച്ചത് എന്നാണ്. എന്നാൽ, ഒരു ദിവസം പെട്ടെന്ന് താറാവിനെ കാണാതായി. സ്ത്രീ അതിനെ തിരഞ്ഞിറങ്ങി. പക്ഷേ, റോഡിൽ കണ്ടെത്തുമ്പോഴേക്കും അതൊരു കാറിടിച്ച് ജീവൻ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഉത്തരവാദിയായ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പക്ഷേ പിന്നീട് ട്രാഫിക് പോലീസ് ഇയാളെ പിടികൂടി. നഷ്ടപരിഹാരം സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ, കുഞ്ഞിനെ പോലെ പരിപാലിച്ച താറാവിനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും കരകയറാനാവാതെ നിൽക്കുകയാണത്രെ ആ സ്ത്രീ.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?