ഒരു ഹെലികോപ്റ്ററും ലൈസൻസും വേണം, പ്രസിഡണ്ടിന് കർഷകയുടെ കത്ത്, കാരണം...

By Web TeamFirst Published Feb 16, 2021, 4:10 PM IST
Highlights

കൃഷിയിടത്തേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുന്നതിന് ഒരു ഹെലികോപ്റ്ററും, പറക്കാനുള്ള ലൈസൻസും വാങ്ങാൻ സഹായിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്.

മധ്യപ്രദേശിലെ അഗർ ഗ്രാമത്തിലുള്ള ഒരു പാവപ്പെട്ട കർഷകയാണ് ബസന്തി ഭായ് ലോഹർ. കഴിഞ്ഞ ദിവസം വളരെ വിചിത്രമായ ഒരു ആവശ്യവുമായി അവർ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് ഒരു കത്ത് എഴുതി. ഒരു ഹെലികോപ്റ്ററും, അത് ഓടിക്കാനുള്ള ലൈസൻസും സ്വന്തമാക്കുന്നതിന് ഒരു വായ്പ അനുവദിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അവരുടെ ഈ ആവശ്യം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും, ഇത്തരമൊരു കത്തെഴുതാൻ അവരെ പ്രേരിപ്പിച്ച കാരണം കേട്ടാൽ ആരുടേയും ഹൃദയം അലിഞ്ഞു പോകും.

സീ ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഒരു പുരുഷനും അയാളുടെ രണ്ട് ആൺമക്കളും ചേർന്ന് ബസന്തിയുടെ കൃഷിസ്ഥലത്തേയ്ക്കുള്ള വഴി തടഞ്ഞതിനെ തുടർന്നാണ് അവർ ഇത്തരമൊരു ആവശ്യവുമായി പ്രസിഡന്റിനെ സമീപിച്ചത് എന്നാണ്. കൃഷിക്കാരനായ പർമാനന്ദ് പട്ടിദറും അയാളുടെ രണ്ട് മക്കളായ ലവ്, കുഷ് എന്നിവരുമാണ് ബസന്തിയുടെ കൃഷിഭൂമിയിലേക്കുള്ള വഴി തടഞ്ഞത്. ഇപ്പോൾ, സ്വന്തം ഭൂമിയിൽ പോയി കൃഷി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ് അവർ. സംഭവങ്ങളിൽ ദുഃഖിതയായ അവർ അധികാരികളുടെ വാതിലിൽ പല വട്ടം മുട്ടി. ആരും അവരുടെ പരാതി ചെവികൊണ്ടില്ല.  

“യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്ന് അവർ നിസ്സഹായയായി. അധികാരികൾക്ക് ഒരു കത്ത് എഴുതാൻ ഞങ്ങൾ തീരുമാനിച്ചു. വഴി തടഞ്ഞാൽ പിന്നെ എങ്ങനെ കൃഷി ഭൂമിയിൽ എത്തുമെന്ന് കത്ത് എഴുതാൻ സഹായിച്ച ടൈപ്പിസ്റ്റ് അവരോട് ചോദിച്ചു. റോഡിലെ തടസ്സം മാറ്റാൻ അധികാരികൾ എന്നെ സഹായിക്കുന്നില്ലെങ്കിൽ, യാത്ര ചെയ്യാൻ എനിക്ക് ഒരു ഹെലികോപ്റ്റർ നൽകാൻ അവരോട് പറ എന്നവർ മറുപടിയും പറഞ്ഞു" ബസന്തിയുടെ ബന്ധുക്കളിലൊരാളായ വിൻടോ പറഞ്ഞു. അതാണ് അത്തരമൊരു കത്ത് എഴുതാൻ പ്രേരണയായത്. “എനിക്ക് ഗ്രാമത്തിൽ ഒരു തുണ്ട് ഭൂമിയുണ്ട്. അതിൽ കൃഷി ചെയ്താണ് ഞാൻ കുടുംബത്തെ പോറ്റുന്നത്. എന്നാൽ, അടുത്തിടെ ഗ്രാമത്തിലെ ചട്ടമ്പി പർമാനന്ദ് പട്ടിദറും മക്കളും കൃഷി സ്ഥലത്തേയ്ക്കുള്ള വഴി തടഞ്ഞു” യുവതി രാഷ്ട്രപതിക്ക് അയച്ച കത്തിൽ പറഞ്ഞു.

കൃഷിയിടത്തേയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുന്നതിന് ഒരു ഹെലികോപ്റ്ററും, പറക്കാനുള്ള ലൈസൻസും വാങ്ങാൻ സഹായിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കത്ത് അവസാനിക്കുന്നത്. എന്നാൽ, ഈ കത്ത് വൈറലായശേഷം എം‌എൽ‌എ യശ്പാൽ സിംഗ് ബസന്തിയെ സഹായിക്കുമെന്ന് ഉറപ്പ് നൽകി. “അവർക്ക് കൃഷി ഭൂമിയിൽ എത്താൻ കഴിയുന്നില്ല എന്ന പ്രശ്നം ഞാൻ തീർച്ചയായും പരിഹരിക്കും, അത് പക്ഷേ അവർക്ക് ഒരു ഹെലികോപ്റ്റർ വാങ്ങി കൊടുത്തല്ല” അദ്ദേഹം പറഞ്ഞു. 

 

click me!