
ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന പല വീഡിയോകളും കാണുമ്പോൾ ഇത് ശരിക്കും ഉള്ളതാണോ അതോ വൈറലായി മാറാൻ വേണ്ടി മനപ്പൂർവം സൃഷ്ടിച്ചിരിക്കുന്നതാണോ എന്ന സംശയം ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയുടെ പേരിൽ വിമർശനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് ഒരു കണ്ടന്റ് ക്രിയേറ്റർ. സിംഗപ്പൂരിൽ ജീവിക്കുന്ന കൊറിയക്കാരിയായ മിയ എന്ന യുവതി ടിക്ടോക്കിൽ ഷെയർ ചെയ്ത വീഡിയോയ്ക്കെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. വിമാനത്തിൽ കയറിയ മിയ പേടിച്ചതായും പരിഭ്രമിച്ചതായും വിമാനം പറന്നുപൊങ്ങുമ്പോൾ പാനിക് അറ്റാക്ക് വരുന്നതുപോലെ നിലവിളിക്കുന്നതായിട്ടുമാണ് വീഡിയോയിൽ കാണുന്നത്.
എന്നാൽ, ഇത്രയധികം പേടിച്ചിരിക്കുന്ന ഒരാൾ എങ്ങനെയാണ് ആ സമയത്ത് കൃത്യമായി ക്യാമറ വയ്ക്കുകയും ഇത് പകർത്തുകയും ചെയ്തത് എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ കയറി അത് പറന്നുപൊങ്ങുമ്പോൾ ശരിക്കും ആങ്സൈറ്റിയും ഭയവുമുള്ള ഒരാൾക്ക് അത് ചെയ്യാൻ സാധിക്കില്ല എന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ, ഈ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി പിന്നീട് മിയ തന്നെ മുന്നോട്ട് വരികയായിരുന്നു. തനിക്ക് മുമ്പ് ഒരു വിമാനയാത്രയിലുണ്ടായ മോശം അനുഭവമാണ് ഇത്തരമൊരു അവസ്ഥയിൽ തന്നെ എത്തിച്ചത് എന്നും അവൾ പറയുന്നു.
2024 -ൽ SQ321വിമാനത്തിലെ യാത്രക്കാരിയായിരുന്നു താൻ. അന്നുണ്ടായൊരു ടർബുലൻസിൽ (ആകാശച്ചുഴി) ഒരു യാത്രക്കാരൻ മരിക്കുകയും അനേകങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് ആ സംഭവത്തിൽ തനിക്കും പരിക്കേറ്റിരുന്നു. തന്റെ നട്ടെല്ലിന് പരിക്കു പറ്റി. ആ അനുഭവമാണ് വിമാനയാത്ര പേടിപ്പിക്കുന്ന അനുഭവമായി മാറാൻ കാരണമായത് എന്നും മിയ പറയുന്നു. താൻ സാധാരണയായി ആങ്സൈറ്റിക്കുള്ള മരുന്ന് എടുത്ത ശേഷമാണ് വിമാനത്തിൽ കയറാറുള്ളത്. എന്നാൽ, ഇപ്പോള്‍ വൈറലായിരിക്കുന്ന, വിമർശനങ്ങളേറ്റു വാങ്ങേണ്ടി വന്ന വീഡിയോ ഷൂട്ട് ചെയ്ത ദിവസം മരുന്ന് എടുത്തിരുന്നില്ല അതാണ് പരിഭ്രമത്തിന് കാരണമായത് എന്നും അവൾ പറഞ്ഞു. ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റിയ വീഡിയോയാണ് പോസ്റ്റ് ചെയ്തത് അതിനാലാവാം അത് ഇല്ലാത്ത അനുഭവമായി തോന്നിയത് എന്നും അവൾ വിശദീകരിച്ചു.