
ചൈനയിലെ ഗാൻസു പ്രവിശ്യയിലുള്ള ലാൻഷൗവിൽ നിന്നുള്ള കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു യുവതി വരുത്തിയ ചെറിയൊരു അശ്രദ്ധ കാരണം ഒരു അപ്പാർട്ട്മെന്റ് സമുച്ചയം മുഴുവൻ ഒറ്റരാത്രികൊണ്ട് മഞ്ഞുപാളികളാൽ മൂടി ഒരു ഐസ് സ്കേറ്റിംഗ് റിങ്ക് പോലെയായി മാറി.
സംഭവം ഇങ്ങനെ, 'വാങ്' എന്ന് പേരുള്ള യുവതിയാണ് ഈ അബദ്ധം വരുത്തിയത്. രാത്രി കുളികഴിഞ്ഞ് തന്റെ വീട്ടിലെ സോളാർ വാട്ടർ ഹീറ്ററിന്റെ ടാപ്പ് അടയ്ക്കാൻ അവർ മറന്നുപോയി. ഏകദേശം ഒമ്പത് മണിക്കൂറോളമാണ് ടെറസിലെ ടാങ്കിൽ നിന്നും വെള്ളം തുടർച്ചയായി പുറത്തേക്ക് ഒഴുകിയത്. ലാൻഷൗവിൽ അന്ന് താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നിരിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ഒഴുകിയ വെള്ളം കഠിനമായ തണുപ്പിൽ പെട്ടെന്നുതന്നെ ഉറയുകയും ഐസ് ആയി മാറുകയും ചെയ്തു.
രാവിലെ ആറുമണിയോടെ വ്യായാമത്തിനായി എഴുന്നേറ്റ വാങ്ങിന്റെ പിതാവാണ് റോഡ് മുഴുവൻ ഐസ് മൂടിക്കിടക്കുന്നത് ആദ്യം കണ്ടത്. ആരോ വെള്ളം തുറന്നുവിട്ടതാണെന്ന് കരുതിയ അദ്ദേഹം, പിന്നീട് പരിശോധിച്ചപ്പോഴാണ് അത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ വാങ്ങിന്റെ കുടുംബം ഉടൻ തന്നെ പരിഹാര നടപടികൾ ആരംഭിച്ചു. ഐസ് വേഗത്തിൽ ഉരുക്കിക്കളയാനായി വാങ്ങിന്റെ അമ്മ അടുത്തുള്ള കടകളിലെ ഉപ്പ് മുഴുവനായി വാങ്ങി റോഡിൽ വിതറി. വാങ്ങും പിതാവും അപ്പാർട്ട്മെന്റിലെ ജീവനക്കാരും ചേർന്ന് ഐസ് നീക്കം ചെയ്യാനും രംഗത്തിറങ്ങി. ഭാഗ്യവശാൽ ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചില്ല.
യുവതി തന്റെ വീഡിയോയിലൂടെ അയൽക്കാരോട് വീണ്ടും ക്ഷമ ചോദിച്ചു: "ഞങ്ങൾ കാരണം ആ പ്രദേശത്തെ ഉപ്പ് മുഴുവൻ തീർന്നുപോയി. ആർക്കെങ്കിലും ഇന്ന് രാവിലെ ഉപ്പ് വാങ്ങാൻ കഴിയാതെ വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഉണ്ടായ നാണക്കേട് കാരണം അച്ഛൻ എന്നെ ഭയങ്കരമായി വഴക്കുപറഞ്ഞു" എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ വാങ് പറയുന്നത്.