
ഓരോ ദിവസവും ലക്ഷങ്ങളുടെ തട്ടിപ്പാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. പലതരം കാര്യങ്ങൾ പറഞ്ഞ് ആളുകളിൽ നിന്നും പണം തട്ടുന്ന സംഘങ്ങൾ അനവധിയാണ്. പലതിലും പ്രതികളെ പിടികൂടാൻ പോലും സാധിക്കാറില്ല. അതുപോലെ, ബംഗളൂരുവിൽ രണ്ട് സ്ത്രീകൾക്ക് കൂടി നഷ്ടപ്പെട്ടത് 6.6 ലക്ഷം രൂപയാണ്.
നമുക്കറിയാം, ദിവസേന വർക്ക് ഫ്രം ഹോമിലൂടെ പണം സമ്പാദിക്കാം എന്ന പേരിൽ അനേകം പരസ്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ചിലതെല്ലാം സത്യസന്ധമാണ് എങ്കിൽ ചിലത് വെറും തട്ടിപ്പായിരിക്കും. വർക്ക് ഫ്രം ഹോമിലൂടെ പണം സമ്പാദിക്കാം എന്ന തട്ടിപ്പിൽ തന്നെയാണ് ഈ രണ്ട് സ്ത്രീകളും കുടുങ്ങിയത്.
പണം നഷ്ടപ്പെട്ട ആദ്യത്തെയാൾ ഒരു 32 -കാരിയാണ്. ഒരു സ്വകാര്യ കമ്പനിയിൽ ഹ്യുമൻ റിസോഴ്സ് മാനേജറായി ജോലി ചെയ്യുകയാണ്. കൊവിഡിന് ശേഷം പലരുടെയും ജോലിസമയത്തിലും രീതിയിലും ഒക്കെ മാറ്റം വന്നിട്ടുണ്ട്. അതിനാൽ തന്നെ ഒരു അധിക വരുമാനം എന്ന നിലയിൽ പലരും ഇത്തരം വർക്ക് ഫ്രം ഹോം ഓഫറുകൾ സ്വീകരിക്കാറുണ്ട്.
അതുപോലെ ഈ സ്ത്രീയും വർക്ക് ഫ്രം ഹോം ഓഫർ ചെയ്ത് കൊണ്ടുവന്ന മെസേജിന് മറുപടി അയച്ചു. ജോലി നൽകുന്ന ആരും ചെയ്യുന്നത് പോലെ തന്നെ ഡോക്യുമെന്റുകളും മറ്റും അയച്ച് നൽകാനും മറ്റും മറുവശത്തുള്ളയാൾ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട്, അയ്യായിരം രൂപ ഇടുമ്പോൾ 7000 രൂപ യുവതിക്ക് കിട്ടും എന്നും അറിയിച്ചു. അതിൽ വീണുപോയ യുവതി അങ്ങനെ അയച്ചുകൊടുത്തത് ആറ് ലക്ഷം രൂപയാണ്. പിന്നീടാണ്, ആറ് ലക്ഷവും നഷ്ടപ്പെട്ടു എന്ന് യുവതിക്ക് മനസിലാകുന്നത്.
പറ്റിക്കപ്പെട്ടവരിൽ രണ്ടാമത്തെ സ്ത്രീ ഒരു വീട്ടമ്മയായിരുന്നു. അവർക്ക് വർക്ക് ഫ്രം ഹോം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് 67,000 രൂപയാണ്. ആദ്യം അവരോട് ആവശ്യപ്പെട്ടത് ചില റിവ്യൂ ഒക്കെ ചെയ്യാനാണ്. അത് കഴിഞ്ഞപ്പോൾ ആയിരം രൂപ നൽകുകയും ചെയ്തു. എന്നാൽ, പിന്നീട് അവർ കൂടുതൽ റിവ്യൂ അയച്ച് നൽകുകയും 67,000 രൂപ ഡെപ്പോസിറ്റ് അടക്കാൻ പറയുകയും ചെയ്തു. സ്ത്രീ അത് അടച്ചതോടെ പിന്നെ അവരിൽ നിന്നും വിവരങ്ങളൊന്നും ഇല്ലാതെയായി. അതോടെയാണ് സ്ത്രീക്ക് താൻ പറ്റിക്കപ്പെട്ടതായി മനസിലാവുന്നത്.
ഓരോ ദിവസവും ഇതുപോലെയുള്ള അനേകം തട്ടിപ്പാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതുകൊണ്ട്, എളുപ്പത്തിൽ പണമുണ്ടാക്കാം എന്ന വ്യാമോഹവുമായി ഉള്ള പണം കൂടി കളയരുത്.