പാമ്പുകടിയേറ്റവർക്കും, മനസ്സിന്റെ നില മാറിയവർക്കും അഭയമായ മനുഷ്യൻ; ഹരിദാസ് ഡോക്ടറെ കുറിച്ച് ഷാജി കുമാർ

Published : May 13, 2025, 02:39 PM IST
പാമ്പുകടിയേറ്റവർക്കും, മനസ്സിന്റെ നില മാറിയവർക്കും അഭയമായ മനുഷ്യൻ; ഹരിദാസ് ഡോക്ടറെ കുറിച്ച് ഷാജി കുമാർ

Synopsis

മുന്നില്‍ വന്ന മനുഷ്യന്റെ ഭാവങ്ങളില്‍ നിന്ന് മരണമെത്തിയത് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയുമായിരുന്നു. എവിടെയും കൊണ്ടുപോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിയുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ കാണിക്കാന്‍ പറയും. മംഗലാപുരത്തെ വലിയ ആശുപത്രികളില്‍ വെറുതെ അഡ്മിറ്റാക്കി ആളുകള്‍ കടത്തില്‍ മുങ്ങരുതെന്ന് ഡോക്ടര്‍ ആഗ്രഹിച്ചിരുന്നു.

കഴിഞ്ഞ ദിവസം നീലേശ്വരത്ത് അന്തരിച്ച പ്രമുഖ വിഷചികിത്സാവിദഗ്ധൻ ഡോ. ഹരിദാസ് വേർക്കോട്ടിനെ ഓർമ്മിച്ച് എഴുത്തുകാരനായ പി.വി ഷാജി കുമാർ. തന്റെ നോവലായ മരണവംശത്തിലെ കൃഷ്ദാസ് ഡോക്ടറുണ്ടാവുന്നത് ഹരിദാസ് ഡോക്ടറില്‍ നിന്നാണ് എന്നും എഴുത്തുകാരൻ കുറിക്കുന്നു. 

'എല്ലാ അസുഖങ്ങള്‍ക്കും ഡോക്ടര്‍ക്ക് മരുന്നുണ്ടായിരുന്നു. എത്തിയതിലേറെയും പാമ്പ് കടിയേറ്റവര്‍. കാട്ടുവഴികളില്‍ നിന്നും പറമ്പുകളില്‍ നിന്നും കുന്നിന്‍പുറങ്ങളില്‍ നിന്നും അടുക്കളകളില്‍ നിന്നും മരണത്തിന്റെ കൊത്തേറ്റവര്‍ കടിച്ച പാമ്പിനെയും കൊണ്ടോ അല്ലാതെയോ ഡോക്ടറുടെ അടുത്തെത്തും. കടിയുടെ ആഴം നോക്കി കടിച്ച പാമ്പിനെയും കടിച്ച സമയവും ഉള്ളിലേറിയ വിഷത്തിന്റെ ആഴവും ഡോക്ടര്‍ പിടിച്ചെടുക്കും,  പത്തിവിടർത്താൻ ശ്രമിച്ച മരണം ഡോക്ടര്‍ക്ക് മുന്നില്‍ പത്തിതാഴ്ത്തു'മെന്നാണ് ഷാജി കുമാർ എഴുതുന്നത്. 

കുറിപ്പ് വായിക്കാം: 

ഹരിദാസ് ഡോക്ടര്‍ ഓര്‍മയായെന്നറിയുന്നത് നാട്ടിലെ ക്ലബ്ബായ റെഡ്‌സ്റ്റാര്‍ കീക്കാങ്കോട്ടിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നാണ്. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഡോക്ടറുടെ ഫോട്ടോ നോക്കിയിരിക്കവെ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായി മനസ്സില്‍ തെളിഞ്ഞു, നാഡി പിടിച്ച് മരണത്തിന്റെ വരവറിയുന്ന മഹാവൈദ്യര്‍..!

പാലക്കാട്ടെ കോങ്കോട്ട് നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം കഴിഞ്ഞ് ഡോക്ടര്‍ ചികില്‍സ തുടങ്ങിയത് എന്റെ നാട്ടിലായിരുന്നു. പിന്നെ ചിറപ്പുറത്തെ ചെറിയൊരു മുറിയില്‍ ക്ലിനിക്ക് തുടങ്ങി.

എല്ലാ അസുഖങ്ങള്‍ക്കും ഡോക്ടര്‍ക്ക് മരുന്നുണ്ടായിരുന്നു. എത്തിയതിലേറെയും പാമ്പ് കടിയേറ്റവര്‍. കാട്ടുവഴികളില്‍ നിന്നും പറമ്പുകളില്‍ നിന്നും കുന്നിന്‍പുറങ്ങളില്‍ നിന്നും അടുക്കളകളില്‍ നിന്നും മരണത്തിന്റെ കൊത്തേറ്റവര്‍ കടിച്ച പാമ്പിനെയും കൊണ്ടോ അല്ലാതെയോ ഡോക്ടറുടെ അടുത്തെത്തും. കടിയുടെ ആഴം നോക്കി കടിച്ച പാമ്പിനെയും കടിച്ച സമയവും ഉള്ളിലേറിയ വിഷത്തിന്റെ ആഴവും ഡോക്ടര്‍ പിടിച്ചെടുക്കും,  പത്തിവിടർത്താൻ ശ്രമിച്ച മരണം ഡോക്ടര്‍ക്ക് മുന്നില്‍ പത്തിതാഴ്ത്തും. 

ഡോക്ടറുടെ വിഷവൈദ്യവൈഭവം ബിബിസിയില്‍ വരെ ഡോക്യുമെന്ററിയായി വന്നു. മനസ്സിന്റെ വൈദ്യര്‍ കൂടിയായിരുന്നു ഡോക്ടര്‍. മനസ്സിന്റെ നില മാറിയവര്‍ ഇരുട്ടടിച്ച് കേറിയ ഭാവത്തില്‍ ക്ലിനിക്കില്‍ ഇരിക്കുകയും നടക്കുകയും കരയുകയും ചെയ്യുന്ന കാഴ്ച സ്ഥിരമായിരുന്നു. പിടിച്ച പനിയുടെ പിടി വിടുവിക്കാന്‍ കുട്ടിക്കാലത്ത് ഡോക്ടറെ കാണാനെത്തിയപ്പോള്‍ ബെഞ്ചിലിരുന്നൊരാള്‍ ഒച്ചത്തില്‍ പറഞ്ഞത് മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല: എന്റെ പ്രാന്തെല്ലാം പോയീപ്പാ.. ഇപ്പൊ ഒലക്ക കൊണ്ടാന്ന് കോണകം കെട്ട്ന്നത്..!

മുന്നില്‍ വന്ന മനുഷ്യന്റെ ഭാവങ്ങളില്‍ നിന്ന് മരണമെത്തിയത് മനസ്സിലാക്കാന്‍ ഡോക്ടര്‍ക്ക് കഴിയുമായിരുന്നു. എവിടെയും കൊണ്ടുപോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിയുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ കാണിക്കാന്‍ പറയും. മംഗലാപുരത്തെ വലിയ ആശുപത്രികളില്‍ വെറുതെ അഡ്മിറ്റാക്കി ആളുകള്‍ കടത്തില്‍ മുങ്ങരുതെന്ന് ഡോക്ടര്‍ ആഗ്രഹിച്ചിരുന്നു. എനിക്ക് ഷാജികുമാര്‍ എന്ന പേരിട്ടത് ഡോക്ടറായിരുന്നു, അച്ഛന്റെ സ്‌നേഹിതനായിരുന്നു. ചെറുപ്പത്തില്‍ എന്റെ അസുഖം കാണിക്കാനെത്തിയപ്പോള്‍ പേരെന്താണെന്ന് ഡോക്ടര്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ ഷാജിയെന്ന് പറഞ്ഞു. പ്രിസ്‌ക്രിപ്ഷനില്‍ ഡോക്ടര്‍ ഷാജിയിലേക്ക് കുമാര്‍ എന്ന് കൂട്ടിയെഴുതി. 

വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടറുടെ അനുഭവം കേട്ടുകൊണ്ട് ക്ലിനിക്കില്‍ ഇരിക്കവെ എഴുത്തിന്റെ അസുഖം എനിക്കുണ്ടെന്ന് മനസ്സിലായപ്പോള്‍ യൗവനകാലത്ത് താനെഴുതിയ കഥകളുടെ കാര്യങ്ങള്‍ എന്നോട് പറയുകയുണ്ടായി. എന്‍. പ്രഭാകരന്‍ മാഷിനൊപ്പം ദേശാഭിമാനി വാരികയില്‍ കഥകള്‍ വന്നതൊക്കെ ആവേശത്തോടെ ഡോക്ടര്‍ ഓര്‍ത്തെടുത്തു. വൈക്കം മുഹമ്മദ് ബഷീറിനെ കാണാന്‍ പോയതും ജി. അരവിന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള അടുപ്പവുമൊക്കെ വര്‍ത്തമാനത്തില്‍ നിറഞ്ഞു.
മരണവംശത്തിലെ കൃഷ്ദാസ് ഡോക്ടറുണ്ടാവുന്നത് ഹരിദാസ് ഡോക്ടറില്‍ നിന്ന്. കോഴിക്കോട് നിന്ന് ഏര്‍ക്കാനയിലേക്ക് വന്ന മനസ്സിന്റെ വൈദ്യര്‍. ക്ലിനിക്കില്‍ നിന്ന് കേട്ട വാക്കുകള്‍ ഞാന്‍ നോവലിലും ഓർമയിൽ നിന്ന് എഴുതിവെച്ചു: എന്റെ പ്രാന്തെല്ലാം പോയീപ്പാ.. ഇപ്പൊ ഒലക്ക കൊണ്ടാന്ന് കോണകം കെട്ട്ന്നത്..!

നാട്ടില്‍ നിന്ന് ബസ്സില്‍ നീലേശ്വരത്തേക്ക് പോകവെ ചിറപ്പുറത്തെത്തുമ്പോള്‍ എപ്പോഴും ഡോക്ടറുടെ ക്ലിനിക്കിലേക്ക് നോക്കും. രോഗികളും കൂടെ വന്നവരും കൂടിനില്‍ക്കുന്നുണ്ടാവും. അവരില്‍ നാട്ടുകാരുണ്ടാവും. പരിചയക്കാരുണ്ടാവും. ചിലര്‍ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ മരുന്ന് വാങ്ങുകയായിരിക്കും. ചിലര്‍ ചായക്കടയില്‍ ചായ കുടിക്കുന്നുണ്ടാവും. കാലം കഴിയവെ അസുഖവും പ്രായവും ഡോക്ടറുടെ ക്ലിനിക്കിലേക്കുള്ള വരവ് കുറച്ചു. മെഡിക്കല്‍ ഷോപ്പ് തുറക്കാതെയായി. ചായക്കടയും ഇല്ലാതെയായി. പിന്നെപ്പിന്നെ ഡോക്ടര്‍ ക്ലിനിക്കില്‍ വരാതെയായി. എന്നാലും വല്ലപ്പോഴുമൊരിക്കല്‍ ഏതെങ്കിലും മനുഷ്യന്‍ വ്യാധിയുടെ ആധി പിടിച്ച് ചിറപ്പുറത്ത് ബസ്സിറങ്ങുകയും ഡോക്ടറുടെ പേരെഴുതിവെച്ച ക്ലിനിക്കിന് മുന്നില്‍ ഡോക്ടറെയും കാത്തുനില്‍ക്കും. പതിയെപ്പതിയെ അതുമില്ലാതെയായി. ഡോക്ടറും രോഗികളുമൊഴിഞ്ഞ് ചിറപ്പുറത്തെ ക്ലിനിക്ക് ഒറ്റയായി.

സ്വയമൊരു വെളിച്ചമാവുകയെന്നത് മാത്രമാണ് ജീവിതത്തിന്റെ അര്‍ത്ഥം. ജീവിതം കൊണ്ട് വെളിച്ചമായി മാറിയ ഒരു മനുഷ്യന്‍ കൂടി യാത്രയാവുന്നു. പ്രിയ ഡോക്ടര്‍, ഹൃദയാദരപൂര്‍വ്വം വിട പറയുന്നു. നിങ്ങള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മനുഷ്യര്‍ ഓര്‍മയില്‍ തപിക്കുമ്പോള്‍ നിങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. അവരില്‍ നിന്ന് ആ കഥകള്‍ ഗാഥകളായി പിന്‍തലമുറയിലേക്ക് പടരും. മര്‍ത്ത്യന്‍ അമരനാകുന്നത് അങ്ങനെയാണല്ലോ...!

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ