
നഗരജീവിതത്തിലെ തിരക്കുകളിൽ നിന്നും ജോലി സമ്മർദ്ദങ്ങളിൽ നിന്നും ഒക്കെ മോചിതരായി എവിടെയെങ്കിലും പോയി ശാന്തവും സമാധാനവുമായി ജീവിക്കണം. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നമ്മിൽ പലരും അങ്ങനെ മോഹിച്ചിട്ടുണ്ടാവും. എന്നാൽ, അത് പ്രാവർത്തികമാക്കിയ ആളാണ് ഈ യുവതി. ചൈനയിൽ നിന്നുള്ള യു ലീ എന്ന യുവതിയാണ് തന്റെ ഇരുപത് വർഷത്തെ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച് ഒരു ദ്വീപിൽ ഏകാന്തജീവിതം തിരഞ്ഞെടുത്തത്.
ബെയ്ജിംഗിലെ ഒരു പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർ കമ്പനിയിൽ സീനിയർ മാനേജറായി ജോലി ചെയ്യുകയായിരുന്നു യു ലീ. വർഷത്തിൽ 300 ദിവസവും ജോലി സംബന്ധമായ യാത്രകൾ, ഓഫീസിലേക്കും തിരിച്ചുമുള്ള നാല് മണിക്കൂർ നീളുന്ന യാത്ര. ഇതെല്ലാം യു ലീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചുതുടങ്ങിയിരുന്നു. 'തനിക്ക് ശരിക്കും വേണ്ടത് ഇതാണോ' എന്ന ചിന്തയിൽ നിന്നാണ് തന്റെ ജീവിതം മാറ്റിമറിക്കാൻ അവൾ തീരുമാനിച്ചത്.
കിഴക്കൻ ചൈനയിലെ ഡോങ്‌ഷായ് എന്ന ജനവാസമില്ലാത്ത ദ്വീപിലാണ് ഇപ്പോൾ യു ലീ താമസിക്കുന്നത്. അവിടുത്തെ ഒരു മത്സ്യഫാമിലെ ക്വാളിറ്റി ഇൻസ്പെക്ടറായിട്ടാണ് ജോലി. മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുന്ന ഉപകരണങ്ങൾ പരിശോധിക്കുക, ജലത്തിന്റെ താപനിലയും തിരമാലകളുടെ ഗതിയും രേഖപ്പെടുത്തുക തുടങ്ങിയവയാണ് അവളുടെ ജോലി. ഏകദേശം 40,000 ഇന്ത്യൻ രൂപ (3,000 യുവാൻ) ആണ് അവളുടെ ശമ്പളം. രണ്ട് മാസത്തിൽ വെറും നാല് ദിവസം മാത്രമേ അവധിയുള്ളൂ.
ശമ്പളം കുറവാണെങ്കിലും നഗരത്തിലെ ബഹളങ്ങളില്ലാത്ത, പ്രകൃതിയോട് ചേർന്നുള്ള ഈ ജീവിതം തനിക്ക് നൽകുന്നത് വലിയ സമാധാനമാണെന്ന് യു ലീ പറയുന്നു. അപ്പോഴും വിജനമായ ദ്വീപിലെ ജീവിതം അത്രക്കങ്ങ് എളുപ്പമല്ലെന്നും യു ലീ സമ്മതിക്കുന്നുണ്ട്. താമസിക്കുന്ന വീടിന്റെ മേൽക്കൂരയിലൂടെ മഴവെള്ളം ഒലിച്ചിറങ്ങും. ശക്തമായ കാറ്റുള്ള ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ പോലും ബുദ്ധിമുട്ടാണ്. എലികളുടെ ശല്യവും മറ്റൊരു വെല്ലുവിളിയാണ്. അത്യാവശ്യ സാധനങ്ങൾ എത്തിച്ചുനൽകുന്ന കപ്പൽ വരുന്നത് വളരെ അപൂർവ്വമായാണ്.
എങ്കിലും ലഭിക്കുന്ന ഒഴിവുസമയങ്ങളിൽ പുസ്തകം വായിച്ചും, മീൻ പിടിച്ചും, സൂര്യാസ്തമയം കണ്ടും അവൾ ജീവിതം ആഘോഷിക്കുന്നു. 'ഇവിടെ ഞണ്ടുകൾക്കും കടൽ മീനുകൾക്കും ഒരു കുറവുമില്ല, എനിക്ക് കഴിക്കാൻ ആവശ്യമുള്ളതിലധികം അവ ഇവിടെയുണ്ട്' യു ലീ തന്റെ വീഡിയോയിൽ പറയുന്നു. 'ഈ ജീവിതാനുഭവം എന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഒന്നായിരിക്കും. ലളിതവും എന്നാൽ കഠിനവുമായ ഈ സാഹചര്യത്തിൽ ഞാൻ എന്റെ സ്വതന്ത്ര്യവും മനഃസമാധാനവും കണ്ടെത്തിക്കഴിഞ്ഞു' എന്നാണ് യു ലീ പറയുന്നത്.