ഇപിഎഫ്ഒ 2.01: പിഎഫ് അക്കൗണ്ടിൽ വൻ മാറ്റങ്ങൾ

Published : Jul 12, 2026, 09:20 AM IST
EPFO

Synopsis

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഇപിഎഫ്ഒ 2.01 പ്രവർത്തനം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള അംഗങ്ങളുടെ വിവരങ്ങൾ ഒരൊറ്റ ഡാറ്റാബേസിലേക്ക് മാറ്റുന്ന ഈ സംവിധാനം, പിഎഫ് അക്കൗണ്ട് കൈമാറ്റം, ക്ലെയിം നടപടികൾ എന്നിവ വേഗത്തിലാക്കും. പുതിയ ഫീച്ചറുകളും സേവനങ്ങളും ഘട്ടംഘട്ടമായി ലഭ്യമാകും.

എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ (ഇപിഎഫ്ഒ) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഇപിഎഫ്ഒ 2.01 പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന ലോഞ്ച് ചില തടസങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. ഇപ്പോൾ പുതിയ പതിപ്പ് പ്രവർത്തനക്ഷമമായി. ഇപിഎഫ്ഒയുടെ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. അതേസമയം ഇപിഎഫ്ഒ 2.01 ഇപ്പോഴും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല എന്നും കൂടുതൽ ഫീച്ചറുകളും സേവനങ്ങളും ഘട്ടംഘട്ടമായി അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ലഭ്യമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

എന്താണ് ഇപിഎഫ്ഒ 2.01?

കേന്ദ്രസർക്കാരിന്റെ സെൻട്രലൈസ്‍ഡ് ഐടി എനേബിൾഡ് സർവീസസ് (സൈറ്റ്സ്) പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ ഓരോ പ്രാദേശിക ഓഫീസിനും പ്രത്യേകം ഡാറ്റാബേസുകളായിരുന്നു. എന്നാൽ ഈ സംവിധാനത്തിന് പകരം രാജ്യത്തുടനീളമുള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ ഇനി ഒരൊറ്റ ദേശീയ ഡാറ്റാബേസിലായിരിക്കും സൂക്ഷിക്കുക. 120ൽ അധികം വികേന്ദ്രീകൃത ഡാറ്റാബേസുകളിൽ ഉണ്ടായിരുന്ന 34 കോടിയിലധികം അംഗങ്ങളുടെ വിവരങ്ങളാണ് പുതിയ ഏകീകൃത സംവിധാനത്തിലേക്ക് മാറ്റിയത്.

എവിടെനിന്നും സേവനം ലഭിക്കും

പുതിയ സംവിധാനത്തിലൂടെ ഇന്ത്യയിലെ ഏത് ഇപിഎഫ്ഒ ഓഫീസിൽ നിന്നും അംഗങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകും. ഉദാഹരണത്തിന്, ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഒരാൾ പിന്നീട് പശ്ചിമ ബംഗാളിലേക്ക് മാറിയാൽ, ഇനി രേഖകൾ പരിശോധിക്കാനോ സേവനങ്ങൾ നേടാനോ വീണ്ടും ചെന്നൈയിലെ ഓഫീസിൽ പോകേണ്ടതില്ല. സമീപത്തെ ഇപിഎഫ്ഒ ഓഫീസിൽ തന്നെ ആവശ്യമായ സേവനങ്ങൾ ലഭിക്കും.

പുതിയ പ്രധാന ഫീച്ചറുകൾ

ഇപിഎഫ്ഒ 2.01-ൽ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന ഏകീകൃത അംഗ പോർട്ടലാണ് ഒരുക്കിയിരിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് ബാലൻസ്, ക്ലെയിം സ്റ്റാറ്റസ്, അംഗത്വ വിവരങ്ങൾ, പെൻഷൻ സേവന രേഖകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഒരിടത്ത് തന്നെ പരിശോധിക്കാൻ സാധിക്കും. ജോലി മാറുന്ന ജീവനക്കാർക്ക് ആധാറുമായി ബന്ധിപ്പിച്ച യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ഉണ്ടെങ്കിൽ ഇനി പിഎഫ് അക്കൗണ്ട് കൈമാറ്റം സ്വമേധയാ നടക്കും. അതായത് മുൻ തൊഴിലുടമയുടെയോ പുതിയ തൊഴിലുടമയുടെയോ പ്രത്യേക അനുമതി തേടുകയോ പ്രത്യേക അപേക്ഷ നൽകുകയോ ചെയ്യേണ്ട സാഹചര്യം ഒഴിവാകും.

ക്ലെയിം നടപടികൾ വേഗത്തിലാകും

ക്ലെയിം സമർപ്പിക്കുന്നതിന് മുമ്പ് തന്നെ രേഖകളിലെ അപാകതകൾ കണ്ടെത്തി അംഗത്തെ എസ്‌എംഎസ് വഴിയോ പോർട്ടൽ വഴിയോ അറിയിക്കുന്ന സംവിധാനവും പുതിയ പ്ലാറ്റ്ഫോമിൽ ഉണ്ട്. കൂടാതെ, വിവിധ വിഭാഗങ്ങളിൽ എത്ര തുക പിൻവലിക്കാമെന്ന് മുൻകൂട്ടി കാണിച്ചുതരുന്നതിനാൽ അനുവദനീയമായ പരിധിക്ക് മുകളിലുള്ള അപേക്ഷകൾ സമർപ്പിച്ച് നിരസിക്കപ്പെടുന്ന സാഹചര്യം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ കെവൈസി പ്രക്രിയ പൂർത്തിയാക്കിയ അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ അഡ്വാൻസ് ക്ലെയിമുകൾ ഇനി ഓട്ടോ സെറ്റിൽമെന്റ് സംവിധാനത്തിലൂടെ തീർപ്പാക്കും. നേരത്തെ ഈ പരിധി ഒരു ലക്ഷം രൂപയായിരുന്നു.

പെൻഷൻ സേവനങ്ങളിലും മാറ്റം

കേന്ദ്രീകൃത പെൻഷൻ പേയ്മെന്‍റ് സംവിധാനത്തിന്റെ ഭാഗമായി ഇപിഎസ് പെൻഷൻകാർക്ക് ഇന്ത്യയിലെ ഏത് ഇപിഎഫ്ഒ ഓഫീസിലും സേവനങ്ങൾ ലഭ്യമാകും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനും രാജ്യത്തെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പെൻഷൻ സ്വീകരിക്കുന്നതിനും ഇനി സൗകര്യമുണ്ടാകും.

പലിശ ക്രെഡിറ്റ് ഉടൻ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള 8.25 ശതമാനം പലിശ പുതിയ പ്ലാറ്റ്ഫോമിലൂടെയാണ് ക്രെഡിറ്റ് ചെയ്യുന്നത്. 34 കോടിയിലധികം അക്കൗണ്ടുകളിലേക്ക് ഏകദേശം 1.44 ലക്ഷം കോടി രൂപ പലിശയായി നിക്ഷേപിക്കാനാണ് ഇപിഎഫ്ഒയുടെ തീരുമാനം. ഫീൽഡ് തല പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ജൂലൈ 15-നകം അംഗങ്ങളുടെ പാസ്‌ബുക്കുകളിൽ ഈ തുക പ്രതിഫലിച്ചുതുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇനി വരാനുള്ള ഫീച്ചറുകൾ

രാജ്യവ്യാപകമായി പുതിയ സംവിധാനം പൂർണമായി നടപ്പാക്കിയതിന് ശേഷം കൂടുതൽ സേവനങ്ങൾ ലഭ്യമാകും. അടുത്ത സാമ്പത്തിക വർഷം മുതൽ പലിശ ക്രെഡിറ്റ് പ്രക്രിയ പൂർണമായും ഓട്ടോമേറ്റഡ് ആക്കാനും പിന്നീട് യുപിഐ മുഖേന പിഎഫ് പിൻവലിക്കൽ സൗകര്യം അവതരിപ്പിക്കാനുമാണ് പദ്ധതി. നിലവിൽ ഇപിഎഫ്ഒ 2.01 പരിമിതമായ സേവനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ഈ മാസം അവസാനത്തോടെ ഭൂരിഭാഗം ഫീച്ചറുകളും പ്രവർത്തനസജ്ജമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ സമയക്രമം ഇപിഎഫ്ഒ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

സിനിമാ മേഖലയിൽ നിന്നടക്കം പ്രതിഷേധം, പുലിവാലുപിടിച്ച് മെറ്റ; ഇൻസ്റ്റഗ്രാമിലെ പുതിയ എഐ ഇമേജ് ഫീച്ചർ നീക്കി
ട്രായ്-ട്രൂകോളർ പോര്: ഈ കോളുകൾ സ്‍പാം അല്ലേ?