96,700 രൂപയുടെ എ.സി വില്‍പ്പനയ്ക്ക് വച്ചത് 5900 രൂപയ്ക്ക്; ആമസോണിന്‍റെ വന്‍ അബദ്ധം വൈറലായി.!

By Web TeamFirst Published Jul 6, 2021, 4:30 PM IST
Highlights

59,490 രൂപയ്ക്ക് ഗ്ലോസ്സ് വൈറ്റ് വേരിയന്റായ അതേ തോഷിബ 1.8 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ആമസോണ്‍ ലിസ്റ്റുചെയ്തിരുന്നത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 20 ശതമാനം മാത്രം കിഴിവിലായിരുന്നു.

മസോണിന് പറ്റിയ വലിയ പിഴവാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇ-കൊമേഴ്‌സ് വമ്പന് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് മാറ്റിയപ്പോഴേയ്ക്കും നൂറു കണക്കിനാളുകള്‍ ഇതിനായി ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇന്നലെയാണ് സംഭവം. തിങ്കളാഴ്ച തോഷിബ എയര്‍കണ്ടീഷണര്‍ (എസി) ആമസോണ്‍ ലിസ്റ്റുചെയ്തത് വെറും 5900 രൂപയ്ക്ക്. ഇതിന്റെ യഥാര്‍ത്ഥ വില 96,700 രൂപയായിരുന്നു. ഇതിന് 94 ശതമാനം ഡിസ്‌ക്കൗണ്ട് എന്നാണ് ആമസോണ്‍ കാണിച്ചത്. മാത്രവുമല്ല മാസം തോറും ഗഡുക്കളായി 278 രൂപ നിരക്കില്‍ ഇഎംഐ ആയി നല്‍കിയാല്‍ മതിയെന്ന ഓഫറും നല്‍കിയിരുന്നു.

59,490 രൂപയ്ക്ക് ഗ്ലോസ്സ് വൈറ്റ് വേരിയന്റായ അതേ തോഷിബ 1.8 ടണ്‍ 5 സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ആമസോണ്‍ ലിസ്റ്റുചെയ്തിരുന്നത് യഥാര്‍ത്ഥ വിലയില്‍ നിന്ന് 20 ശതമാനം മാത്രം കിഴിവിലായിരുന്നു. 2800 രൂപയുടെ ഇഎംഐ ആണ് ഇതിന് ഇട്ടിരുന്നത്. ഈ ഇന്‍വെര്‍ട്ടര്‍ എസിയുടെ ചില പ്രത്യേക സവിശേഷത ആന്റിബാക്ടീരിയല്‍ കോട്ടിംഗ് ആയിരുന്നു. ഒരു ഡസ്റ്റ് ഫില്‍ട്ടര്‍, ഒരു ഡ്യുമിഡിഫയര്‍ എന്നിവയും ഉണ്ട്. തോഷിബ എസിക്ക് ഒരു വര്‍ഷത്തെ വാറന്റിയും ഒക്കെ നല്‍കുന്നുണ്ട്. രണ്ടും തമ്മില്‍ താരതമ്യം ചെയ്തപ്പോഴാണ് ഉപയോക്താക്കള്‍ ലോട്ടറി അടിച്ചതായി കണ്ടത്. എന്തായാലും കാര്യം മനസ്സിലാക്കിയ ആമസോണ്‍ വൈകാതെ തെറ്റു തിരുത്തി. 

ആമസോണ്‍ കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങള്‍ ലിസ്റ്റുചെയ്യുന്നത് ഇത്തരത്തില്‍ ഇതാദ്യമല്ല. 2019 പ്രൈം ഡേയില്‍, 9 ലക്ഷം രൂപ വിലവരുന്ന ക്യാമറ ഗിയര്‍ 6500 രൂപയ്ക്ക് വിറ്റു. സോണി, ഫ്യൂജിഫിലിം, കാനന്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള ക്യാമറ ബ്രാന്‍ഡുകളില്‍ നിന്നുള്ള വിവിധ തരം ആക്‌സസ്സറീസുകളും ഇങ്ങനെ വിലക്കുറച്ച് വിറ്റിരുന്നു. ഇപ്പോള്‍ വാങ്ങിയ ഉപയോക്താക്കള്‍ക്ക് എസി നല്‍കുമോയെന്നതിനെക്കുറിച്ച് ആമസോണ്‍ ഇതുവരെയൊന്നും പറഞ്ഞിട്ടില്ല. തങ്ങള്‍ക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണവും നല്‍കിയിട്ടില്ല.

click me!