ട്രംപിനെ പുറത്താക്കി വന്‍ സോഷ്യല്‍ ഭീമന്മാര്‍; ഈ അവസരം ലോട്ടറിയായത് ടെലഗ്രാമിന്.!

By Web TeamFirst Published Jan 13, 2021, 11:45 AM IST
Highlights

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്

വാഷിംങ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ മുന്‍നിര സോഷ്യല്‍ മീഡിയകള്‍ കൈയ്യോഴിഞ്ഞ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഒരാഴ്ച മുൻപുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെൻസർ ടവർ കണക്കുകൾ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. 

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അറിയുന്നത്. ഈ അവസരം നേട്ടമാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. നേരത്തെ ട്രംപിന്‍റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നതാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം.  ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്.  90 ദശലക്ഷത്തോളം ഫോളോവേഴ്‍സ് ഉള്ള അക്കൗണ്ടായിരുന്നു ട്രംപിന്റേത്.

അതേസമയം, ആപ്പിൾ ആപ് സ്റ്റോറിൽ നിന്ന് ടെലിഗ്രാം നീക്കം ചെയ്താലും ഐഫോണുകളിൽ തുടർന്നും പ്രവർത്തിക്കാനുള്ള മാർഗത്തിലാണ് ടെലിഗ്രാം പ്രവർത്തിക്കുന്നതെന്ന് സിഇഒ ദുരോവ് പറഞ്ഞു. 

അതേ സമയം അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന് ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. സമൂഹമാധ്യമമായ ഫേസ്ബുക്കിന്‍റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം തിങ്കളാഴ്ച വ്യക്തമാക്കിയത്. അനിശ്ചിത കാലത്തേക്കാണ് വിലക്കുള്ളത്.ആ വിലക്ക് നീക്കാനുള്ള ഉദ്ദേശമില്ലെന്നും അവര്‍ വിശദമാക്കി

click me!