എല്‍ഇഡി മൂഡ് ലൈറ്റിംഗ്, എയര്‍ ഡ്രൈയര്‍, അലക്സ അടക്കമുള്ള ഫീച്ചറുകള്‍,വിലയില്‍ ഞെട്ടിക്കും സ്മാര്‍ട് ടോയ്ലെറ്റ്

By Web TeamFirst Published Jan 8, 2023, 2:17 PM IST
Highlights

ഓട്ടോമാറ്റിക് ഫ്ലഷ്, ഹാന്‍ഡ്സ് ഫ്രീ ഓപ്പണിംഗ് - ക്ലോസിംഗ് ലിഡ്, ഹീറ്റഡ് സീറ്റ് , എയര്‍ ഡ്രൈയര്‍ അടക്കമുള്ള പ്രത്യേകതകളുമായാണ് സ്മാര്‍ട്ട് ടോയ്ലെറ്റ് എത്തുന്നത്.

ലാസ് വേഗസ്: നിത്യജീവിതത്തില്‍ സാങ്കേതിക വിദ്യ വലിയ രീതിയിലാണ് സഹായിക്കുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന കാര്‍ മുതല്‍ വാഷിംഗ് മെഷീനുകള്‍ വരെ ഓരോ ദിവസവും മനുഷ്യ ജീവിതം ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലാണ് അടുത്തിടെ ടെക് ലോകം ഏറെ ചര്‍ച്ച ചെയ്യുന്നത്. അലക്സ നിയന്ത്രിക്കുന്ന സ്മാര്‍ട്ട് ടോയ്ലെറ്റാണ് ഇത്. എല്‍ഇഡി മൂഡ് ലൈറ്റിംഗ് മുതല്‍ സ്പീക്കര്‍ വരെ അടങ്ങിയതാണ് ഈ സ്മാര്‍ട്ട് ടോയ്ലെറ്റ്.  

കണ്ടെത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും വില കേള്‍ക്കുമ്പോഴാണ് പലരുടേയും കണ്ണ് തള്ളുന്നത്. 11500 യുഎസ് ഡോളര്‍ ഏകദേശം ഒന്‍പത് ലക്ഷത്തി നാല്‍പ്പത്തി ആറായിരം രൂപയാണ് ഈ സ്മാര്‍ട് ടോയ്ലെറ്റിനുള്ളത്. വിസ്കോസിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഹ്ലര്‍ കമ്പനിയാണ് സ്മാര്‍ട്ട് ടോയ്ലെറ്റിന് പിന്നില്‍. ലാസ് വേഗാസില്‍ 2019ല്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് പ്രദര്‍ശനത്തിലാണ് സ്മാര്‍ട് ടോയ്ലെറ്റ് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോഴാണ് വിപണിയിലേക്ക് സ്മാര്‍ട് ടോയ്ലെറ്റ് എത്തുന്നത്. ഓട്ടോമാറ്റിക് ഫ്ലഷ്, ഹാന്‍ഡ്സ് ഫ്രീ ഓപ്പണിംഗ് - ക്ലോസിംഗ് ലിഡ്, ഹീറ്റഡ് സീറ്റ് , എയര്‍ ഡ്രൈയര്‍ അടക്കമുള്ള പ്രത്യേകതകളുമായാണ് സ്മാര്‍ട്ട് ടോയ്ലെറ്റ് എത്തുന്നത്.

കോഹ്ലര്‍ നൂമി 2.0 എന്നാണ് സ്മാര്‍ട് ടോയ്ലെറ്റിന്‍റെ പേര്. ബില്‍റ്റ് ഇന്‍ ഫെസിലിറ്റിയായാണ് അലക്സ കണക്ടിവിറ്റി നല്‍കിയിരിക്കുന്നത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് ഉപയോഗ ശേഷമുള്ള ടോയ്ലെറ്റ് ശുചീകരണത്തിലെ കൃത്യത ഉറപ്പാക്കുന്നത്. റിമോട്ടിലൂടെയും മൊബൈല്‍ ആപ്പിലൂടെയുമാണ് സ്മാര്‍ട് ടോയ്ലെറ്റ് നിയന്ത്രിക്കാനാവുക. താപനിലയും ഉപയോഗിക്കുമ്പോഴുള്ള മര്‍ദ്ദവും നിയന്ത്രിക്കാനുള്ള സൌകര്യങ്ങളും ടോയ്ലെറ്റില്‍ ഇന്‍ബില്‍റ്റ് ആയി നല്‍കിയിട്ടുണ്ട്.

ഉപയോഗിക്കുന്നവര്‍ക്ക് സ്പായിലേത് പോലുള്ള അന്തരീക്ഷം നല്‍കാന്‍ ടോയ്ലെറ്റിന് സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ഉപയോഗിക്കുന്ന സമയത്ത് പാട്ട് കേള്‍ക്കാനും മറ്റും അലക്സ സഹായിക്കും. ഇത് ആദ്യമായല്ല സ്മാര്‍ട് ടോയ്ലെറ്റുകള്‍ വിപണിയിലെത്തുന്നത്. നേരത്തെ മലവും മൂത്രവും പരിശോധിച്ച് ഉപയോഗിക്കുന്നയാള്‍ക്ക് എന്തെങ്കിലും അസുഖമുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനമടക്കമുള്ള ടോയ്ലെറ്റുകള്‍ പുറത്ത് വന്നിട്ടുണ്ട്. 

click me!