
ഇതാദ്യമായി അതു സംഭവിച്ചിരിക്കുന്നു. അലക്‌സയ്ക്ക് വേണ്ടി ശബ്ദം നല്‍കിയ സ്ത്രീ ആരാണെന്നു ആമസോണ്‍ വെളിപ്പെടുത്തുന്നു. ആമസോണിന്റെ ഐക്കണിക് അലക്‌സാ അസിസ്റ്റന്റിന് ശബ്ദം നല്‍കിയ വ്യക്തിയുടെ ഐഡന്റിറ്റി വളരെക്കാലമായി ഒരു രഹസ്യമായി തുടരുകയായിരുന്നു. ആമസോണ്‍ ഉടമ ജെഫ് ബെസോസ്, ജേണലിസ്റ്റ് ബ്രാഡ് സ്‌റ്റോണിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ ശബ്ദം കൊളറാഡോ ആസ്ഥാനമായുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും ഗായികയുമായ നീന റോളേയുടെതാണെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നടത്തിയ ട്വീറ്റിലാണ് സ്‌റ്റോണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ 2014 ല്‍ പുറത്തിറങ്ങിയ അലക്‌സാ ആദ്യമായി ആമസോണ്‍ എക്കോ സ്മാര്‍ട്ട് സ്പീക്കറിലും ആമസോണ്‍ ഡോട്ടിലും മാത്രമായാണ് ഈ ശബ്ദം ഉപയോഗിച്ചതെങ്കിലും ഇപ്പോള്‍ ലോകമെമ്പാടുമുള്ള 20,000 ത്തിലധികം ഉപകരണങ്ങളില്‍ ഇത് കേള്‍ക്കാനാകും.
ആഗോളവ്യാപകമായുള്ള 100 ദശലക്ഷത്തിലധികം അലക്‌സാ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് പരിചിതമായ ശബ്ദമായിരുന്നിട്ടും, ആമസോണ്‍ എക്കോയ്ക്കും എക്കോ ഡോട്ട് ഉടമകള്‍ക്കും ആ ശബ്ദത്തിന്റെ പേരോ മുഖമോ അറിയാമായിരുന്നില്ല. തുടക്കത്തില്‍ ആമസോണിന്റെ സ്ഥാപകന്‍ അലക്‌സായ്ക്കായി വ്യത്യസ്ത ശബ്ദങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത ജോലികള്‍ക്കായി വ്യത്യസ്ത ശബ്ദങ്ങള്‍ തിരഞ്ഞെടുത്തുവെങ്കിലും, ഇത് അപ്രായോഗികമാണെന്ന് കണക്കാക്കപ്പെട്ടു. പകരം എഞ്ചിനീയര്‍മാര്‍ ഗൂഗിളിനും ആപ്പിളിനുമായി മത്സരിക്കാന്‍ യോജിച്ച ഒരു ശബ്ദത്തിനായി തിരഞ്ഞു. നീന റോളേ അങ്ങനെയാണ് രംഗപ്രവേശം ചെയ്തത്.
ഹോണ്ട, ചേസ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ജെന്നി ക്രെയ്ഗ്, ടര്‍ണര്‍ ക്ലാസിക് മൂവികള്‍, നാഷണല്‍വൈഡ് എന്നിവയുള്‍പ്പെടെ വോയിസ് ഓവര്‍ വര്‍ക്ക് ചെയ്ത വലിയ പേരിലുള്ള ക്ലയന്റുകളുടെ ലിസ്റ്റ് നീന തന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെങ്കിലും ആമസോണിനെ എവിടെയും പരാമര്‍ശിച്ചിരുന്നില്ല.