ആമസോണിനെതിരെ വന്‍ ആരോപണം; നിരോധിക്കണമെന്ന് ഒരുകൂട്ടം വ്യാപാരികള്‍

By Web TeamFirst Published Feb 18, 2021, 7:06 PM IST
Highlights

ആമസോണ്‍ നിരന്തരം ഇന്ത്യയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സ്ട്രേക്ച്ചര്‍ മാറ്റാറുണ്ടെന്നും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ മറികടക്കാനാണ് ഇതെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു. റോയിട്ടേര്‍സ് റിപ്പോര്‍ട്ടിലെ ചില പ്രധാന വസ്തുകള്‍ ഇങ്ങനെയാണ്.

ദില്ലി: ലോകത്തെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ അതികായന്മാര്‍ക്കെതിരെ വന്‍ ആരോപണം ഉയര്‍ത്തുന്ന വാര്‍ത്തയാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് പുറത്തുവിട്ടത്. ഇന്ത്യയിലെ വിദേശ നിക്ഷേപ നിയമങ്ങള്‍ മറികടക്കാന്‍ ആമസോണ്‍ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്ന വിവരമാണ്  ആമസോണിന്റെ തന്നെ ചില ആഭ്യന്തര രേഖകള്‍ അടിസ്ഥാനമാക്കി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം തങ്ങളുടെ ഇന്ത്യയിലെ വില്‍പ്പന ഗ്രൂപ്പുകളുമായുള്ള ബന്ധം പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടിനോട് ആമസോണ്‍ പ്രതികരിച്ചത്.

ആമസോണ്‍ നിരന്തരം ഇന്ത്യയില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് സ്ട്രേക്ച്ചര്‍ മാറ്റാറുണ്ടെന്നും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ മറികടക്കാനാണ് ഇതെന്നും റോയിട്ടേര്‍സ് റിപ്പോര്‍ട്ട് പറയുന്നു. റോയിട്ടേര്‍സ് റിപ്പോര്‍ട്ടിലെ ചില പ്രധാന വസ്തുകള്‍ ഇങ്ങനെയാണ്.

1. ആമസോണിലെ മൂന്നില്‍ രണ്ട് ഓണ്‍ലൈന്‍ വില്‍പ്പനയിലും മുന്‍തൂക്കം നല്‍കുന്നത് 35 വില്‍പ്പനക്കാര്‍ക്കാണ്, ഇതില്‍ തന്നെ 2 എണ്ണത്തില്‍ ആമസോണിന് നേരിട്ട് അല്ലാത്ത നിക്ഷേപമുണ്ട്.

2.  ആമസോണ്‍ ഇന്ത്യയിലെ ചെറുകിട വില്‍പ്പനക്കാരെ സഹായിക്കുന്ന രീതിയില്‍ വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്, ഇത്തര കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കാന്‍ വിദേശ നിക്ഷേപത്തില്‍ സര്‍ക്കാര്‍ വരുത്തിയ കര്‍ശന വ്യവസ്ഥകള്‍ മറികടക്കാനാണ്.

3.  കച്ചവടക്കാര്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ സ്വതന്ത്ര്യരാണ് എന്ന് അവകാശപ്പെടുന്ന ആമസോണ്‍ എന്നാല്‍ അവര്‍ക്ക് മുകളില്‍ വലിയ നിയന്ത്രണങ്ങള്‍ വയ്ക്കുന്നുണ്ട്.

4. രാജ്യത്തെ സര്‍ക്കാറിനോ, സര്‍ക്കാറിന് നേതൃത്വം നല്‍കുന്നവര്‍ക്കോ കാര്യമായ വില ആമസോണ്‍ നല്‍കുന്നില്ല. 

എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെ ആമസോണ്‍ തള്ളിക്കളയുകയാണ്. ഈ റിപ്പോര്‍ട്ട് വിലയില്ലാത്തതും, വസ്തുത വിരുദ്ധമാണെന്നുമാണ് ആമസോണ്‍ പ്രതികരിച്ചത്. ഇന്ത്യയിലെ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ച് ആമസോണ്‍ അപ്ഡേറ്റ് നടത്താറുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഏതെങ്കിലും വ്യാപാരികള്‍ക്ക് എന്തെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്. 

അതേ സമയം ആമസോണിന്‍റെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നാണ് വില്‍പ്പനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രൈഡേര്‍സ് പറയുന്നത്. ആമസോണിനെതിരെ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. വര്‍ഷങ്ങളായി രാജ്യത്തെ വിദേശ നിക്ഷേപ നയങ്ങളെ കബളിപ്പിച്ച് ആമസോണ്‍ നടത്തുന്നത് തീര്‍ത്തും ന്യായമല്ലാത്ത കച്ചവടമാണ് എന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരികളെ കബളിപ്പിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് ആമസോണിനെതിരെ രാജ്യവ്യാപക പ്രക്ഷോപത്തിനുള്ള ആലോചനയിലാണ് സിഎഐടി. 

അതേ സമയം ആമസോണിനെതിരായ ആരോപണം സംബന്ധിച്ച് കേന്ദ്രം ചില അന്വേഷണങ്ങള്‍ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ സുരാത്യമായ വ്യാപര രീതികള്‍ അനുവര്‍‍ത്തിക്കണമെന്ന നയത്തിലാണ് കേന്ദ്രത്തിന്‍റെ നീക്കങ്ങള്‍.

click me!