Latest Videos

ആമസോണിനും ഫ്ലിപ്കാർട്ടിനെയും തങ്ങളുടെ പ്രധാന ദൌത്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രം.!

By Web TeamFirst Published Jun 28, 2023, 3:45 PM IST
Highlights

ജനുവരിയിലാണ് ഒഎന്‍ഡിസി പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രതിദിനം 40 ഇടപാടുകൾ ആയിരുന്നു ആദ്യം നടന്നിരുന്നത്. ക്രമേണ ചരക്കുകൾക്കായി 30,000 ,സേവനങ്ങൾക്ക് 50,000  എന്നീ നിരക്കിലേക്ക് ഇത് ഉയർന്നു. 

ദില്ലി: ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്രമുഖരെ ക്ഷണിച്ച് ഒഎൻഡിസി. ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിലേക്ക് (ഒഎൻഡിസി) ക്ഷണിച്ചിട്ടുണ്ടെന്ന വിവരം നെറ്റ്‌വർക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടി കോശിയാണ് പങ്കുവെച്ചത്. ഓപ്പൺ ഇ-കൊമേഴ്‌സ് വികസിപ്പിക്കുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത കമ്പനിയാണ് ഒഎൻഡിസി. 

ജനുവരിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രതിദിനം 40 ഇടപാടുകൾ ആയിരുന്നു ആദ്യം നടന്നിരുന്നത്. ക്രമേണ ചരക്കുകൾക്കായി 30,000 ,സേവനങ്ങൾക്ക് 50,000  എന്നീ നിരക്കിലേക്ക് ഇത് ഉയർന്നു. പലചരക്ക്, ഭക്ഷ്യ വ്യാപാരികൾ കൂടുതലും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വൈകാതെ  ഫാഷൻ, വ്യക്തിഗത പരിചരണ ഉല്പന്നങ്ങൾ, ഇലക്ട്രോണിക്സ് എന്നിവയും ഈ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും.

ഇ–കൊമേഴ്സ് രംഗത്തെ വമ്പൻമാർക്കു ബദലായാണ് കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള വികേന്ദ്രീകൃത ശൃംഖലയായ ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിങ്ങനെ ഓരോ സ്വകാര്യ പ്ലാറ്റ്ഫോമും കേന്ദ്രീകരിച്ചു നിൽക്കുന്ന നിലവിലെ ഇ–കൊമേഴ്സ് രംഗത്തെ  പൊതുശൃംഖലയുടെ ഭാഗമാക്കുകയാണ് ഒഎൻഡിസി ചെയ്യുന്നത്. 

ആമസോൺ പോലെ മറ്റൊരു പ്ലാറ്റ്ഫോം എന്നതിനു പകരം പേയ്മെന്റ് രംഗത്ത് യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്) പോലൊരു സംവിധാനമാണ് ഒഎൻഡിസി കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഗൂഗിൾ പേ, പേടിഎം, ഭീം, ഫോൺപേ എന്നിങ്ങനെ തരംതിരിവില്ലാതെ യുപിഐ വഴി പേയ്മെന്റ് നടത്തുന്നത്  പോലെ  ഉല്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ബന്ധിപ്പിക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ കച്ചവടക്കാരെ സഹായിക്കുന്ന പ്ലാറ്റ്ഫോമാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 

ചെറുകിട ചില്ലറ വ്യാപാരികൾക്ക് ഇ-കൊമേഴ്‌സ് മാധ്യമത്തിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഈ മേഖലയിലെ ഭീമൻമാരുടെ ആധിപത്യം കുറയ്ക്കാനുമാകും.വ്യാപാര - വിപണന മേഖലയിലെ അടിസ്ഥാനവികസനം ഉൾപ്പെടെയുള്ളവയ്ക്കാണ് ഒഎൻഡിസി നേതൃത്വം നൽകുന്നത്. ഇ-കൊമേഴ്സ് വ്യാപാരത്തിന്റെ മറവിൽനടക്കുന്ന തട്ടിപ്പുകൾ തടയുക കൂടിയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.

ആമസോണ്‍ പ്രൈം അംഗത്വം: ആമസോണ്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ആരോപണം, കേസ്

കൊവിൻ വിവര ചോർച്ച: പ്രധാന പ്രതി 22 കാരനായ ബിടെക് വിദ്യാർത്ഥി, ഡേറ്റ വിറ്റിട്ടില്ലെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!