കൊറോണ: ലോക്ക്ഡൗണിലും പുറത്തിറങ്ങുന്നവര്‍ എത്രയെന്ന് കാണിക്കാന്‍ മൊബിലിറ്റി ഡേറ്റാ ട്രെന്‍ഡുമായി ആപ്പിള്‍

By Web TeamFirst Published Apr 16, 2020, 8:57 AM IST
Highlights
ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനൊപ്പം അധികൃതരുടെ ജോലിഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കുമെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. 
സന്‍ഫ്രാന്‍സിസ്കോ: കൊറോണ വൈറസ് ലോക്ക്ഡൗണ്‍ സമയത്ത് ആരൊക്കെ എവിടൊക്കെ നടക്കുന്നുവെന്നതിനെക്കുറിച്ച് അധികൃതരെ അറിയിക്കാന്‍ ആപ്പിള്‍ ഇനി സഹായിക്കും. ആളുകള്‍ എത്ര യാത്ര ചെയ്യുന്നു, അല്ലെങ്കില്‍ പൊതുഗതാഗതം നടത്തുന്നു എന്നതിനെക്കുറിച്ച് സര്‍ക്കാരിനെയും ആരോഗ്യ അധികാരികളെയും അറിയിക്കാന്‍ സഹായിക്കുന്ന ഒരു മൊബിലിറ്റി ഡാറ്റ ട്രെന്‍ഡ്  പുറത്തിറക്കിയതായി ആപ്പിള്‍ പ്രഖ്യാപിച്ചു. ഇത് ആപ്പിള്‍ മാപ്‌സ് ഉപയോക്താക്കളില്‍ നിന്ന് അവരുടെ ചലനങ്ങളുടെ ഒരു ട്രാക്ക് സൂക്ഷിക്കുന്നു.

ട്വിറ്ററില്‍ ഇക്കാര്യം പ്രഖ്യാപിച്ച് ആപ്പിള്‍ സിഇഒ ടിം കുക്ക് എഴുതി, 'നിങ്ങളുടെ സ്വകാര്യത പരിരക്ഷിക്കുന്നതോടൊപ്പം, ആളുകള്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ എങ്ങനെ സഞ്ചരിക്കുന്നുവെന്ന് മനസിലാക്കാന്‍ പൊതുജനാരോഗ്യ അധികാരികളെ സഹായിക്കുന്നതിനാണിത്. കോവിഡിന്റെ വ്യാപനം തടയുന്നതിന് വിലയേറിയ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാന്‍ ഞങ്ങള്‍ ആപ്പിള്‍ മാപ്‌സില്‍ നിന്നുള്ള മൊബിലിറ്റി ഡാറ്റ പങ്കിടുന്നു.'

'മാപ്‌സ് മൊബിലിറ്റി ഡേറ്റ ഉപയോക്താവിന്റെ ആപ്പിള്‍ ഐഡിയുമായി ബന്ധപ്പെടുത്തുന്നില്ല. മാത്രമല്ല ആപ്പിള്‍ ഉപയോക്താവ് എവിടെയായിരുന്നു എന്നതിന്റെ ചരിത്രവും സൂക്ഷിക്കുന്നില്ല. 

ആപ്പിള്‍ മാപ്‌സില്‍ നിന്ന് ശേഖരിച്ച മൊത്തം ഡാറ്റ ഉപയോഗിച്ച്, പുതിയ വെബ്‌സൈറ്റ് പ്രധാന നഗരങ്ങള്‍ക്കും 63 രാജ്യങ്ങള്‍ അല്ലെങ്കില്‍ പ്രദേശങ്ങള്‍ക്കുമുള്ള മൊബിലിറ്റി ട്രെന്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ആളുകളുടെ ഡ്രൈവിംഗ്, നടത്തം അല്ലെങ്കില്‍ പൊതു യാത്രാമാര്‍ഗം എന്നിവയിലെ വ്യതിയാനത്തെ പ്രതിഫലിപ്പിക്കുകയാണ് ഡേറ്റകള്‍ ചെയ്യുന്നത്. ഓരോ നഗരത്തിലെയും രാജ്യത്തെയും പ്രദേശത്തെയും ഡേറ്റാ നിരവധി ഘടകങ്ങള്‍ക്ക് വിധേയമാണ്. എങ്കിലും ഇത് കോവിഡ് വ്യാപനത്തെ തടയാന്‍ അധികൃതരെ സഹായിക്കും'ആപ്പിള്‍ പ്രസ്താവനയില്‍ പറയുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത പരിരക്ഷിക്കുന്നതിനൊപ്പം അധികൃതരുടെ ജോലിഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കുമെന്ന് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നു. 'തിരയല്‍ പദങ്ങള്‍, നാവിഗേഷന്‍ റൂട്ടിംഗ്, ട്രാഫിക് വിവരങ്ങള്‍ എന്നിവ പോലെ മാപ്‌സ് ശേഖരിക്കുന്ന ഡേറ്റ നിരവധി ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരിയാ വിധത്തില്‍ പ്രവര്‍ത്തിക്കും.' ആപ്പിള്‍ പറഞ്ഞു.

തിരക്കേറിയ പ്രദേശങ്ങള്‍ ട്രാക്കുചെയ്യുന്നതിന് ആരോഗ്യ അധികാരികളെ സഹായിക്കുന്ന കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോര്‍ട്ടുകള്‍ ഗൂഗിളും ആരംഭിച്ചിട്ടുണ്ട്. ആളുകള്‍ക്ക് കോവിഡ് 19 കമ്മ്യൂണിറ്റി മൊബിലിറ്റി റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റ് പരിശോധിക്കാനും അവരുടെ രാജ്യം തിരഞ്ഞെടുക്കാനും സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിസിന്‍ ഷോപ്പുകള്‍, പ്രാദേശിക പാര്‍ക്കുകള്‍, ട്രാന്‍സിറ്റ് സ്‌റ്റേഷനുകള്‍, ജോലിസ്ഥലങ്ങള്‍, പാര്‍പ്പിട പ്രദേശങ്ങള്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ചലനത്തിന്റെ വര്‍ദ്ധനവും കുറവും കാണിക്കുന്ന ഒരു പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ആളുകള്‍ എത്രമാത്രം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ ഇത് എങ്ങനെ സഹായിക്കുമെന്നും ഇത് കാണിക്കും.
click me!