3 ദിവസം ഓഫീസിലെത്തണം, ഹാജര്‍ പരിശോധന, ബോണസിലും വെട്ടല്‍; പിരിച്ചുവിടൽ സൂചനകളുമായി ആപ്പിൾ 

By Web TeamFirst Published Mar 26, 2023, 3:12 PM IST
Highlights

വർഷത്തിൽ രണ്ടുതവണ ബോണസ് വാഗ്ദാനം ചെയ്തിരുന്ന ആപ്പിൾ, ഒക്ടോബറിൽ ഒരിക്കൽ മാത്രമേ ഇപ്പോളിത് നൽകുന്നുവെന്നും സൂചനയുണ്ട്. കമ്പനി വിടുന്നവരുടെ എണ്ണം കൂടുന്നുവെങ്കിലും പുതിയ ഓപ്പണിങ്സ് കമ്പനി നടത്തുന്നില്ല.

കാലിഫോര്‍ണിയ:ടെക് ലോകത്തെ പ്രമുഖ കമ്പനികള്‍ വലിയ രീതിയില്‍ ജീവനക്കാരെ പിരിച്ച് വിട്ടപ്പോള്‍ പോലും പിരിച്ചുവിടൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത കമ്പനിയാണ് ആപ്പിൾ. എന്നാൽ അതിനുള്ള ശ്രമങ്ങൾ നടത്തുകയാണോ ആപ്പിള്‍ എന്ന ആശങ്കയുണർത്തുന്നതാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ. നേരത്തെ ആപ്പിള്‍ ബോണസ് വൈകിപ്പിക്കുകയും യാത്രാ ബജറ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന്റെ ഭാഗമായി ചില പ്രോജക്ടുകളും നിയമനങ്ങളും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയുമാണ്. ഡിപ്പാർട്ട്‌മെന്റുകളിലുടനീളമുള്ള ബജറ്റുകളിൽ ആപ്പിൾ നിയന്ത്രണം ഏർപ്പെടുത്തുകയും ചിലവ് ലാഭിക്കാൻ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യുകയും ചെയ്തതായും റിപ്പോർട്ട് പറയുന്നു. 

ഇതിന്‍റെ ഭാഗമായി ഇപ്പോഴിതാ പുതിയ നിബന്ധന കൂടി വച്ചിരിക്കുകയാണ് കമ്പനി.  ഓഫീസിൽ വരാത്ത ജീവനക്കാർക്കാണ് കർശന നിർദേശം ബാധകമാവുക. ജീവനക്കാർ മൂന്നു ദിവസം നിർബന്ധമായും ഓഫീസിൽ ഹാജരാകണമെന്നതാണ് നിർദേശം. ആപ്പിൾ ജീവനക്കാരുടെ ഹാജർ നിരീക്ഷിക്കുന്നുണ്ടെന്നും ആഴ്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ഓഫീസിൽ വന്നില്ലെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും കമ്പനി  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചട്ടം പാലിച്ചില്ലെങ്കിൽ ജീവനക്കാരെ പിരിച്ചുവിടാൻ ആപ്പിളിന് കഴിയുമെന്നും പറയപ്പെടുന്നു. പക്ഷേ, ഇത് കമ്പനി ചില വകുപ്പുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള മാനേജർമാർ  ജീവനക്കാരോട്  ഹാജർ സംബന്ധിച്ച് കർശനമായി  പെരുമാറുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജീവനക്കാരുടെ ഹാജരും സമയവും ആപ്പിൾ ട്രാക്ക് ചെയ്യുന്നുണ്ട്. ചില ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ആപ്പിൾ പൂർണ്ണമായും താൽക്കാലികമായും നിർത്തിയിട്ടുണ്ടെന്നും പ്രധാനപ്പെട്ട കുറച്ച് റോളുകളിലേക്ക് മാത്രമേ റിക്രൂട്ട്മെന്റ് നടത്തുന്നൂള്ളൂ എന്നും റിപ്പോർട്ട് പറയുന്നുണ്ട്. 

വർഷത്തിൽ രണ്ടുതവണ ബോണസ് വാഗ്ദാനം ചെയ്തിരുന്ന ആപ്പിൾ, ഒക്ടോബറിൽ ഒരിക്കൽ മാത്രമേ ഇപ്പോളിത് നൽകുന്നുവെന്നും സൂചനയുണ്ട്. കമ്പനി വിടുന്നവരുടെ എണ്ണം കൂടുന്നുവെങ്കിലും പുതിയ ഓപ്പണിങ്സ് കമ്പനി നടത്തുന്നില്ല. സ്‌ക്രീനോടുകൂടിയ ഹോംപോഡ് പോലുള്ള ചില പ്രോജക്‌റ്റുകളും കമ്പനി താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
 

click me!