പ്രതിപക്ഷ നേതാവിന്, മുഖ്യമന്ത്രിക്ക് 'റിയാക്ഷന്‍' കൊടുത്ത് വിദേശികള്‍; ആരാണ് ഇവര്‍?

By Web TeamFirst Published Apr 3, 2021, 11:12 AM IST
Highlights

നേതാക്കളുടെ പോസ്റ്റുകള്‍ക്ക് അടിയില്‍ റിയാക്ഷനുകള്‍ വാരി വിതറുന്ന 'വിദേശികള്‍' ബോട്ടുകളാണ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഒരോ പോസ്റ്റിലേക്കും കൃത്രിമ റീച്ച് ഉണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. 

തിരുവനന്തപുരം: ഇരട്ട വോട്ടുകള്‍ എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല  രംഗത്ത് വന്നതിന് പിന്നാലെ ഇടത് അണികളാണ് വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നും ചെന്നിത്തലയ്ക്ക് ലൈക്ക് കിട്ടുന്നു എന്ന ആരോപണവുമായി രംഗത്ത് എത്തിയത്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന ആരോപണമാണ് പ്രധാനമായും അവര്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോസ്റ്റിലും ഇത്തരം ലൈക്കുകള്‍ ഉണ്ടെന്ന ആരോപണവുമായി യുഡിഎഫ് അണികളും സജീവമായി. 

നേതാക്കളുടെ പോസ്റ്റുകള്‍ക്ക് അടിയില്‍ റിയാക്ഷനുകള്‍ വാരി വിതറുന്ന 'വിദേശികള്‍' ബോട്ടുകളാണ് എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഓരോ പോസ്റ്റിലേക്കും കൃത്രിമ റീച്ച് ഉണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. സോഫ്റ്റ്‌വെയർ സഹായത്തോടെ സൃഷ്ടിച്ചിരിക്കുന്ന ആയിരക്കണക്കിന് അക്കൗണ്ടുകളാണ് ബോട്ട് ആർമി. ഒരു പോസ്റ്റിലേക്ക് കൃത്രിമമായി എത്ര ലൈക്കും, റിയക്ഷനുകളും ഇടാന്‍ ഇത് വഴി സാധിക്കും. 

നേരത്തെ ദേശീയ തലത്തില്‍ തന്നെ ബോട്ട് ഉപയോഗം ഏറെ ചര്‍ച്ചയായിരുന്നു. പ്രമുഖ പാര്‍ട്ടി ഐടി സെല്ലുകള്‍ ഇത്തരത്തിലുള്ള ബോട്ടുകള്‍ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്വിറ്ററില്‍ പല നേതാക്കളുടെയും പോസ്റ്റുകള്‍ക്ക് ഏറെ റീട്വീറ്റ് കിട്ടുന്നത് ഇത്തരത്തിലെ ബോട്ട് അക്കൌണ്ടുകള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പേരിലാണ് പലപ്പോഴും ഇത്തരം ആക്കൌണ്ടുകള്‍ ഉണ്ടാക്കപ്പെടുന്നത്. 

അതേ സമയം ഇപ്പോഴത്തെ സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിലെ 'കൃത്രിമ' ലൈക്കുകള്‍ക്ക് പിന്നില്‍ ഇടതാണ് എന്നാണ് യുഡിഎഫ് ആരോപണം. അതേസമയം പ്രതിപക്ഷ നേതാവിന്‍റെ പോസ്റ്റിലെ ലൈക്കുകള്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പോസ്റ്റില്‍ റിയാക്ഷനുകള്‍ വന്നത് ഇതിന് പിന്നില്‍ യുഡിഎഫ് ആണെന്നാണ് ഇടത് അണികള്‍ പറയുന്നത്. ഈ സംഭവം ഉള്‍പ്പെടുത്തി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

click me!