ചൈന ബഹിഷ്കരണത്തിന് തുടക്കമിട്ട് സോനം വാങ്ചക് പറയുന്നു; 'എന്തിനിത് ചെയ്യുന്നു'

By Web TeamFirst Published Jun 2, 2020, 1:03 PM IST
Highlights

തന്‍റെ ആഹ്വാനം വലിയതോതില്‍ സ്വീകരിക്കപ്പെട്ടതോടെ എന്തുകൊണ്ട് താന്‍ ചൈനീസ് ബഹിഷ്കരണത്തിന് രംഗത്ത് എത്തിയെന്ന് സോനം വാങ്ചക് വിവരിക്കുന്ന വീഡിയോയും പുറത്തിറങ്ങി. ലഡാക്ക് സ്വദേശിയായ ഇദ്ദേഹം സിന്ധുവിന്‍റെ തീരത്ത് ഇരുന്നാണ് ഇത് സംബന്ധിച്ച് പറയുന്നത്. ലക്ഷങ്ങളാണ് ഈ വീഡിയോ ഇതിനകം കണ്ടത്.
 

ദില്ലി: സോഷ്യല്‍ മീഡിയയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണ പ്രചാരണം ശക്തമാകുകയാണ്. രാജ്യത്തെ പ്രമുഖരായ പലരും ഈ പ്രചാരണത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വിവിധ ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ മാത്രം 1.25 ലക്ഷത്തിലധികം പോസ്റ്റുകള്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണവുമായി ബന്ധപ്പെട്ട് വന്നുകഴിഞ്ഞുവെന്നാണ്. 

ചൈനീസ് ഉത്പന്നങ്ങള്‍ മാത്രമല്ല, ചൈനീസ് ആപ്പുകളും ഡിലീറ്റ് ചെയ്യണം എന്നാണ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രചരിക്കുന്നത് ഇതിനെ തുടര്‍ന്ന് ടിക്ടോക് പോലുള്ളവയ്ക്ക് വലിയ തിരിച്ചടിയാണ്. ഒപ്പം തന്നെ ബാബ രാംദേവിനെപ്പോലുള്ളവരുടെ ആഹ്വാനപ്രകാരം പലരും  ഷെയര്‍ചാറ്റ്, മറ്റു തദ്ദേശീയ ആപ്പുകളായ ഫ്‌ളിപ്കാര്‍ട്ട്, റോപോസോ എന്നിവ ഡൗണ്‍ലൗണ്‍ ചെയ്യാനും തുടങ്ങിയിട്ടുണ്ട്. തന്റെ ഫോണില്‍ നിന്ന് എല്ലാ ചൈനീസ് ആപ്ലിക്കേഷനുകളും ഡിലീറ്റ് ചെയ്തതിന് പുറമെ ഷെയര്‍ചാറ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അദ്ദേഹം രാജ്യത്തോടുള്ള പ്രതിബദ്ധത തെളിയിക്കുകയും ചെയ്തു. രാംദേവിന്റെ ട്വീറ്റിന് 35,000 ലൈക്കുകളും പതിനൊന്നായിരം റിട്വീറ്റുകളുമായി വൈറാലാകുകയാണ്.

ശരിക്കും ടിക്ടോക്കിനെതിരായ പ്രചാരണത്തിന്‍റെ ഭാഗമായി ചൈനീസ് ബഹിഷ്കരണ അഹ്വാനം ഇന്ത്യയിലെ സൈബര്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും അത് കത്തിക്കയറിയത് ഒരു വ്യക്തിയുടെ പോസ്റ്റിലാണ്. സോനം വാങ്ചക് ആണ് ആ വ്യക്തി. ശസ്ത്രകാരനും, വിദ്യഭ്യാസ പരിഷ്കര്‍ത്താവുമാണ് സോനം വാങ്ചക്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാല്‍ ഇന്ത്യയില്‍ വന്‍തരംഗമായി മാറി ആമീര്‍ഖാന്‍ ചിത്രം ത്രീ ഇഡിയറ്റ്സ് ഇദ്ദേഹത്തിന്‍റെ ജീവിതത്തെ അധികരിച്ചായിരുന്നു. 

മെയ്ഡ് ഇന്‍ ചൈന ബഹിഷ്‌ക്കരണ ആഹ്വാനവുമായി മാഗ്‌സസെ അവാര്‍ഡ് ജേതാവായ സോനം വാങ്ചക് രംഗത്തെത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ്. ഒരു വശത്ത്, നമ്മുടെ സൈനികര്‍ അവരോട് യുദ്ധം ചെയ്യുന്നു, മറുവശത്ത്, നമ്മള്‍ ചൈനീസ് ഹാര്‍ഡ്വെയര്‍ വാങ്ങുകയും ടിക് ടോക്, ഹലോ ആപ്പ് പോലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ ബഹിഷ്കരണം ചൈനീസ് ജനതയ്ക്ക് എതിരല്ല, അവരുടെ ചൂഷണ സംവിധാനത്തിനെതിരാണ്.

ഇന്ത്യയില്‍ അടക്കം ഉത്പന്നങ്ങള്‍  വഴി കോടിക്കണക്കിന് രൂപയാണ് ചൈനയ്ക്ക് നമ്മള്‍ നല്‍കുന്നത്. അത് ഉപയോഗിച്ച് അവര്‍ നമുക്കെതിരെ സൈന്യത്തെ അണിനിരത്തുന്നു-വാങ്ചക് പറഞ്ഞു. ഈ സമയം, ചൈനക്കെതിരെ ബുള്ളറ്റുകളേക്കാള്‍ കീശയിലുള്ള പണസഞ്ചി കൊണ്ട് മറുപടി പറയണമെന്നും, വാങ്ചക്  പോസ്റ്റില്‍ പറഞ്ഞു. ചൈനീസ് ആപ്പുകള്‍ എല്ലാം സ്വന്തം ഫോണില്‍ നിന്നും ഒഴിവാക്കിയ ഇദ്ദേഹം, ചൈനീസ് ഹാര്‍ഡ്വെയറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കുമെന്നും അറിയിച്ചു.

തന്‍റെ ആഹ്വാനം വലിയതോതില്‍ സ്വീകരിക്കപ്പെട്ടതോടെ എന്തുകൊണ്ട് താന്‍ ചൈനീസ് ബഹിഷ്കരണത്തിന് രംഗത്ത് എത്തിയെന്ന് സോനം വാങ്ചക് വിവരിക്കുന്ന വീഡിയോയും പുറത്തിറങ്ങി. ലഡാക്ക് സ്വദേശിയായ ഇദ്ദേഹം സിന്ധുവിന്‍റെ തീരത്ത് ഇരുന്നാണ് ഇത് സംബന്ധിച്ച് പറയുന്നത്. ലക്ഷങ്ങളാണ് ഈ വീഡിയോ ഇതിനകം കണ്ടത്.

ദശലക്ഷക്കണക്കിന് തൊഴിലാളികളെ പീഡിപ്പിച്ചും, ടിബറ്റിലെ നൂറുകണക്കിന് സന്യാസിമാരെ കൊലപ്പെടുത്തി ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തും, ഷിന്‍ജിംയാങ് പ്രവിശ്യയില്‍ ആയിരക്കണക്കിന് മുസ്ലീങ്ങളെ പീഡിപ്പിച്ചും ചൈന ഉണ്ടാക്കുന്ന സാമ്പത്തിക വ്യവസ്ഥയെ നാം പിന്തുണയ്ക്കേണ്ടതില്ല. എങ്ങനെയാണ് ചൈന ശ്രീലങ്കയെ ഒരു തുറമുഖം വച്ച് കടക്കെണിയിലാക്കിയത് എന്ന് നാം അറിയണം. പാകിസ്ഥാന്‍ തീര്‍ത്തും അവരില്‍ നിന്നും കടം വാങ്ങി അവരുടെ അധികാരം നഷ്ടപ്പെട്ട് അടിമയായി മാറുന്നു.

1962 ലെ ഇന്തോ- ചൈന യുദ്ധത്തില്‍ ഇന്ത്യയുടെ കിലോമീറ്ററുകളോളും സ്ഥലം പിടിച്ചെടുത്ത ചൈന അവിടെയുള്ള ഇന്ത്യക്കാരുടെ ജീവിതമാര്‍ഗ്ഗങ്ങള്‍ ഇല്ലാതാക്കി, അവര്‍ ഇന്ത്യക്കാരുടെ വരുമാനമാര്‍ഗ്ഗമായ ആടുകളെയും ചെമ്മരിയാടുകളെയും മറ്റും കൊണ്ടുപോയി. 1905 ല്‍ ബാല ഗംഗാധര തിലകന്‍ ആഹ്വാനം ചെയ്ത വിദേശ വസ്തു ബഹിഷ്കരണത്തിന് സമാനമായി നമ്മള്‍ ചൈനീസ് ബഹിഷ്കരണം കാണേണ്ടതുണ്ട് -സോനം വാങ്ചക് പറയുന്നു.

ഇത് ജനങ്ങള്‍ നയിക്കുന്ന ഒരു മുന്നേറ്റമാണെന്നും ഇതിന് പ്രത്യേക നിയമങ്ങളോ നിയമാവലികളോ ഇല്ലെന്നും ഇദ്ദേഹം പറയുന്നു. ഒപ്പം ഒരിക്കലും ഒരു ഉത്പന്നം തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്‍റെ സ്വതന്ത്ര്യത്തെ സര്‍ക്കാറിനോ അധികാരികള്‍ക്കോ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും പറയുന്നു.

click me!