ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Apr 3, 2019, 6:56 PM IST
Highlights

തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്

ദില്ലി: പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്ലില്‍ നിന്നും 54,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് പിരിച്ചുവിടല്‍ തീരുമാനത്തെക്കുറിച്ച് ഗൗരവമായി കമ്പനി ആലോചിക്കുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് ആയതിനാല്‍ തല്‍ക്കാലം തീരുമാനം എടുക്കാന്‍ വൈകുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ പാനല്‍ പത്ത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍ ബോര്‍ഡ് യോഗം അംഗീകരിച്ചിരുന്നു.

ഇതില്‍ ഉള്ള പ്രധാന നിര്‍ദേശമാണ് ജീവനക്കാരെ പിരിച്ചുവിടല്‍. എന്നാല്‍ ഇത് തല്‍ക്കാലം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മരവിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിആര്‍എസ് എടുത്തുപോകുവാനോ, അല്ലെങ്കില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതോ ബിഎസ്എന്‍എല്ലിന്‍റെ ബിസിനസിനെയും വരുന്ന തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നതിനാല്‍ കാത്തിരുന്നു കാണുക എന്നതായിരുന്നു ടെലികോം മന്ത്രാലയത്തിന്‍റെ നിലപാട്, ബിഎസ്എന്‍എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

ബിഎസ്എന്‍എല്‍ ബോര്‍ഡ് അംഗീകരിച്ച നിര്‍ദേശങ്ങളില്‍ ബിഎസ്എന്‍എല്ലിലെ പെന്‍ഷന്‍ പ്രായം കുറയ്ക്കാനുള്ള നിര്‍ദേശവും ഉണ്ട്. ഇത് പ്രകാരം ഇപ്പോള്‍ 60 വയസ് എന്ന പെന്‍ഷന്‍ പ്രായം 58 ആക്കും. ഒപ്പം 50 വയസ് കഴിഞ്ഞ എല്ലാ ജീവനക്കാര്‍ക്കും വിആര്‍എസിന് യോഗ്യത നല്‍കും. ഇതിലൂടെ തന്നെ 54,451 ജീവനക്കാര്‍ പുറത്ത് പോകും എന്നാണ് കണക്ക് കൂട്ടുന്നത്. ഇത് മൊത്തം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ 31 ശതമാനം വരും. 

ഇതിന് ഒപ്പം റിട്ടയര്‍മെന്‍റ് പ്രായം കുറയ്ക്കുന്നത് വരുന്ന വര്‍ഷങ്ങളില്‍ 33,568 തൊഴിലാളികളെ ബാധിക്കും. ഇതിലൂടെ ആറ് കൊല്ലത്തിനുള്ളില്‍ ബിഎസ്എന്‍എല്ലിന് 13,895 കോടി രൂപ ലാഭം ലഭിക്കും എന്നാണ് പറയുന്നത്. ബിഎസ്എന്‍എല്ലിലെ ശരാശരി തൊഴിലാളികളുടെ പ്രായം 55 വയസാണ്.  കഴിഞ്ഞ ഫെബ്രുവരി മുതല്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്.

click me!