കോള്‍ വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിക്ക് പണം; ഓഫറുമായി ബിഎസ്എന്‍എല്‍

By Web TeamFirst Published Nov 1, 2019, 6:25 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ജിയോ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കളുടെ വോയിസ് കോളിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. അഞ്ച് മിനുട്ടിന് 6 പൈസ എന്നതായിരുന്നു ഈ ചാര്‍ജ്. ഇതിന് നേരെ എതിരാണ് ബിഎസ്എന്‍എല്‍ ഓഫര്‍. 

ദില്ലി: ഇന്ത്യയില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഒരു ടെലികോം കമ്പനിയും അവതരിപ്പിക്കാത്ത ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്താല്‍ ഉപയോക്താവിന് 6 പൈസ ക്യാഷ്ബാക്കായി നല്‍കുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ലാന്‍റ് ലൈന്‍ എഫ്.ടി.ടി.എച്ച് ഉപയോക്താക്കള്‍ക്കാണ് ലഭിക്കുക. 

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള ജിയോ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കളുടെ വോയിസ് കോളിന് ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. അഞ്ച് മിനുട്ടിന് 6 പൈസ എന്നതായിരുന്നു ഈ ചാര്‍ജ്. ഇതിന് നേരെ എതിരാണ് ബിഎസ്എന്‍എല്‍ ഓഫര്‍. അടുത്തകാലത്തായി ബിഎസ്എന്‍എല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതില്‍ നിന്നും അല്‍പ്പം ആശ്വാസം പുതിയ ഓഫര്‍ നല്‍കുമോ എന്നതാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ചിന്തിക്കുന്നത്. 

ഡ‍ിജിറ്റല്‍ അനുഭവം ഏറെ പ്രധാന്യമുള്ള കാലത്ത് ഉപയോക്താവ് ഗുണനിലവാരമുള്ള ഡാറ്റയും വോയിസ് കോളും തേടുന്നു. അതിനാല്‍ തന്നെ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് പുതിയ തലമുറ നെറ്റ്വര്‍ക്കില്‍ നിലനിര്‍ത്തുവാന്‍ ഗുണനിലവാരമുള്ള വോയിസ് കോളിനൊപ്പം അത് നല്ലരീതിയില്‍ ജനങ്ങളില്‍ എത്തിക്കാനാണ് പുതിയ ഓഫര്‍ ബിഎസ്എന്‍എല്‍ സിഎഫ്എ വിവേക് ബന്‍സാല്‍ പറയുന്നു.

സമീപ മാസങ്ങളില്‍ കൂടുതല്‍ ഇത്തരത്തിലുള്ള ഓഫര്‍ അവതരിപ്പിക്കുമെന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേ സമയം ബിഎസ്എന്‍എല്‍ പുനരുദ്ധാരണ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ കമ്പനികളെ സംയോജിപ്പിക്കാനും. ഈ കമ്പനിക്ക് 4ജി സ്പെക്ട്രം അനുവദിക്കാനുമാണ് നീക്കം. ഒപ്പം 29,937 കോടിയുടെ പുനരുദ്ധാരണ പാക്കേജും നടപ്പിലാക്കുവാന്‍ പദ്ധതിയുണ്ട്. ഇരു കമ്പനികള്‍ ഒന്നിച്ചാല്‍ 38,000 കോടി ആസ്ഥിതിയുള്ള ടെലികോം കമ്പനി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

click me!