ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്ന് വ്യാപാരികളുടെ സംഘടന

By Web TeamFirst Published Nov 27, 2020, 9:40 PM IST
Highlights

പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. 

മുംബൈ: വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ അവര്‍ നിര്‍മ്മിച്ച രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ആമസോണിനെ വിലക്കണമെന്ന് വ്യാപാര സംഘടന. ഏഴ് ദിവസത്തേക്ക് ആമസോണിനെ വിലക്കണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആവശ്യപ്പെട്ടു. 

പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന കുറ്റപ്പെടുത്തി. 

നേരത്തെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യം പ്രദര്‍ശിപ്പിക്കാത്തതിന് ഉപഭോക്തൃ മന്ത്രാലയം കഴിഞ്ഞ മാസം ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ കമ്പനികള്‍ക്ക് പിഴയിട്ടിരുന്നു. എല്ലാ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും ലീഗല്‍ മെട്രോളജി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 

നവംബര്‍ 19ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നോട്ടീസിന് നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ആമസോണിന് പിഴയിടുകയായിരുന്നു.

click me!