Latest Videos

'രാജ്യത്താദ്യം..'; ഒന്നാം തീയതി മുതല്‍ മലയാളി ഡബിള്‍ സ്മാര്‍ട്ട്, എല്ലാം കെ സ്മാര്‍ട്ടിലൂടെ

By Web TeamFirst Published Dec 30, 2023, 5:35 AM IST
Highlights

എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്.

തിരുവനന്തപുരം: ജനുവരി ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന സംവിധാനം സ്ഥാപിതമാകുന്നത്. സംസ്ഥാനത്തെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ കുറിപ്പ്: ''പുതുവര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാര്‍ട്ട് 2024 ജനുവരി ഒന്നിനു പ്രവര്‍ത്തനമാരംഭിക്കുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള സേവനങ്ങള്‍ ഓഫീസുകളില്‍ പോകാതെ തന്നെ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാവും. ഔദ്യോഗിക ഉദ്ഘാടനം അന്നേ ദിവസം രാവിലെ 10.30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കും. ''

''കേരളത്തിലെ എല്ലാ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തില്‍ കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്. ഏപ്രില്‍ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും സേവനം വ്യാപിപ്പിക്കും. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനം സ്ഥാപിതമാകുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വര്‍ധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാര്‍ക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.''-മുഖ്യമന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷനുകള്‍, പൊതുജന പരാതികള്‍, വസ്തു നികുതി അടയ്ക്കല്‍, സര്‍ട്ടിഫിക്കറ്റുകള്‍, ബില്‍ഡിംഗ് പെര്‍മിറ്റ് തുടങ്ങിയ എല്ലാ ആവശ്യങ്ങളും കെ സ്മാര്‍ട്ടിലൂടെ ലഭ്യമാകുമെന്ന് മന്ത്രി എംബി രാജേഷും പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം 
 

tags
click me!