
ദില്ലി: ടെലികോം കമ്പനികള്‍ മൊബൈല്‍ താരീഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെ അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ താരീഫ് നിരക്ക് വര്‍ദ്ധനവ് ഉപയോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നും ഇപ്പോഴും ലോകത്തിലെ ഏറ്റവും കുറഞ്ഞ വോയിസ്, ഡാറ്റ ചാര്‍ജ് ഇന്ത്യയിലാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ടെലികോം കമ്പനികള്‍ വിവിധ പ്ലാനുകളുടെ താരീഫ് നിരക്കുകള്‍ 22 ശതമാനം മുതല്‍ 48 ശതമാനം വരെ വര്‍ദ്ധിപ്പിച്ചത്. ഇതില്‍ എയര്‍ടെല്‍, ഐഡിയ വോഡഫോണ്‍ എന്നിവര്‍ വരുത്ത നിരക്ക് വര്‍ദ്ധനവ് ഡിസംബര്‍ മൂന്നുമുതല്‍ നിലവില്‍ വന്നു. ജിയോയുടെ വര്‍ദ്ധനവ് ഡിസംബര്‍ 6 മുതല്‍ നിലവില്‍ വരും.
അതേ സമയം ബ്രിട്ടീഷ് ഏജന്‍സിയായ കേബിള്‍ ഡോട്ട് കോ ഡോട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോഴും ലോകത്ത് ഏറ്റവും കുറവ് തുക ഡാറ്റയ്ക്കും കോളിനും വാങ്ങുന്നത് ഇന്ത്യയിലാണ് എന്നാണ് പറയുന്നത്. 230 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇത് പറയുന്നത്. ഇന്ത്യയില്‍ ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയ്ക്ക് മുന്‍പ് 11.78 രൂപയായിരുന്നു ഒരു ജിബി നെറ്റിന് വേണ്ടിയുള്ള തുക. അതേ സമയം ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധനയ്ക്ക് ശേഷം ഇത് 16.49 രൂപ ഒരു ജിബിക്ക് എന്ന് ഉയര്‍ന്നെങ്കിലും ഇത് ലോകത്തിലെ ഏറ്റവും കുറവ് തുകയാണ്.
2016 ല്‍ ജിയോയുടെ കടന്നുവരവോടെ ഇന്ത്യയില്‍ ഇന്ത്യയില്‍ വോയിസ് കോളിംഗ് സംവിധാനം ഏതാണ്ട് സൗജന്യം എന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ 2019 മധ്യത്തില്‍ ഇത് അവതരിപ്പിച്ച ജിയോ തന്നെ ഇതില്‍ നിന്നും പിന്‍മാറി. 2019 മാര്‍ച്ചിലെ കണക്ക് പ്രകാരം ഇന്ത്യയിലെ വോയിസ് കോള്‍ ചാര്‍ജ് മിനുട്ടിന് 0.13 പൈസയായിരുന്നു. ഇത് ഇപ്പോഴത്തെ ചാര്‍ജ് വര്‍ദ്ധനയ്ക്ക് ശേഷം 0.18 പൈസയായി വര്‍ദ്ധിച്ചിട്ടുണ്ട്.
എന്നാല്‍ ലോകത്തിലെ മറ്റുരാജ്യങ്ങളെ ഈ പൈസവച്ച് കണക്ക് കൂട്ടിയാല്‍ അത്ഭുതപ്പെടുത്തുന്നതാണ് യാഥാര്‍ത്ഥ്യം. മൊബൈൽ ഡേറ്റയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒരു ജിബിക്ക് 0.26 ഡോളർ ഈടാക്കുമ്പോൾ ബ്രിട്ടനിൽ 6.66 ഡോളറാണ് വാങ്ങുന്നത്. അമേരിക്കയിൽ ഒരു ജിബി ഡേറ്റയ്ക്ക് വാങ്ങുന്നത് 12.37 ഡോളറാണ്. യൂറോപ്പിലെ തന്നെ ഫിൻലൻഡ്, പോളണ്ട്, ഡെൻമാർക്ക്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നിവിടങ്ങളിലും മൊബൈല്‍ നിരക്ക് കൂടുതലാണ്. ആഫ്രിക്കയിലെ കാര്യം നോക്കിയാല്‍ സിംബാബ്‌വെയിൽ ഒരു ജിബി ഡേറ്റയുടെ നിരക്ക് 75.20 ഡോളറും ഗയാനയില്‍ 65.83 ഡോളറുമാണ്. ബ്രിട്ടന്‍ കേബിള്‍ ഡോട്ട് കോ ഡോട്ടിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ 134–ാം സ്ഥാനത്താണ്.