ഡൊമിനോസ് ഇന്ത്യയില്‍ നിന്നും വന്‍ ഡാറ്റ ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ഡൊമിനോസ്

By Web TeamFirst Published Apr 20, 2021, 5:12 PM IST
Highlights

 മുഴുവന്‍ ഡാറ്റയും വാങ്ങാന്‍ തയ്യാറാവുന്ന ഒരാള്‍ക്കു മാത്രമായി വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. മുഴുവന്‍ ഡാറ്റാബേസിനുമായി 550,000 ഡോളര്‍ (ഏകദേശം 4 കോടി രൂപ) ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നതായി അലോണ്‍ ഗാല്‍ പറയുന്നു. 

നപ്രിയ പിസ്സ ഔട്ട്‌ലെറ്റ് ഡൊമിനോസ്സിന്‍റെ ഇന്ത്യന്‍ വിഭാഗം സൈബര്‍ ആക്രമണത്തിന് ഇരയായെന്നു സൂചന. ഇസ്രായേലി സൈബര്‍ ക്രൈം ഇന്റലിജന്‍സിന്റെ സഹസ്ഥാപകനായ അലോണ്‍ ഗാല്‍ പറയുന്നതനുസരിച്ച്, ഡൊമിനോസ്സിന്‍റെ ഇന്ത്യ 13 ടിബി ഇന്റേണല്‍ ഡാറ്റയിലേക്ക് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയും അവിടെ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് നിരത്തുകയും ചെയ്തുവത്രെ. അതില്‍ ഐടി, ലീഗല്‍, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഓപ്പറേഷന്‍സ് മുതലായ വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നു. ഇത് ഏകദേശം പത്തുലക്ഷത്തോളം വരുമെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ ഡൊമിനോസ് പിസ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.

തങ്ങളുടെ ഉപയോക്തൃ ഡാറ്റയില്‍ യാതൊരു വിട്ടുവീഴ്ചയും നടന്നട്ടില്ലെന്നും എല്ലാം സുരക്ഷിതമാണെന്നും ഇതു സംബന്ധിച്ച് ഡൊമിനോസ് ഇന്ത്യ പറഞ്ഞു. ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു ഡാറ്റയും ആക്‌സസ് ചെയ്യപ്പെട്ടിട്ടില്ല, മാത്രമല്ല സംഭവം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിട്ടുമില്ല. ഒരു നയമെന്ന നിലയില്‍ ഉപഭോക്താക്കളുടെ സാമ്പത്തിക വിശദാംശങ്ങളോ ക്രെഡിറ്റ് കാര്‍ഡ് ഡാറ്റയോ തങ്ങള്‍ സംഭരിക്കുന്നില്ലെന്നും, അതിനാല്‍ അത്തരം വിവരങ്ങളൊന്നും അപഹരിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു. 

ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദഗ്ദ്ധരുടെ സംഘം ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍, 10 ലക്ഷത്തിലധികം ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താവിന്റെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ ഐഡികള്‍, ഡെലിവറി വിലാസം, പേയ്‌മെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ ഉപഭോക്തൃ വിശദാംശങ്ങളും വലിയ വിലയ്ക്ക് വില്‍ക്കാനാണ് ഹാക്കര്‍മാര്‍ തയ്യാറെടുക്കുന്നത്. ഇതിന് ഏകദേശം 18 കോടി രൂപയുടെ മൂല്യമുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു.

കൂടാതെ, മുഴുവന്‍ ഡാറ്റയും വാങ്ങാന്‍ തയ്യാറാവുന്ന ഒരാള്‍ക്കു മാത്രമായി വില്‍ക്കാന്‍ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു. മുഴുവന്‍ ഡാറ്റാബേസിനുമായി 550,000 ഡോളര്‍ (ഏകദേശം 4 കോടി രൂപ) ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നതായി അലോണ്‍ ഗാല്‍ പറയുന്നു. ഇതിനായി ഒരു സേര്‍ച്ച് പോര്‍ട്ടലും ഹാക്കര്‍മാര്‍ നിര്‍മ്മിച്ചിട്ടുണ്ടത്രേ. സൈബര്‍ സ്‌കാമര്‍മാര്‍ പതിവായി സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റിലാണ് വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഉള്ളത്. ഇത്തരം വില്‍പ്പന ഡാര്‍ക്ക് വെബില്‍ ഇപ്പോള്‍ പതിവായി നടക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഈ വാര്‍ത്ത കൃത്യമാണെങ്കില്‍, ഡൊമിനോസ് ഇന്ത്യയുടെ ഉപഭോക്താക്കളുടെ ഡാറ്റകളെല്ലാം തന്നെ പുറത്തായിട്ടുണ്ട്. പൊതുവായി ഡൊമിനോസ്യില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തവരും ക്രെഡിറ്റ് കാര്‍ഡ്, ഇമെയില്‍ ഐഡി അല്ലെങ്കില്‍ ഫോണ്‍ നമ്പറുകള്‍ പോലുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.

ഇന്ത്യ അടുത്തിടെ നിരവധി വലിയ സൈബര്‍ ലംഘനങ്ങളുടെ ഇരയായതിനാല്‍ ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഡാറ്റ പ്രകാരം, കോവിഡ് 19 പാന്‍ഡെമിക് കാലത്ത് സൈബര്‍ ആക്രമണങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 300 ശതമാനം വര്‍ധിച്ച് 2020 ല്‍ 11,58,208 ആയി ഉയര്‍ന്നിരുന്നു, 2019 ല്‍ ഇത് 3,94,499 ആയിരുന്നുവെന്ന് ഓര്‍ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ സര്‍ക്കാരിനും സ്വകാര്യമേഖലയ്ക്കും എതിരായ സൈബര്‍ ആക്രമണത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.

ഏഷ്യാ പസഫിക്, ജപ്പാന്‍ എന്നിവിടങ്ങളിലെ സൈബര്‍ സുരക്ഷയുടെ ഭാവി എന്ന പേരില്‍ സോഫോസ് സര്‍വേ നടത്തിയ സര്‍വേയില്‍ 52 ശതമാനം ആഭ്യന്തര ഇന്ത്യന്‍ കമ്പനികളും കഴിഞ്ഞ 12 മാസത്തിനിടെ സൈബര്‍ ആക്രമണത്തിന് ഇരയായതായി അഭിപ്രായപ്പെട്ടു. 71 ശതമാനം സംഘടനകളും ഇത് ഗുരുതരമായ അല്ലെങ്കില്‍ വളരെ ഗുരുതരമായ ആക്രമണമാണെന്ന് സമ്മതിച്ചു, 65 ശതമാനം പേര്‍ ഇത് പരിഹരിക്കാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് ഡ്രൈവ് മാല്‍വെയര്‍ എന്നിവയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ഏറ്റവും ഗുരുതരമായ ഭീഷണിയായിരിക്കുന്നുവെന്ന് സൈബര്‍ സുരക്ഷ വിദഗ്ധര്‍ പ്രവചിക്കുന്നു.

click me!