
ബാങ്കോക്ക്: സൈബര്‍ സുരക്ഷയിലെ അടുത്തിടെ സംഭവിച്ച ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ച തായ്ലന്‍റിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. തായ്ലാന്‍റിലെ ദശലക്ഷക്കണക്കിന് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ 8 ശതകോടി വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് സൈബര്‍ സുരക്ഷ വിദഗ്ധന്‍ ജെസ്റ്റിന്‍ പെയിന്‍ തായ് സൈബര്‍ സുരക്ഷ സ്ഥാപനം തായ്-സിഇആര്‍ടിക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
തായ്ലാന്‍റിലെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതക്കളായ അഡ്വാന്‍സ് ഇന്‍ഫോ സര്‍വീസ് (എഐഎസിന്‍റെ) ഉടമസ്ഥതയിലുള്ള ഡാറ്റബേസിലുള്ള വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് സുരക്ഷ വിദഗ്ധന്‍ ജെസ്റ്റിന്‍ പെയിന്‍ വ്യക്തമായി ആരുടെ ഉടമസ്ഥതയിലുള്ള വിവരങ്ങളാണ് എന്ന് പങ്കുവയ്ക്കുന്നില്ല.
ടെക് സൈറ്റായ ടെക് ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, മെയ് 13ന് ഓപ്പൺ ഡേറ്റാബേസ് ചോർന്ന വിവരം പെയ്ൻ എഐഎസിനെ വിവരം അറിയിച്ചത്. ഒരാഴ്ചത്തേക്ക് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് മെയ് 21ന് പെയിൻ ഇക്കാര്യം തായ്‌സെർട്ടിനെ അറിയിച്ചു. തുടർന്ന് മെയ് 22 ന് ഡേറ്റാബേസ് സുരക്ഷിതമാക്കിയെന്നാണ് പറയുന്നത്.
പാസ്‌വേഡുകളും, ബാങ്കിംഗ് വിവരങ്ങളും സ്വകാര്യ സന്ദേശങ്ങളും ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ഉപയോക്താവ് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളും അപ്ലിക്കേഷനുകളും ഏതെന്ന വിവരങ്ങള്‍ 8 ബില്ല്യണ്‍ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതുവഴി ഒരാളെ നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.