ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാന നിര്‍മ്മാണ കമ്പനി പേടിയില്‍; 6 മാസത്തിനിടെ 346 മരണം.!

By Web TeamFirst Published Mar 12, 2019, 11:39 AM IST
Highlights

ബോയിംഗ് 737 മാക്സ് വിമാനം കമ്പനിക്ക് വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ മോഡൽ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്

ന്യൂയോര്‍ക്ക്:  കഴിഞ്ഞ ദിവസമാണ് എത്യോപ്യന്‍ വിമാനം തകര്‍ന്ന് വീണ് വന്‍ ദുരന്തം സംഭവിച്ചത്. അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ചതായിരുന്നു ബോയിങ് 737 വിമാനം. ഡിബ്ര സേത്ത് എന്നയിടത്താണ് വിമാനം തകര്‍ന്ന് വീണത്. . വിമാനത്തിലുണ്ടായിരുന്ന 157 പേര്‍ മരിച്ചതായി എത്യോപ്യന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് അല്‍പ്പ സമയത്തിനുള്ളിലായിരുന്നു സംഭവം. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം നടന്ന് വരുകയാണ്. എന്നാല്‍ എല്ലാ കണ്ണുകളും നീളുന്നത് ലോകത്തിലെ ഏറ്റവും വലിയ വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗിലേക്കാണ്.

ബോയിംഗ് 737 മാക്സ് വിമാനം കമ്പനിക്ക് വലിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതേ മോഡൽ രണ്ടു വിമാനങ്ങളാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. ബോയിംഗിന്‍റെ പുതിയ മോഡലാണ ഇത്. ഇത്രയും പുതിയ മോഡൽ വിമാനം തകർന്നുവീഴാൻ കാരണമെന്തെന്ന് ബോയിംഗ് ഇതുവരെ വ്യക്തമാക്കുന്നില്ല. വിമാനത്തിന്‍റെ സാങ്കേതിക തകരാറുകളാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

എന്തായാലും കഴിഞ്ഞ ഒക്ടോബര്‍  29 ന് സമാനമായി നടന്ന അപകടത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൂക്കര്‍ണോ ഹട്ടാ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന ലയണ്‍ എയര്‍ലെന്‍സിന്‍റെ വിമാനം 181 യാത്രക്കാരുമായാണ് കടലില്‍ പതിച്ചത്. തിരിച്ചിറങ്ങാന്‍ അനുവാദം നല്‍കിയിരുന്നെന്നും അനുവാദം നല്‍കിയതിന്‍റെ റെക്കോര്‍ഡിങ് ഉണ്ടെന്നും എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.  അതായാത് പൈലറ്റിന് പോലും തിരിച്ചറിയാത്ത ഒരു പ്രശ്നം വിമാനത്തിന് ഉണ്ടെന്നാണ് ഈ അപകടവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 

എന്താണ് പ്രശ്നം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം, ആറ് മാസത്തിനുള്ളില്‍ ബോയിംഗിന്‍റെ ഒരേ മോഡലിന് ഏകദേശം സമാനമായ രീതിയില്‍ രണ്ട് അപകടങ്ങള്‍ നടന്നിരിക്കുന്നു. അതിലെ സാങ്കേതിക പ്രശ്നങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചൈന ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾ ബോയിംഗിന്‍റെ 737 മാക്സ് 8 വിമാനങ്ങൾ സർവീസിൽ നിന്നു പിൻവലിച്ചു. ഇത്യോപ്യയിലെ ദുരന്തത്തിനു ശേഷമാണ് ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾ തൽക്കാലത്തേക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ബോയിംഗ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് പറയുന്നത്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചത്.

എന്താണ് പ്രശ്നം

വിമാനത്തിന്‍റെ ഡിസൈനില്‍ തന്നെ പ്രശ്നമുണ്ടെന്നാണ് ഒരു വിമര്‍ശനം. മുന്‍ തലമുറയിലുള്ള ബോയിംഗ് 737 വിമാനങ്ങള്‍ക്കില്ലാത്ത സുരക്ഷാ ഫീച്ചര്‍ തകര്‍ന്ന 737 മാക്സ് 8 മോഡലിനുണ്ടായിരുന്നുവെന്നും അത് പൈലറ്റുമാര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് ഇതിന് എതിരായി വരുന്ന വാദം. എന്നാല്‍, ബോയിങ് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഡെന്നിസ്പറയുന്നത് ഈ വിവരം വിമാനത്തെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നാണ്. പക്ഷേ, ഇത്തരം സാഹചര്യങ്ങളില്‍ എന്താണു ചെയ്യേണ്ടത് എന്നതിനെപ്പറ്റി ലോകത്ത് അവരുടെ വിമാനം ഉപയോഗിക്കുന്ന കമ്പനികള്‍ക്കെല്ലാം രണ്ടു തവണ വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും ബോയിംഗ് ആണയിടുന്നുണ്ട്. 

ഒക്ടോബറില്‍ തകര്‍ന്നു വീണ വിമാനത്തിന്‍റെ ഉടമകളായ ലയണ്‍ ബോയിംഗിന്‍റെ 737 മാക്സ് 8 ആദ്യമായി ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത കൂടിയ മോഡല്‍ എന്നതാണ് ഇത് പ്രിയങ്കരമാകുന്നതിന്‍റെ പ്രധാന കാരണം. പക്ഷേ, ഏതു പുതിയ വിമാനവും ഇറങ്ങുമ്പോള്‍ പൈലറ്റുമാര്‍ക്കു നല്‍കേണ്ട പരിശീലനം ലയണ്‍ എയറിന്‍റെ ജീവനക്കാർക്കു നല്‍കിയോ എന്ന സംശയം നിലനില്‍ക്കുന്നു. പക്ഷെ ഒക്ടോബറില്‍ തകര്‍ന്ന് വീഴും മുന്‍പേ നിരവധി പ്രശ്നങ്ങളുള്ള വിമാനമാണ് അന്ന് ടേക്ക് ഓഫ് ചെയ്തതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വിമാനത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു പഠനത്തിനു വിധേയമാക്കിയിരുന്നു.

ഇന്തൊനീഷ്യൻ വിമാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ അപകടത്തിനു മുൻപെ നടത്തിയ നാലു യാത്രകളിലും തകരാറിലായിരുന്നു എന്നത് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇത്തരം വിമാനങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് സംബന്ധിച്ച് അപകടത്തിന് ശേഷം ബോയിംഗിനോട് വിശദീകരണം നല്‍കാന്‍ ഇന്തോനേഷ്യന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് പരിശോധനകള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് എത്യോപ്യന്‍ വിമാന ദുരന്തം സംഭവിക്കുന്നത്.

ഇന്തോനേഷ്യയിലേയും എത്യോപ്യയിലേയും അപകടങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ് എന്നതാണ് വിമാനത്തിന്‍റെ നിര്‍മ്മാണത്തിലേ തകരാറാണോ ദുരന്തങ്ങള്‍ക്ക് വഴിവച്ചത് എന്ന സംശയം ഉയരുന്നത്. രണ്ട് ദുരന്തത്തിലും പൈലറ്റുമാര്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ വിമാനം പറത്തി പരിചയമുള്ളവരാണ്, ഒപ്പം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് 15 മിനുട്ടിനുള്ളിലാണ് ദുരന്തം സംഭവിച്ചത് എന്നതും സംശയം ജനിപ്പിക്കുന്നത്. 

അതായത് ബോയിംഗിന്‍റെ പുതിയ വിമാനത്തിലെ മനൂവറിങ് ക്യാരക്ടറെസ്റ്റിക്‌സ് ഓഗമെന്റേഷന്‍ സിസ്റ്റത്തെക്കുറിച്ച്  പൈലറ്റുമാര്‍ക്ക് വേണ്ടത്ര അറിവ് നല്‍കിയിട്ടില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. അതായത് അത്യധുനികമായ സുരക്ഷ സംവിധാനം ഉണ്ടായിട്ടും, അത് ഉപയോഗിക്കാന്‍ കഴിയാതെ അപകടം സംഭവിക്കുന്നു എന്നതാണ് ഉയരുന്ന വിമര്‍ശനം. 

click me!