'നിങ്ങളുടെ പോസ്റ്റ് ശരിയല്ല': കൊറോണയ്ക്കെതിരായ പോസ്റ്റുകള്‍ വെട്ടിനിരത്തി ഫേസ്ബുക്ക്; സംഭവിച്ചത് ഇത്.!

By Web TeamFirst Published Mar 18, 2020, 10:24 AM IST
Highlights

ബസ്ഫീഡ്, ഹഫിംങ്ടണ്‍ പോസ്റ്റ്, അറ്റ്ലാന്‍റിക്, ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള സൈറ്റുകളുടെ കൊറോണ സംബന്ധിച്ച് ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ എല്ലാം തന്നെ നിയമവിരുദ്ധമെന്നാണ് ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്.

ന്യൂയോര്‍ക്ക്: കൊറോണ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതില്‍ പിഴവ് പറ്റിയെന്ന് ഫേസ്ബുക്ക്. കൊവിഡ്19 സംബന്ധിച്ച അംഗീകൃതമായ വിവരങ്ങള്‍ പങ്കുവച്ച പോസ്റ്റുകള്‍ പോലും ഫേസ്ബുക്ക് കമ്യൂണിറ്റി സ്റ്റാന്‍റേര്‍ഡിന് വിരുദ്ധമെന്ന് പറഞ്ഞ് നീക്കം ചെയ്യപ്പെട്ട പ്രശ്നത്തിലാണ് ഫേസ്ബുക്ക് വിശദീകരണം നല്‍കുന്നത്. നിരവധി മുന്‍നിര സൈറ്റുകളുടെ ലിങ്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് നീക്കം ചെയ്തത്.

ബസ്ഫീഡ്, ഹഫിംങ്ടണ്‍ പോസ്റ്റ്, അറ്റ്ലാന്‍റിക്, ടൈംസ് ഓഫ് ഇസ്രയേല്‍ പോലുള്ള സൈറ്റുകളുടെ കൊറോണ സംബന്ധിച്ച് ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ എല്ലാം തന്നെ നിയമവിരുദ്ധമെന്നാണ് ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. കൊറോണ പ്രതിരോധിക്കേണ്ട മാര്‍ഗ്ഗങ്ങളും, അത് സംബന്ധിച്ച വാര്‍ത്തകള്‍ പോലും ഫേസ്ബുക്ക് ഈ രീതിയില്‍ മാര്‍ക്ക് ചെയ്തു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചൊവ്വാഴ്ച മുതലാണ് സംഭവം പ്രത്യക്ഷപ്പെട്ടത്.

ഇത് സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തിയ സെക്യൂരിറ്റി വിദഗ്ധനായ അലക്സ് സ്റ്റാമോസ് പറയുന്നത് ഇങ്ങനെ, ഫേസ്ബുക്കിന്‍റെ ആന്‍റി സ്പാം സംവിധാനത്തിന് വലിയ പിഴവാണ് സംഭവിക്കുന്നത്. കൊറോണ ഫേസ്ബുക്കിന്‍റെ വര്‍ക്ക് ഫ്ലോയെ ബാധിച്ചിരിക്കാം അതിനാല്‍ തന്നെ ഫേസ്ബുക്കിന്‍റെ ആന്‍റി-ബഗ് സിസ്റ്റം ചിലപ്പോള്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയേക്കാം. ഇദ്ദേഹം പറയുന്നു.

അതേ സമയം ഇതില്‍ പ്രതികരിച്ച ഫേസ്ബുക്ക് വൈസ് പ്രസിഡന്‍റ് ഗെയ് റോസണ്‍ പറഞ്ഞത് ഇങ്ങനെ- ഈ വിഷയം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഞങ്ങള്‍ ഇത് പരിഗണിക്കുകയാണ്. ഞങ്ങളുടെ വര്‍ക്ക് ഫ്ലോയിലെ പ്രശ്നമാണ് ഇതെന്ന വാദം ശരിയല്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും ഈ വിഷയത്തില്‍ ഫേസ്ബുക്കിനെതിരെ വലിയ പ്രതിഷേധം ട്വിറ്ററിലും മറ്റും വലിയ പ്രതിഷേധമാണ് നടക്കുന്നത്.
 

click me!