കൊവിഡ്19 ഭീതി: ഫേസ്ബുക്ക് എഫ്8 ഡെവലപ്പേര്‍സ് സമ്മേളനം റദ്ദാക്കി

By Web TeamFirst Published Feb 28, 2020, 12:40 PM IST
Highlights

എഫ്8 ഫേസ്ബുക്കിനെ സംബന്ധിച്ച് അഭിമാനമുള്ള ഒരു പരിപാടിയാണ്, അതിലൂടെയാണ് ഫേസ്ബുക്കും അതിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ആഘോഷിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ പങ്കാളികളുടെയും, ഡെവലപ്പര്‍മാരുടെയും ആരോഗ്യത്തിനും, സുരക്ഷയ്ക്കും നാം പ്രധാന്യം നല്‍കണം.

സന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്കിന്‍റെ വാര്‍ഷിക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8 റദ്ദാക്കി. കൊവിഡ് 19 (കൊറോണ വൈറസ്) ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിന്‍റെ വെളിച്ചത്തിലാണ് ഫേസ്ബുക്കിന്‍റെ നിര്‍ണ്ണായക തീരുമാനം. അടുത്ത ഒരു വര്‍ഷത്തിലേക്കുള്ള ഫേസ്ബുക്ക് പദ്ധതികളും, ഉത്പന്നങ്ങളും അവതരിപ്പിക്കുന്ന നിര്‍ണ്ണായക സമ്മേളനമാണ് എഫ്8.  വാര്‍ത്ത കുറിപ്പിലൂടെയാണ് എഫ്8 റദ്ദാക്കിയ വിവരം ഫേസ്ബുക്ക് വ്യാഴാഴ്ച അറിയിച്ചത്. മെയ് 5, 6 ദിവസങ്ങളില്‍ കാലിഫോര്‍ണിയയിലാണ് ഫേസ്ബുക്ക് എഫ്8 കോണ്‍ഫ്രന്‍സ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

വളരെ വിഷമമേറിയ ഒരു തീരുമാനമാണ് ഇത് - എഫ്8 ഫേസ്ബുക്കിനെ സംബന്ധിച്ച് അഭിമാനമുള്ള ഒരു പരിപാടിയാണ്, അതിലൂടെയാണ് ഫേസ്ബുക്കും അതിനോടൊപ്പം പ്രവര്‍ത്തിക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും ആഘോഷിക്കുന്നത്. എന്നാല്‍ ഞങ്ങളുടെ പങ്കാളികളുടെയും, ഡെവലപ്പര്‍മാരുടെയും ആരോഗ്യത്തിനും, സുരക്ഷയ്ക്കും നാം പ്രധാന്യം നല്‍കണം. എഫ്8ന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി - ഫേസ്ബുക്കിന്‍റെ പ്ലാറ്റ്ഫോം പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ പ്രതികരിച്ചു. കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സിന് 5000ത്തോളം പ്രതിനിധികളാണ് ലോകമെമ്പാടും നിന്നും പങ്കെടുത്തത്. 

അതേ സമയം കൊവിഡ് 19 (കൊറോണവൈറസ്) ബാധയിൽ മരണം 2800 ആയി. യൂറോപിലും ഗള്‍ഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകമാമം രോഗം ബാധിച്ചവരുടെ എണ്ണം 82000 ആയി ഉയര്‍ന്നു. ഇറ്റലിയിലും കൊവിഡ്19 പടരുകയാണ്. രോഗം ബാധിച്ചവരുടെ എണ്ണം 650 ആയി. അമേരിക്കയിലും ആശങ്ക തുടരുന്നു. 33 പേർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 8400 പേരെ നിരീക്ഷിക്കുകയാണ് ആരോഗ്യ വിദഗ്ധർ അറിയിച്ചു. യൂറോപ്പിലെ 11 രാജ്യങ്ങളിലും കൊവിഡ് 19 സാന്നിധ്യം സ്ഥിരീകരിച്ചു. കുവൈത്തിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം 43 ആയി. ഒമാനില്‍ ആറാമത്തെയാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാൻ സന്ദർശിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

click me!