ലൈവ് സ്ട്രീമിങ്ങിന് പിടി വീഴുന്നു; കര്‍ശന നടപടിയുമായി ഫേസ്ബുക്ക്

By Web TeamFirst Published May 15, 2019, 5:22 PM IST
Highlights

ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം.

സാന്‍ഫ്രാന്‍സിസ്കോ: ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ ഫേസ്ബുക്ക് കടുപ്പിക്കുന്നു. ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയിലുണ്ടായ വെടിവെപ്പിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പിലാക്കുമെന്ന് ഫേസ്ബുക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരുതവണ  ഫേസ്ബുക്കിന്‍റെ നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക്  ലൈവ് വീഡിയോ ഉപയോഗിക്കാന്‍ കഴിയില്ല. താല്‍ക്കാലികമായി ലൈവ് വീഡിയോ ഫീച്ചര്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഇത്തരക്കാരെ സസ്പെന്‍റ് ചെയ്യും. ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫേസ്ബുക്കിന്‍റെ പുതിയ തീരുമാനം. എന്നാല്‍ വണ്‍ സ്ട്രൈക്ക് പോളിസിയുടെ പരിധിയില്‍ വരുന്ന നിയമലംഘനങ്ങള്‍ എന്തൊക്കെയാണെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. കൂടാതെ നിരോധനത്തിന്‍റെ കാലാവധിയും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എന്തായാലും അക്രമിക്ക് ലൈവായി ഇനി വെടിവെപ്പ് ഫേസ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്യാന്‍ കഴിയില്ലെന്ന് വക്താവ് പറഞ്ഞു.

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന വെടിവെയ്പ്പ് അക്രമി ലൈവായി ഫേസ്ബുക്കിലൂടെ സംപ്രേക്ഷണം ചെയ്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ അക്രമം നിറഞ്ഞ കണ്ടന്‍റുകള്‍ ഫേസ്ബുക്ക് നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ 24 മണിക്കൂറിനുള്ളില്‍  ഇതുമായി ബന്ധപ്പെട്ട 1.5 മില്ല്യണ്‍ വീഡിയോകള്‍ നിക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചിരുന്നു.


 

click me!