കൊറോണ തുണച്ചതോ?; പെയ്ഡ് ആപ്പുകള്‍ക്ക് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Feb 15, 2021, 6:39 PM IST
Highlights

ഈ ആപ്പുകള്‍ എടുക്കാനായി 2019ല്‍ ഉപയോക്താക്കള്‍ ലോകത്താകമാനം 9.7 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുടക്കിയത്, എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍ ഇതിന് കാര്യമായ വര്‍ദ്ധനവ് ഉണ്ടായി. 

ന്യൂയോര്‍ക്ക്: കൊവിഡ് 19 വലിയ നഷ്ടങ്ങള്‍ സാന്പത്തിക രംഗത്തും, ടെക് ലോകത്തും 2020യില്‍ ഉണ്ടാക്കി. എന്നാല്‍ പണം കൊടുത്ത് ഉപയോഗിക്കാവുന്ന ആപ്പുകളുടെ കാര്യത്തില്‍ ഇത് അത്ര ശരിയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട ഗെയിമുകള്‍ അല്ലാത്ത പെയ്ഡ് ആപ്പുകളില്‍ 100 എണ്ണത്തിനും 2020 നല്ല കാലമാണെന്നാണ് സെന്‍സര്‍ ടവറിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്.

ഈ ആപ്പുകള്‍ എടുക്കാനായി 2019ല്‍ ഉപയോക്താക്കള്‍ ലോകത്താകമാനം 9.7 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുടക്കിയത്, എന്നാല്‍ 2020 ല്‍ എത്തിയപ്പോള്‍ ഇതിന് കാര്യമായ വര്‍ദ്ധനവ് ഉണ്ടായി. അത് ഏതാണ്ട് 34 ശതമാനം വരും. 2020ല്‍ ഉപയോക്താക്കള്‍ ലോകത്താകമാനം 13 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് മുടക്കിയത്.

നേട്ടമുണ്ടാക്കുന്ന ആപ്പുകളുടെ ലിസ്റ്റ് ഇങ്ങനെ

ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പെയ്ഡ് ആപ്പുകളാണ് ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളെക്കാള്‍ നേട്ടം ഉണ്ടാക്കുന്നത് എന്നാണ് സെന്‍സര്‍ ടവര്‍ കണക്കുകള്‍ പറയുന്നത്. ഗൂഗിള്‍ പ്ലേ പ്രധാനപ്പെട്ട 100 പെയ്ഡ് ആപ്പുകള്‍ 2019ല്‍ 1.9 ബില്ല്യണ്‍ ഡോളറാണ് ഉപയോക്താക്കളില്‍ നിന്നും നേടിയത്. 2020 ല്‍ ഇത് 2.7 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചു. എന്നാല്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇത് യഥാക്രമം 2019ല്‍ 7.8 ബില്ല്യണും, 2020ല്‍ 10.3 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറും ആയിരുന്നു.

ജനങ്ങള്‍ കൂടുതല്‍ വീട്ടില്‍ തന്നെ ചിലവഴിച്ച കാലമാണ് 2020. ആഗോളതലത്തില്‍ തന്നെ കൊവിഡ് മാഹാമാരി പലരുടെയും ജോലി തന്നെ വീട്ടിലാക്കി. അതിനാല്‍ തന്നെ മൊബൈലില്‍ കൂടുതല്‍ വിനോദവും, മറ്റ് കാര്യങ്ങള്‍ക്കും പരിഹാരം തേടിയവര്‍ കൂടുതലായി പെയ്ഡ് ആപ്പുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടതാകാം എന്നാണ് സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

click me!