Latest Videos

ജിമെയിലില്‍ നിന്ന് ഒരു ഫീച്ചര്‍ കൂടി പിന്‍വലിച്ച് ഗൂഗിള്‍; 10 വര്‍ഷത്തിലേറെ ലഭിച്ചിരുന്ന ആ 'സൗകര്യം' ഇനിയില്ല

By Web TeamFirst Published Oct 2, 2023, 4:32 PM IST
Highlights

പുതിയ മാറ്റം സംബന്ധിച്ച് ജിമെയിലിന്റെ സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഒപ്പം ഉപയോക്താക്കള്‍ക്ക് ഇ-മെയില്‍ വഴിയുള്ള അറിയിപ്പുകളും ലഭിക്കുന്നുണ്ട്.

പത്ത് വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ഒരു ഫീച്ചര്‍ കൂടി അവസാനിപ്പിക്കുകയാണ് ടെക് ഭീമനായ ഗൂഗ്ള്‍. ഇത്തവണ ജിമെയിലില്‍ നിന്നാണ് മാറ്റം. ഒരുകാലത്ത് ഏറെ ഉപയോഗപ്പെട്ടിരുന്ന സംവിധാനമായ ബേസിക് എച്ച്ടിഎംഎല്‍ വ്യൂ സൗകര്യം ഇനി ജിമെയില്‍ അക്കൗണ്ടുകളില്‍ തുടരുന്നില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 2024 ജനുവരി ആദ്യം മുതല്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ അതില്‍ ബേസിക് എച്ച്ടിഎംഎല്‍ വ്യൂവിനുള്ള സൗകര്യം എടുത്തുമാറ്റപ്പെടും.

ജിമെയിലിലെ അധിക സൗകര്യങ്ങളും അലങ്കാരങ്ങളുമില്ലാതെ മെയില്‍ പരിശോധിക്കാനും മറുപടി അയക്കാനും പുതിയ മെയിലുകള്‍ ക്രിയേറ്റ് ചെയ്യാനും സഹായിച്ചിരുന്ന സൗകര്യമാണ് ബേസിക് എച്ച്ടിഎംഎല്‍ വ്യൂ. ഇന്റര്‍നെറ്റ് വേഗത വളരെ കുറവായിരിക്കുന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഒപ്പം ചില പ്രത്യേക ബ്രൗസറുകളിലും ഇത് വളരെയധികം സഹായകമായിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ജിമെയിലില്‍ ഇത് നിലവിലുണ്ടായിരുന്നു. പുതിയ മാറ്റം സംബന്ധിച്ച് ജിമെയിലിന്റെ സപ്പോര്‍ട്ട് പേജില്‍ ഗൂഗിള്‍ അറിയിപ്പ് നല്‍കിക്കഴിഞ്ഞു.

2024 ജനുവരി ആദ്യം മുതല്‍ ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ ലഭിക്കില്ലെന്നും, അങ്ങനെ ജിമെയില്‍ തുറന്നിരുന്നവര്‍ നിലവിലുള്ള സ്റ്റാന്‍ഡേര്‍ഡ് വ്യൂവിലേക്ക് ഓട്ടോമാറ്റികായി മാറുമെന്നും അറിയിപ്പില്‍ പറയുന്നു. ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് ജിമെയിലില്‍ നിന്ന് ഇ-മെയിലായും ലഭിക്കുന്നുണ്ട്. ഡെസ്‍ക്ക്ടോപ്പിലും മൊബൈലിലും പുതിയ മാറ്റം ബാധകമായിരിക്കും. ജിമെയിലിന്റെ പൂര്‍ണമായ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത പതിപ്പായിരുന്നു പത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ എന്ന് ജിമെയില്‍ സപ്പോര്‍ട്ട് പേജിലെ അപ്‍ഡേഷന്‍ പറയുന്നു. എന്നിരുന്നാലും 2024 ആദ്യത്തില്‍ ഇത് പൂര്‍ണമായി നിര്‍ത്തുന്നത് വരെ ഉപയോക്താക്കാള്‍ക്ക് ആവശ്യമെങ്കില്‍ ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ ഉപയോഗിക്കാനും സാധിക്കും. 

ഓഗസ്റ്റിൽ ഇന്ത്യയിൽ പണി കിട്ടിയത് 74 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾക്ക്, പൂട്ടിട്ട് മെറ്റ !

ജിമെയിലിന്റെ പുതിയ പതിപ്പുകളില്‍ ലഭ്യമായിട്ടുള്ള ചാറ്റ്, സ്‍പെല്‍ ചെക്കര്‍, സെര്‍ച്ച് ഫില്‍ട്ടറുകള്‍, കീബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍, റിച്ച് ഫോര്‍മാറ്റിങ് തുടങ്ങിയവയൊന്നും ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂവില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്റര്‍നെറ്റ് വേഗത പരിമിതമായിരുന്ന സന്ദര്‍ഭങ്ങളില്‍ ഇവ ഏറെ പ്രയോജനകരമായിരുന്നു. ബേസിക് എച്ച്റ്റിഎംഎല്‍ വ്യൂ അവസാനിപ്പിക്കുമ്പോള്‍ പകരം വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കായി എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുമോ എന്ന് ഗൂഗ്ള്‍ വ്യക്തമാക്കിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!