Latest Videos

500 കോടി ഡോളര്‍ കേസ്: ഗൂഗിളിലെ ഈ സെര്‍ച്ച് വിവരശേഖരം നീക്കം ചെയ്യാന്‍ തീരുമാനം

By Web TeamFirst Published Apr 3, 2024, 5:20 AM IST
Highlights

കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി സമ്മതിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്.

ഇന്‍കൊഗ്‌നിറ്റോ വിഷയത്തില്‍ ഗൂഗിളിനെതിരായ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് വിവരങ്ങളുടെ വന്‍ ശേഖരം നീക്കം ചെയ്യുമെന്ന് സൂചന. ഇന്‍കൊഗ്‌നിറ്റോ മോഡ് അഥവാ പ്രൈവറ്റ് മോഡില്‍ ആയിരുന്ന ഉപഭോക്താക്കളുടെ സെര്‍ച്ച് വിവരങ്ങള്‍ ശേഖരിച്ച് അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്ന പേരില്‍ ഗൂഗിളിനെതിരെ നിയമ സ്ഥാപനമായ ബോയസ് ഷില്ലര്‍ ഫ്ളെക്സ്നര്‍ കേസ് നല്‍കിയിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കമ്പനി സമ്മതിച്ചേക്കുമെന്നാണ് പറയപ്പെടുന്നത്. ഇനി മുതല്‍ വിവരശേഖരണത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ഗൂഗിള്‍ അറിയിച്ചു.

2020ലാണ് 500 കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ബോയസ് ഷില്ലര്‍ ഫ്ളെക്സ്നര്‍ ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചത്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ഗൂഗിള്‍ ക്രോമിലെ ഇന്‍കൊഗ്‌നിറ്റോ മോഡിലും മറ്റ് ബ്രൗസറുകളിലെ പ്രൈവറ്റ് മോഡിലും ഇന്റര്‍നെറ്റ് ഉപയോഗിച്ചവരുടെ സെര്‍ച്ച് ആക്ടിവിറ്റി ഗൂഗിള്‍ ട്രാക്ക് ചെയ്തു എന്നായിരുന്നു കേസ്. തുടര്‍ന്ന് 2023 ഡിസംബറില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചു. 

നേരത്തെ കേസ് തള്ളണമെന്ന ഗൂഗിളിന്റെ ആവശ്യം കോടതി നിഷേധിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ കോടതിയിലാണ് ഒത്തുതീര്‍പ്പ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജൂലായ് 30നാണ് കേസില്‍ ഇനി കോടതി വാദം കേള്‍ക്കുന്നത്. വാദം കേള്‍ക്കുന്ന ജഡ്ജി വോന്നെ ഗോണ്‍സാലസ് റോജേഴ്സാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. നിലവിലെ കേസില്‍ നഷ്ടപരിഹാരതുകയ്ക്ക് പകരമായാണ് വിവരശേഖരം നീക്കം ചെയ്യാമെന്ന വ്യവസ്ഥ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ യുഎസിലെ ഉപഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനാവുമെന്നത് ശ്രദ്ധേയമാണ്.

കൊല്ലപ്പെട്ടത് മഞ്ഞുമ്മൽ സ്വദേശിയായ നടൻ; വിനോദ് അഭിനയിച്ചത് 14ലധികം സിനിമകളില്‍, ആദ്യത്തേത് മമ്മൂട്ടി ചിത്രം 

 

tags
click me!