Latest Videos

സുന്ദരികളേ ഇതിലേ വരൂ, ഇനിയേത് ലിപ്സ്റ്റിക്കാണ് നിങ്ങള്‍ക്ക് ചേരുന്നതെന്നു ഗൂഗിള്‍ പറയും

By Web TeamFirst Published Dec 19, 2020, 8:55 AM IST
Highlights

ഗൂഗിളുമായി സഹകരിച്ച ബ്രാന്‍ഡുകളില്‍ നിന്ന് ഉപയോക്താക്കള്‍ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്കായി തിരയുമ്പോള്‍, അവരുടെ സേര്‍ച്ച് റിസല്‍റ്റിനു മുകളില്‍ ഒരു വെര്‍ച്വല്‍ അനുഭവം ആസ്വദിക്കാനുള്ള ഒരു ഓപ്ഷന്‍ ലഭിക്കും.

കളിച്ചു കളിച്ചു ഗൂഗിള്‍ പെണ്‍കുട്ടികളുടെ ചുണ്ടത്തെ നിറം വരെ തീരുമാനിക്കുന്ന സ്ഥിതിയായി. ഓഗ്മെന്റ് റിയാലിറ്റി ഉപയോഗിച്ച് നിങ്ങളുടെ ചുണ്ടിനു ചേരുന്ന ലിപ്സ്റ്റിക്ക് ഏതാണെന്നു വരെ ഇനി ഗൂഗിള്‍ കണ്ടെത്തി തരും. കാലം പോയ പോക്കേ, എന്നു നിശ്വസിക്കണ്ട. ഇതൊരു വലിയ ഡിജിറ്റല്‍ വിപ്ലവമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, സേര്‍ച്ചില്‍ ഈ എആര്‍ (ഓഗ്മെന്റ് റിയാലിറ്റി) ഉപയോഗിച്ച് മൃഗങ്ങളെ 3ഡിയിലേക്ക് മാറ്റുന്ന ഒരു സാങ്കേതികവിദ്യ ഗൂഗിള്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ കാര്യക്ഷമമായി ഷോപ്പിംഗ് നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള രീതിയാണ് ലിപ്സ്റ്റിക്കിലേത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ലിപ്സ്റ്റിക്കുകള്‍, ഐഷാഡോകള്‍ എന്നിവ പോലുള്ള മേക്കപ്പ് പരീക്ഷിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഗൂഗിളുമായി സഹകരിച്ച ബ്രാന്‍ഡുകളില്‍ നിന്ന് ഉപയോക്താക്കള്‍ മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ക്കായി തിരയുമ്പോള്‍, അവരുടെ സേര്‍ച്ച് റിസല്‍റ്റിനു മുകളില്‍ ഒരു വെര്‍ച്വല്‍ അനുഭവം ആസ്വദിക്കാനുള്ള ഒരു ഓപ്ഷന്‍ ലഭിക്കും. ഷേഡുകള്‍ താരതമ്യം ചെയ്യാനും ശരിയായ ഉല്‍പ്പന്നം കണ്ടെത്താനും സഹായിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് വിവിധ സ്‌കിന്‍ടോണുകളെ പ്രതിനിധീകരിക്കുന്ന മോഡലുകളുടെ ഫോട്ടോകളിലൂടെ ക്ലിക്കുചെയ്യാം.

മുന്‍വശത്തെ ക്യാമറ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്വയം ഉല്‍പ്പന്നങ്ങള്‍ പരീക്ഷിക്കാന്‍ കഴിയും. അവര്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, ക്യാമറ ഫീഡിന്റെ അടിയില്‍ വിവിധതരം ലിപ്സ്റ്റിക്ക് അല്ലെങ്കില്‍ ഐഷാഡോ ഷേഡുകള്‍ കാണിക്കുന്നു. ഇത് ഒരു ഉപയോക്താവിനെ 'മനോഹരമാക്കാന്‍' സ്‌നാപ്ചാറ്റ് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്ന എആറിന് സമാനമാണ്. എന്നാല്‍ ഇവിടെ ഉദ്ദേശ്യം വ്യത്യസ്തമാണെന്നു മാത്രം. ഇത് ഗൂഗിളിന്റെ ഷോപ്പിംഗ് ടാബ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്താന്‍ ഉപയോക്താക്കളെ സഹായിക്കുന്നു.

മേക്കപ്പ് ബ്രാന്‍ഡുകളായ എല്‍ ഓറിയല്‍, എസ്റ്റീ ലോഡര്‍, മാക് കോസ്‌മെറ്റിക്‌സ്, ബ്ലാക്ക് ഒപാല്‍, ഷാര്‍ലറ്റ് ടില്‍ബറി എന്നിവയുമായി ഗൂഗിള്‍ പങ്കാളികളായിട്ടുണ്ട്. വിവിധ സ്‌കിന്‍ ടോണുകളുള്ള മോഡലുകളുടെ വിവിധ ഭാഗങ്ങളില്‍ മേക്കപ്പ് ഷേഡുകള്‍ പരീക്ഷിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനോ അല്ലെങ്കില്‍ അവരുടെ മുന്‍ ക്യാമറ ഉപയോഗിച്ച് സ്വയം ഉപയോഗിക്കുന്നതിലൂടെയോ ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടി ബ്രാന്‍ഡുകള്‍ക്ക് എആര്‍ ടെക് വാഗ്ദാനം ചെയ്യുന്ന ഡാറ്റാ പങ്കാളികളായ മോഡിഫേസ്, ജനപ്രിയ യൂകാം മേക്കപ്പ് ആപ്ലിക്കേഷന്റെയും മറ്റ് ബ്യൂട്ടി ടെക്കിന്റെയും നിര്‍മ്മാതാക്കളായ പെര്‍ഫെക്റ്റ് കോര്‍പ്പ് എന്നിവരുടെ സഹായത്തോടെയാണ് ഗൂഗിള്‍ പുതിയ സവിശേഷത സൃഷ്ടിച്ചത്.

ഇതൊരു പരസ്യ ഫോര്‍മാറ്റായി കണക്കാക്കുന്നില്ലെന്നും പങ്കെടുക്കുന്ന ബ്രാന്‍ഡുകള്‍ ഗൂഗിളിന് പണം നല്‍കുന്നില്ല. ഗൂഗിളിന്റെ ഷോപ്പിംഗ് ടാബ് മുമ്പ് പണമടച്ചുള്ള ഉല്‍പ്പന്ന ലിസ്റ്റിംഗുകളില്‍ പരിമിതപ്പെടുത്തിയിരുന്നു. ഷോപ്പിംഗ് ടാബിലെ റീട്ടെയില്‍ ലിസ്റ്റിംഗുകളില്‍ ഭൂരിഭാഗവും സൗജന്യമാക്കുമെന്ന് ഈ വര്‍ഷം ഗൂഗിള്‍ പ്രഖ്യാപിച്ചു. കൂടാതെ, ഗൂഗിള്‍ ഷോപ്പിംഗില്‍ കാണുന്ന വീഡിയോകളില്‍ അവരുടെ പ്രിയപ്പെട്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് വിദഗ്ധരുടെ ശുപാര്‍ശകളും ഗൂഗിള്‍ ഇനി കാണിക്കും. ഈ വര്‍ഷം ആദ്യം, വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോം ഗൂഗിള്‍ ഡ്യുവോ നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വീഡിയോ വിളിക്കുമ്പോള്‍ ഉപയോഗയോഗ്യമായ പുതിയ ലോറിയല്‍ പാരീസ് ലിപ്സ്റ്റിക്ക് ഫില്‍ട്ടറുകളുടെ ഒരു ശ്രേണി ചേര്‍ത്തിരുന്നു.

click me!