ഇന്‍സ്റ്റഗ്രാം പ്രേമികള്‍ക്ക് നല്ല വാര്‍ത്തയല്ല; ഉടന്‍ ചെയ്യേണ്ടത്.!

By Web TeamFirst Published Sep 25, 2020, 11:53 AM IST
Highlights

ഈ സുരക്ഷ പിഴവ് വഴി ഒരു ഹാക്കര്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്‍റെ ഫോട്ടോകളും സന്ദേശങ്ങളും പൂര്‍ണ്ണമായും വരുതിയിലാക്കുവാന്‍ കഴിയുമെന്നാണ് ചെക്ക് പൊയന്‍റ് പറയുന്നത്.

ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം ജനപ്രിയമാണ്. എന്നാല്‍ സ്വന്തം അക്കൌണ്ടിന്‍റെ എല്ലാ നിയന്ത്രണവും അത് ഉപയോഗിക്കുന്ന ഉപയോക്താവിന് നഷ്ടപ്പെടുന്ന സുരക്ഷ പ്രശ്നം ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം ആദ്യമാണ് ഈ സുരക്ഷ പിഴവ് സൈബര്‍ സുരക്ഷ സ്ഥാപനമായ ചെക്ക് പൊയന്‍റ് കണ്ടെത്തിയത്.

ഈ സുരക്ഷ പിഴവ് വഴി ഒരു ഹാക്കര്‍ക്ക് ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്‍റെ ഫോട്ടോകളും സന്ദേശങ്ങളും പൂര്‍ണ്ണമായും വരുതിയിലാക്കുവാന്‍ കഴിയുമെന്നാണ് ചെക്ക് പൊയന്‍റ് പറയുന്നത്. ഇന്‍സ്റ്റഗ്രാം ഉടമസ്ഥരായ ഫേസ്ബുക്കിനെ ഈ പിഴവ് അറിയിച്ചതായും ഇവര്‍ ബന്ധപ്പെട്ട നടപടികളിലേക്ക് കടന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

ഇന്‍സ്റ്റഗ്രാമിലെ ഈ പിഴവ് മുതലെടുക്കുന്ന ഹാക്കര്‍ക്ക് ഇതുവഴി യൂസര്‍ ഉപയോഗിക്കുന്ന ഫോണിലെ ഫോണ്‍ കോണ്‍ടാക്റ്റ്, ക്യാമറ, ലോക്കേഷന്‍ ഹിസ്റ്ററി ഇവയെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. ഫോണില്‍ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഉപയോക്താവ് അതിന് ഫോണിന്‍റെ മൈക്രോഫോണ്‍, ലോക്കേഷന്‍, ക്യാമറ, കോണ്‍ടാക്റ്റ് എന്നിവയില്‍ അനുമതി നല്‍കുന്നുണ്ട്. അതിനാലാണ് ഇവയും ഹാക്കര്‍ക്ക് ലഭിക്കാന്‍ സാധ്യത എന്നാണ് ചെക്ക് പോയന്‍റ് പറയുന്നത്.

ഇത്തരം ഹാക്കിംഗ് റിമോട്ട് കോഡ് എക്സിക്യൂഷന്‍ ( ആര്‍.സി.ഇ) വഴിയാണ് നടക്കുക എന്നാണ് ചെക്ക് പോയന്‍റ് പറയുന്നത്. ഇതുവഴി വിദൂരതയില്‍ ഇരുന്ന് ഒരു ഹാക്കര്‍ക്ക് ഒരു ഉപയോക്താവിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് നിയന്ത്രിക്കാം. ഇതിലൂടെ ഒരു വ്യക്തിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് ഒരു സ്പൈ ടൂളായി പോലും ഉപയോഗിക്കാപ്പെടാം എന്നാണ് മുന്നറിയിപ്പ്. 

‘Mozjpeg’ എന്ന ജെപെക് ഫോര്‍മാറ്റ് ഫയല്‍ ഡീകോഡര്‍ വഴിയാണ് ഈ ഹാക്കിംഗ് നടക്കാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏതെങ്കിലും ഫയല്‍ വഴി ഒരു യൂസറുടെ ഫോണില്‍ എത്തുന്ന ഫയല്‍. എപ്പോഴെങ്കിലും ഈ യൂസര്‍ ഇന്‍സ്റ്റഗ്രാം ആപ്പ് തുറക്കുന്ന വേളയില്‍ അതിന്‍റെ പണി ആരംഭിക്കും. ഇതിലൂടെ ഹാക്കര്‍ക്ക് ഇന്‍സ്റ്റഗ്രാം ആപ്പിന്‍റെ നിയന്ത്രണം ലഭിക്കും.

ഈ സൈബര്‍ സുരക്ഷ പ്രശ്നത്തില്‍ നിന്നും രക്ഷ നേടാന്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇന്‍സ്റ്റഗ്രാം നല്‍കിയ ഒരു അപ്ഡേഷനും  നിങ്ങളുടെ ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഒഴിവായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ചെക്ക് പൊയന്‍റ് പറയുന്നു. 

click me!