വിലക്കും നിരോധനവും അവസരമാക്കുമോ വാവെയ്; ഈ കണ്ടതൊന്നും അല്ല കളി.!

By Arun Raj K MFirst Published Jun 10, 2019, 5:40 PM IST
Highlights

ചൈനക്കായി ചാരപ്പണി ചെയ്യുന്നു, അമേരിക്കയുടെ രാഷ്ട്ര സുരക്ഷക്ക് വെല്ലുവിളി ഉയ‌ത്തുന്നു എന്നതൊക്കെയാണ് വാവെക്കെതിരെയുള്ള ആരോപണം. ഇതിന് വ്യക്തമായ തെളിവുകളുണ്ടോ എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ് അതേ സമയം ആരോപണങ്ങൾ തീർത്തും കഴമ്പില്ലാത്തവയും അല്ല. തൽക്കാലം ആ കഥ അവിടെ നിൽക്കട്ടെ 

"വാവെയ് ഫോണുകളിൽ ഇനി ആൻഡ്രോയിഡ് ഇല്ല "
" വാവെയ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മുട്ടൻ പണി ഫേസ്ബുക്ക് ഇനി പ്രീ ഇൻസ്റ്റാൾ ചെയ്ത് നൽകില്ല... "

കുറച്ച് ദിവസമായി വാവെയ് ആണ് വാർത്ത. എല്ലാ വാർത്തകളും ഒരേ മട്ടിലാണ്, വാവെയ് ഉപയോഗിക്കുന്നവർക്ക് പണി. വാവെയ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ലൈൻ. അല്ല ശരിക്കും ഇപ്പോ എന്താ ഉണ്ടായേ,

പ്രശ്നം തുടങ്ങിയത് ഇന്നും ഇന്നലെയുമൊന്നുമല്ല നീറിയും പുകഞ്ഞും തുടരുന്ന ചൈന അമേരിക്ക പോരിന്‍റെ പുതിയ തലമാണ് വാവെയ്ക്ക് മേലുള്ള ഇപ്പോഴത്തെ വിലക്കുകൾ. വാവെ ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ മെങ്ങ് വാൻസോയെ കാനഡയിൽ വച്ച് അറസ്റ്റ് ചെയ്യിപ്പച്ചതോടെയാണ് സംഭവങ്ങൾ മറ്റൊരു തലത്തിലേക്കെത്തുന്നത്. 

ചൈനക്കായി ചാരപ്പണി ചെയ്യുന്നു, അമേരിക്കയുടെ രാഷ്ട്ര സുരക്ഷക്ക് വെല്ലുവിളി ഉയ‌ത്തുന്നു എന്നതൊക്കെയാണ് വാവെക്കെതിരെയുള്ള ആരോപണം. ഇതിന് വ്യക്തമായ തെളിവുകളുണ്ടോ എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ് അതേ സമയം ആരോപണങ്ങൾ തീർത്തും കഴമ്പില്ലാത്തവയും അല്ല. തൽക്കാലം ആ കഥ അവിടെ നിൽക്കട്ടെ.

പ്രശ്നം അമേരിക്കക്ക് അങ്ങനെ ഒരു വിലക്ക് വച്ച് പൂട്ടാവുന്ന കമ്പനിയാണോ വാവെ എന്നതാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ടെലികോം മേഖലയിലേക്ക് വേണ്ടുന്ന സാങ്കേതിക ഉപകരണങ്ങളുടെ എറ്റവും വലിയ ഉൽപ്പാദകർ. സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ ആപ്പിളിനെ കടത്തി വെട്ടി രണ്ടാം സ്ഥാനത്തെത്തിയ വാവെക്ക് മുന്നിൽ സാംസങ്ങ് മാത്രമാണ് ഉള്ളത്. ഇത്രയും വലിയ ഒരു കമ്പനിയെയാണ് അമേരിക്ക വിലക്കെന്ന കൂച്ചുവിലങ്ങിട്ട് പിടിക്കാൻ നോക്കുന്നത്. വെറും ഒരു സ്മാ‌‌ർട്ട് ഫോൺ കമ്പനിയല്ല, നെറ്റ്‍വ‌ർക്ക് ഉപകരണങ്ങളുടെയും കമ്പ്യൂട്ടിംഗ് സാമഗ്രികളുടെയും ലോകത്തെ വമ്പൻ ഉത്പാദകരിലൊരാളാണ് ചൈനീസ് വാവെ. വെറുതെ അങ്ങ് എഴുതി തള്ളാൻ പറ്റില്ല എന്ന് ചുരുക്കം.

അമേരിക്കൻ കമ്പനികൾക്ക് ഇനി വാവെക്ക് സോഫ്റ്റ്‍വെയറോ ഹാർഡ് വെയർ ഘടകങ്ങളോ വിൽക്കാനാകില്ല എന്നതാണ് പ്രശ്നം. സ്മാർട്ട് ഫോണുകളെ കരുത്തരാക്കുന്ന സ്നാപ്പ്ഡ്രാഗൺ പ്രോസസറുകൾ നിർമ്മിക്കുന്നത് അമേരിക്കൻ കമ്പനിയായ ക്വാൽക്കോം ആണ്. വിലക്ക് വരുന്നതോടെ പുത്തൻ പ്രോസസറുകൾ വാവെക്ക് അന്യമാകും. പിന്നെ സ്മാർട്ട് ഫോണുകളിൽ ഉപയോഗിക്കുന്ന ഗൊറില്ല ഗ്ലാസുകൾ നിർമ്മിക്കുന്ന കോ‌ർണിംഗ്. അതും അമേരിക്കൻ കമ്പനിയാണ്. 

ആൻഡ്രോയിഡാണ് അടുത്ത പ്രശ്നം. ആൻഡ്രോയിഡ് എന്ന ഓഎസ് ഇല്ലാതെ ഒരു ഫോണിന് വിപണിയിൽ പിടിച്ച് നിൽക്കാനാകുമോ ? ഇനി പുറത്തിറങ്ങാനിരിക്കുന്ന വാവെയ്, ഓണര്‍ ഫോണുകളില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമോ ആപ്പുകളോ ലഭിക്കില്ല. ഇതൊന്നുമില്ലെങ്കിൽ പിന്നെ എന്ത് സ്മാർട്ട്ഫോൺ ? അല്ലേ.

ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ഇതിനെയെല്ലാം നേരിടാൻ വാവെക്കായാലോ ? ചൈനീസ് സർക്കാറിന്‍റെ പൂർണ്ണ പിന്തുണയുണ്ട് വാവെക്ക്. സ്വന്തമായി മൊബൈൽ പ്രോസസർ ചിപ്പുകൾ നിർമ്മിക്കാൻ വാവെയോ മറ്റ് ചൈനീസ് കമ്പനികളോ ഇറങ്ങി തിരിച്ചാൽ എന്ത് സംഭവിക്കും. 

ആൻഡ്രോയ്ഡിന്‍റെ ഗൂഗിൾ നിർമ്മിത പതിപ്പിന് പകരം അതിന്‍റെ ഓപ്പൺ സോഴ്സ് മൂല രൂപത്തിലേക്ക് തിരിച്ചു പോകുകയോ. സ്വന്തമായി മറ്റൊരു ഓഎസ് നിർമ്മിക്കുകയോ കൂടി ചെയ്താലോ. അപ്പോഴാണ് കളി കാര്യമാകുക. ഗൂഗിൾ എന്ന ഭീമന്‍റെ കുത്തകയാണ് ഇന്ന് അക്ഷരാർത്ഥത്തിൽ ഇന്‍റർനെറ്റ് അത് അങ്ങനെ ആക്കിയതിൽ ചെറുതല്ലാത്ത പങ്കുണ്ട് ആൻഡ്രോയ്ഡ് എന്ന പടക്കുതിരക്ക്. നമ്മൾ പോലും അറിയാതെ നമ്മളെയെല്ലാം ഗൂഗിൾ അക്കൗണ്ട് എടുക്കാൻ പ്രേരിപ്പിക്കുകയും അത് ഉപയോഗിക്കാൻ നിർബന്ധിക്കുകയും ചെയ്ത ആൻഡ്രോയ്ഡ്. അവനെ വെല്ലാൻ വാവെയ് ഒരു പുത്തൻ ഓഎസ് എത്തിക്കുകയും അത് വിജയിക്കുകയും ചെയ്താൽ തകരുന്നത് ഗൂഗിളിന്‍റെ കുത്തകയായിരിക്കും അത് വഴി ടെക് ലോകത്തിന് മേലുള്ള അമേരിക്കൻ മേധാവിത്വത്തിനും വെല്ലുവിളി ഉയർന്ന് വരും.

പ്രതിസന്ധി കമ്പനിയെ കാര്യമായി ബാധിക്കില്ലെന്ന് ചൈനീസ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വാവെയ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ റെൻ സെംഗ്ഫീ പറഞ്ഞത് വെറുതെയാവാൻ വഴിയില്ല. തത്കാലം കമ്പനിയുടെ വരുമാനത്തിൽ നേരിയ ഇടിവു നേരിടുമായിരിക്കാം പുതിയ സംവിധാനങ്ങൾ തയ്യാറാക്കാൻ സമയമെടുക്കുമായിരിക്കാം പക്ഷേ അടിയുറച്ച തീരുമാനങ്ങളുമായി ഇരു വിഭാഗവും മുന്നോട്ട് പോകുകയാണെങ്കിൽ പിറക്കാൻ പോകുന്നത് പുതു ചരിത്രമാണ്. 

ഇതിനെല്ലാം വലിയ പ്രശ്നം 5 ജി ആണ്. 5 ജി സാങ്കേതിക വിദ്യ സ്വായത്തമാക്കിയ എണ്ണം പറഞ്ഞ കമ്പനികളിലൊന്നാണ് വാവെയ്. ലോകത്ത് എറ്റവും അധികം രാജ്യങ്ങൾ 5ജിയിലേക്ക് മാറാൻ ഉപയോഗിക്കുന്നതും വാവെയുടെ സാങ്കേതിക വിദ്യയും ഉപകരണങ്ങളുമാണ്. വാവെയെ വിലക്കണമെന്ന യുഎസ് നിർദ്ദേശം യൂറോപ്യൻ യൂണിയനും ജർമ്മനിയും ഒക്കെ നൈസായിട്ട് തള്ളിയത് ഇത് കൊണ്ടാണ്. വാവെയ് ഇല്ലെങ്കിൽ 5ജി വൈകും. അങ്ങനെ വൈകിപ്പിക്കാൻ ആരെങ്കിലും തയ്യാറാകുമോ ? നോക്കിയ ആണ് പിന്നെ ഈ രംഗത്തുള്ളത് പക്ഷേ പല കാരണങ്ങൾ കൊണ്ടും വാവെയ് ആണ് ഒന്നാമത്തെ ഓപ്ഷൻ പലർക്കും. വാവെയെ വിലക്കുക വഴി 5ജിയെക്കൂടിയാണ് അമേരിക്ക വൈകിപ്പിച്ചിട്ടുള്ളത്.

അമേരിക്കൻ ഭരണകൂടത്തിന് ഇതെല്ലാം മനസിലായെങ്കിലും ഇല്ലെങ്കിലും ഗൂഗിളിന് സംഭവങ്ങളുടെ പോക്ക് പന്തിയല്ല എന്ന് മനസിലായിട്ടുണ്ട്. ഇതിനെയെല്ലാം മറികടക്കാനുള്ള വഴികളും തേടി തുടങ്ങിയിട്ടുണ്ട്. ഇനി കളി കാണാനുള്ള സമയമാണ്. 

ലാസ്റ്റ്‍വേര്‍ഡ്: പിന്നെ ഫേസ്ബുക്ക്, അത് ഇൻസ്റ്റാൾ ചെയ്യാൻ കാക്കത്തൊള്ളായിരം വഴികൾ വേറെയുണ്ട്, പ്ലേസ്റ്റോ‌റും ഡിഫോൾട്ട് ഇൻസ്റ്റാളും അല്ലാതെ. പിന്നെ ഇപ്പോ ടിക് ടോക്ക് ഒക്കെയാണല്ലോ ട്രെൻഡ്.....
 

click me!