വാവ്വെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Feb 27, 2021, 10:28 AM IST
Highlights

തങ്ങളുടെ ഇലക്ട്രിക്ക് കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് അറിയുന്നത്.

ബീയജിംഗ്: ചൈനീസ് ടെക് ഭീമന്‍ വാവ്വെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റോയിട്ടേര്‍സാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിടുന്നത്. യൂറോപ്യന്‍, യുഎസ് ഉപരോധങ്ങള്‍ നേടുന്ന ചൈനയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വാവ്വെ തങ്ങളുടെ ബിസിനസ് ലക്ഷ്യങ്ങള്‍ തന്നെ മാറ്റുവാനുള്ള നീക്കമാണ് നടത്തുന്നത് എന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഈ വര്‍ഷം തന്നെ ഇ-കാര്‍ മോഡലുകള്‍ വാവ്വെ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തങ്ങളുടെ ഇലക്ട്രിക്ക് കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി വാവ്വെ ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സുമായി കരാറില്‍ എത്തിയേക്കുമെന്നാണ് അറിയുന്നത്. വാവ്വെയുടെ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാണത്തിന് ഷാന്‍ഗന്‍ ഓട്ടോമൊബൈല്‍സിന്‍റെ പ്ലാന്‍റുകള്‍ ഉപയോഗിക്കാനായിരിക്കും ഈ ധാരണ. ഒപ്പം തന്നെ മറ്റുചില ഓട്ടോ കമ്പനികളുമായി വാവ്വെ ഈ വിഷയത്തില്‍ ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്.

ബിഎഐസി ഗ്രൂപ്പിന്‍റെ ബ്ലൂപാര്‍ക്ക് ന്യൂ എനര്‍ജി ടെക്നോളജിയുമായും വാവ്വെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. യുഎസ് വിലക്കുകള്‍ നിലനില്‍ക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് വലിയ സ്മാര്‍ട്ട്ഫോണ്‍ കമ്പനികളില്‍ ഒന്നായ വാവ്വെയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചത്. സ്മാര്‍ട്ട്ഫോണ്‍ വിപണനത്തില്‍ വലിയ വെല്ലുവിളിയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.

ഇതിനാല്‍ തന്നെയാണ് തങ്ങളുടെ ബിസിനസ് മോഡല്‍ തന്നെ മാറ്റുവാന്‍ ചൈനീസ് കമ്പനി ശ്രമം ആരംഭിച്ചിരിക്കുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ട്രംപ് സര്‍ക്കാറാണ് വാവ്വെയ്ക്ക് രാജ്യ സുരക്ഷ കാരണങ്ങളാല്‍ വിവിധ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റും നീണ്ടും. 

click me!