ആന്‍ഡ്രോയ്ഡിനെ വെല്ലാന്‍ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ

By Web TeamFirst Published Aug 9, 2019, 7:09 PM IST
Highlights

ഹാര്‍മണി ഒഎസ് എന്നാണ് ഇപ്പോള്‍ വാവ്വേ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. 

ബിയജിംഗ്: ആന്‍ഡ്രോയ്ഡിന് വെല്ലുവിളി ഉയര്‍ത്തി തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രഖ്യാപിച്ച് വാവ്വെ. ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡില്‍ നിന്നും വിലക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഇത്തരം ഒരു മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രഖ്യാപനം നേരത്തെ വാവ്വെ നടത്തിയിരുന്നു. എന്നാല്‍ ഇത് ആദ്യമായാണ് ഇതിന്‍റെ വിവരങ്ങള്‍ പുറത്തുവിടുന്നത്. 

ഹാര്‍മണി ഒഎസ് എന്നാണ് ഇപ്പോള്‍ വാവ്വെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നല്‍കിയിരിക്കുന്ന പേര്. വാവ്വേയുടെ ഏറ്റവും ജനപ്രിയമായ ഫോണുകളില്‍ എല്ലാം ഈ ഒഎസ് ആയിരിക്കും. വാവ്വേ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് വിലക്കുള്ള രാജ്യങ്ങളിലായിരിക്കും ഇത് ഉപയോഗിക്കുക. വാവ്വേ തുടര്‍ന്നും ആന്‍ഡ്രോയ്ഡ് തങ്ങളുടെ ഫോണുകളില്‍ ഉപയോഗിക്കും. എന്നാല്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും സാധിക്കും രീതിയിലാണ് ഇനി ഫോണ്‍ രൂപപ്പെടുത്തുക. 

ആന്‍ഡ്രോയ്ഡ് നിരോധനം വന്നതോടെ വന്‍ തിരിച്ചടിയാണ് വാവ്വെയ്ക്ക് സംഭവിച്ചത്. ഇവരുടെ ഉത്പന്ന വില്‍പ്പനയും വരുമാനവും ഇരട്ടിയോളം ഇടിഞ്ഞു. പുതിയ ഹാര്‍മണി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം വിവിധ ആപ്പുകള്‍ അടക്കം ഒരു ഒഎസ് ഇക്കോ സിസ്റ്റം തന്നെ വികസിപ്പിക്കും എന്നാണ് വാവ്വെ പറയുന്നത്. 

ദക്ഷിണ ചൈനയിലെ വ്യവസായ നഗരമായ ഡൗഗ്വാനില്‍ നടന്ന ചടങ്ങിലാണ് പുതിയ ഒഎസ് വാവ്വെ പ്രഖ്യാപിച്ചത്. വാവ്വെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സ്  എന്നാണ് ഈ ചടങ്ങിനെ വാവ്വെ വിശേഷിപ്പിച്ചത്. ഈ ചടങ്ങില്‍ ചൈനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ വിദഗ്ധര്‍ പങ്കെടുത്തിരുന്നു. 

click me!