അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഇന്ത്യന്‍ വ്യോമസേന

By Web TeamFirst Published May 13, 2019, 10:05 AM IST
Highlights

2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശന സമയത്താണ് 13,952 കോടിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പുവച്ചത്. 

ദില്ലി: ആദ്യ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഇന്ത്യന്‍ വ്യോമസേന.  എഎച്ച് 64ഇ ഐ എന്ന ഹെലികോപ്റ്റര്‍ ഔദ്യോഗികമായി ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായി. ബോയിംഗ് നിര്‍മ്മിച്ച ഈ ഹെലികോപ്റ്റര്‍ ആരിസോണിയിലെ മീസയിലെ ബോയിംഗിന്‍റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച കൈമാറിയത്.  മാര്‍ച്ച് 2020 ന് ഉള്ളില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇത്തരത്തിലുള്ള 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ലഭിക്കും.

2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശന സമയത്താണ് 13,952 കോടിയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പുവച്ചത്. ജൂലൈ മാസത്തില്‍ ആദ്യ ബാച്ച് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തും. അതേ സമയം ഈ ഹെലികോപ്റ്ററുകള്‍ കൈകാര്യം ചെയ്യാനുള്ള പൈലറ്റുമാര്‍ക്കും സാങ്കേതിക ജീവനക്കാര്‍ക്കും അമേരിക്കയിലെ അലബാമയില്‍ പരിശീലനം നല്‍കി വരുകയാണ്. യുഎസ് സൈനിക കേന്ദ്രമായ ഫോര്‍ട്ട് റക്കറില്‍ അമേരിക്കന്‍ വ്യോമസേനയുടെ മേല്‍നോട്ടത്തിലാണ് പരിശീലനം.

വ്യോമസേനയുടെ ആധുനികവത്കരണത്തില്‍ നിര്‍ണ്ണായര ചുവട് വയ്പ്പാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഒരേ സമയം എതിരാളിയുടെ വിവരങ്ങള്‍ അറിയാനും, ആക്രമണത്തിനും പ്രാപ്തമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്. വിവിധ ഉദ്ദേശ ഹെലികോപ്റ്ററുകളില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ എന്ന് വിളിക്കാവുന്നതാണ് എഎച്ച് 64 ഇ. ഇതാണ് യുഎസ് വ്യോമസേന ഉപയോഗിക്കുന്നത്.

click me!