ചൈനീസ് ആപ്പുകള്‍ വേണ്ടേ വേണ്ട; ബദലുകള്‍ സൃഷ്ടിക്കാന്‍ ഐഐടി പൂര്‍വവിദ്യാര്‍ഥി സമിതി

By Web TeamFirst Published Jul 1, 2020, 2:51 PM IST
Highlights

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതിനെ പിന്തുണച്ച കൗണ്‍സില്‍, ചൈനീസ് സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ഇല്ലാതാക്കുവാനുള്ള തങ്ങളുടെ 'മെഗലാബ്' എന്ന സംരംഭത്തിന് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ടെന്ന് അറിയിച്ചു

ദില്ലി: രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയ 59 ചൈനീസ് ആപ്പുകള്‍ക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് പിന്തുണയുമായി ഐഐടി പൂര്‍വവിദ്യാര്‍ഥി സമിതി. ഇപ്പോഴത്തെ നീക്കം ഇന്ത്യന്‍ ഐടി വിപണിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കും. ഇന്ത്യന്‍ സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ആഗോള വിപണിയില്‍ ഈ അവസരത്തിലേക്ക് ഉയരുമെന്നാണ് കൗണ്‍സില്‍ വിശ്വാസം. 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ അപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതിനെ പിന്തുണച്ച കൗണ്‍സില്‍, ചൈനീസ് സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും ഇല്ലാതാക്കുവാനുള്ള തങ്ങളുടെ 'മെഗലാബ്' എന്ന സംരംഭത്തിന് ഇപ്പോള്‍ ഏറെ പ്രസക്തിയുണ്ടെന്ന് അറിയിച്ചു. 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ് (ഐഐടി) യിലും പങ്കാളിത്തമുള്ള ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സിലും (ടൈനെറ്റ്) പൂര്‍വവിദ്യാര്‍ഥികളുടെയും വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും ഏറ്റവും വലിയ ആഗോള സ്ഥാപനമാണ് ഐഐടി പൂര്‍വവിദ്യാര്‍ഥി കൗണ്‍സില്‍.

ചൈനീസ് സിസ്റ്റങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും പകരമായി തദ്ദേശീയവും ചെലവ് കുറഞ്ഞതുമായ ബദല്‍ വികസിപ്പിക്കുന്നതിനുമായി വിവിധ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സുമായി കൗണ്‍സില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍ടിപിസിആര്‍ പ്രക്രിയയില്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഡിസ്‌പോസിബിളുകളും റീസൈക്കിള്‍ ചെയ്യുന്നതിന് ഐഐടി റൂര്‍ക്കിയുമായുള്ള ഒരു സംരംഭം ഇതില്‍ ഉള്‍പ്പെടുന്നു. വൈറല്‍ സാമ്പിള്‍ ട്യൂബുകള്‍, സാമ്പിള്‍ പ്ലേറ്റുകള്‍, വലിയ അളവില്‍ ഉപയോഗിക്കുന്ന പൈപ്പറ്റ് ടിപ്പുകള്‍ എന്നിവ ജൈവ അപകടകരമായ മാലിന്യ വെല്ലുവിളികള്‍ക്കു കാരണമാകുന്നു. ഇതിനെ മറികടക്കാനാണ് കൗണ്‍സില്‍ ശ്രമം.

മെഗാ ലാബില്‍ ഉപയോഗിക്കേണ്ട ആര്‍ടിപിസിആര്‍ 2.0 ടെസ്റ്റ് കിറ്റുകളുടെ വന്‍തോതിലുള്ള ഉല്‍പാദനത്തിനായി തദ്ദേശീയ സാങ്കേതിക ലൈന്‍ രൂപകല്‍പ്പന ചെയ്യുന്നതിനും പൈലറ്റ് ടെസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ ഐസിടി മുംബൈ പിന്തുണയ്ക്കുന്നു. 'മെഗാ ലാബ് ഉള്‍പ്പെടെയുള്ള എല്ലാ സംരംഭങ്ങള്‍ക്കും ചൈനീസ് സിസ്റ്റങ്ങള്‍ക്കും സോഫ്റ്റ്‌വെയറുകള്‍ക്കും ഐഐടി പൂര്‍വവിദ്യാര്‍ഥി കൗണ്‍സില്‍ അടിയന്തര നിരോധനം പ്രഖ്യാപിക്കുകയാണ്,' ഐഐടി പൂര്‍വവിദ്യാര്‍ഥി സമിതിയുടെ പ്രസിഡന്റും ചീഫ് വോളണ്ടിയറുമായ രവി ശര്‍മ പറഞ്ഞു.

'ആത്മനിര്‍ഭര്‍ ഭാരതത്തിന്' പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ആവശ്യമായ സംവിധാനങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും തദ്ദേശീയ വികസനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ഇതിനകം ആരംഭിച്ചിരുന്നു. ആഗോള ഐഐടി പൂര്‍വവിദ്യാര്‍ഥി സമൂഹത്തിന്റെയും ലോകമെമ്പാടുമുള്ള സാങ്കേതിക മേധാവിത്വത്തിന് പേരുകേട്ട പങ്കാളി സ്ഥാപനങ്ങളായ മുംബൈ യൂണിവേഴ്‌സിറ്റി, ഐസിടി മുംബൈ എന്നിവയുടെ പിന്തുണയോടെ ലോകോത്തര സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ട്,' അദ്ദേഹം പറഞ്ഞു.

ഐഐടി പൂര്‍വവിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പവന്‍ കുമാര്‍ അവരുടെ എല്ലാ സംരംഭങ്ങള്‍ക്കും സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മാത്രമല്ല, അവരുടെ സോഫ്റ്റ്‌വെയര്‍, ടെസ്റ്റിംഗ് സംവിധാനങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞു.

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ വ്യവസായം ഏത് മാര്‍ക്കറ്റിലും വിജയിക്കാന്‍ ഒരുങ്ങുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ സോഫ്റ്റ്‌വെയറും സിസ്റ്റം നിര്‍മ്മാതാക്കളും ഈ അവസരത്തിലേക്ക് ഉയരുമെന്നും ഉടന്‍ തന്നെ ഇന്ത്യന്‍, ആഗോള വിപണിയില്‍ തദ്ദേശീയമായ ബദലുകള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!