Latest Videos

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണം: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

By Web TeamFirst Published Oct 27, 2023, 8:53 AM IST
Highlights

മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈയുമായുള്ള സംഭാഷണത്തിൽ, ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂർത്തി ചൂണ്ടിക്കാണിച്ചു. 

ബെംഗലൂരു: ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന നിർദേശവുമായി ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ഇത് വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ദേശീയ തൊഴിൽ സംസ്കാരം ഉയർത്താനും ആഗോളതലത്തിൽ ഫലപ്രദമായി മത്സരിക്കാനുമായാണ് പുതിയ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

3വണ്‍4 ക്യാപിറ്റലിന്റെ പോഡ്‌കാസ്റ്റായ 'ദി റെക്കോർഡി'ന്‍റെ ഉദ്ഘാടനത്തിൽ സംസാരിക്കവേയാണ് ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത മാറ്റേണ്ടതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ യുവാക്കൾ കൂടുതൽ ജോലിസമയം എന്നതിന് പ്രാധാന്യം കൊടുത്തില്ലെങ്കിൽ  സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ രാജ്യം പാടുപെടുമെന്ന് അദ്ദേഹം വാദിച്ചു.

മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈയുമായുള്ള സംഭാഷണത്തിൽ, ലോകത്തിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ഇന്ത്യയുടെ അധ്വാന ഉല്പാദനക്ഷമതയെക്കുറിച്ചും മൂർത്തി ചൂണ്ടിക്കാണിച്ചു. ഗവൺമെന്റ് അഴിമതിയും ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയും ഉൾപ്പെടെ ഇന്ത്യയുടെ പുരോഗതിക്കുള്ള മറ്റ് തടസ്സങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ആഗോള മുൻനിരക്കാരനായി ഉയർന്നുവരുന്നതിന് ഈ തടസ്സങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടാതെ ഇന്നത്തെ യുവാക്കളോട് രാഷ്ട്രനിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭ്യർത്ഥിച്ചു. "ഇത് തന്റെ രാജ്യമാണ്, ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു ' എന്ന് ചെറുപ്പക്കാർ പറയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജനസംഖ്യയുടെ ഭൂരിഭാഗം യുവത്വമാണെന്നും അവർക്ക് രാജ്യത്തെ കെട്ടിപ്പടുക്കാനാകുമെന്നും മൂർത്തി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഒല ഇലക്ട്രിക്കിന്റെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ മൂർത്തിയുടെ പ്രസ്താവനകളോട് ഇതിനകം പ്രതികരിച്ചു. അദ്ദേഹം അവതരിപ്പിച്ച ആശയങ്ങളോട് യോജിച്ചു കൊണ്ടാണ് അഗർവാൾ രംഗത്ത് വന്നിരിക്കുന്നത്. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള സമർപ്പണവും കൂട്ടായ പ്രതിബദ്ധതയും ഇന്നത്തെ കാലം  ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

"മിസ്റ്റർ മൂർത്തിയുടെ വീക്ഷണങ്ങളോട് പൂർണ്ണമായും യോജിക്കുന്നുവെന്നും കുറച്ച് ജോലി ചെയ്യാനും സ്വയം രസിപ്പിക്കാനുമുള്ള നിമിഷമല്ല ഇത് എന്നും അദ്ദേഹം പറഞ്ഞു. മറിച്ച്, മറ്റ് രാജ്യങ്ങൾ നിരവധി തലമുറകൾ കൊണ്ട് നിർമ്മിച്ചവയെ ഒരു തലമുറയാൽ പടുത്തുയർത്താനുള്ള  ശ്രമം നടത്തേണ്ട സമയമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.

നിങ്ങളുടെ പേരില്‍ സ്മാര്‍ട്ട് ഫോണുകള്‍ ഈ വിഭാഗത്തിലുള്ളതാണോ? എങ്കില്‍ വാട്സ്ആപ് പണി മുടക്കും

Asianet News Live

click me!