
ടെഹ്റാന്‍: ഇറാനിലെ (Iran) എണ്‍പത് ശതമാനത്തോളം ഇന്ധന സ്റ്റേഷനുകളെ ബാധിച്ച സൈബര്‍ ആക്രമണത്തിന് (Cyber Attack) ശേഷം ഇവിടുത്തെ പമ്പുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുധനാഴ്ചയാണ് ഇറാനിലെ 3,000 ഇന്ധന സ്റ്റേഷനുകളിലേക്കുള്ള (Fuel Stations) വിതരണ സംവിധാനത്തെ ലക്ഷ്യം വച്ച് സൈബര്‍ ആക്രമണം നടന്നത്. ഇതോടെ ഈ ഇന്ധന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. വലിയ ആക്രമണമാണ് നടന്നത് എന്നാണ് നാഷണല്‍ ഇറാനിയന്‍ ഓയില്‍ പ്രോഡക്ട് ഡിസ്ട്രിബ്യൂഷന്‍ കമ്പനി (എന്‍ഐഒപിഡിസി) വക്താവ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
അതേ സമയം രാജ്യത്തെ പ്രത്യേക പദ്ധതി പ്രകാരം വ്യക്തിഗത സ്മാര്‍ട്ട് കാര്‍ഡിന് പകുതി വിലയ്ക്ക് ഇന്ധനം നല്‍കുന്ന പദ്ധതി തല്‍ക്കാലം പതുക്കയെ വീണ്ടും തുടങ്ങൂ എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇറാന്‍ സര്‍ക്കാറിന്‍റെ പ്രത്യേക പദ്ധതിയാണ് ഈ റേഷന്‍ സബ്സിഡ്. ഈ പദ്ധതി പ്രവര്‍ത്തനം നിലച്ച് പിന്നീട് പ്രവര്‍ത്തനം ആരംഭിച്ച ഇന്ധന സ്റ്റേഷനുകളില്‍ 220 എണ്ണത്തില്‍ മാത്രമേ പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടുള്ളൂ.
അതേ സമയം ഒരോ പമ്പിലും ടെക്നീഷ്യന്മാരെ അയച്ച് പ്രവര്‍ത്തനം പരിശോധിക്കേണ്ടതിനാലാണ് ഇന്ധന റേഷന്‍ അനുവദിക്കുന്നത് വൈകുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. അതേ സമയം ചൊവ്വാഴ്ച രാജ്യത്തെ പെട്രോള്‍ വിതരണ കമ്പനി നെറ്റ്വര്‍ക്കില്‍ സംഭവിച്ച സൈബര്‍ ആക്രമണം ഇന്ധന സ്റ്റേഷനുകളില്‍ ഇന്ധനം അടിക്കാനുള്ള വാഹനങ്ങളുടെ വലിയ നിരയാണ് സൃഷ്ടിച്ചത്.
രാജ്യത്തെ പൊതു ഇന്ധന വിതരണ സംവിധാനത്തെ ലക്ഷ്യംവച്ച് വിദേശ ശക്തി ആസൂത്രണം ചെയ്ത ആക്രമണം എന്നാണ് ഇറാന്‍ സൈബര്‍ സെക്യൂരിറ്റി സുപ്രീംകൌണ്‍സില്‍ മേധാവി വ്യക്തമാക്കിയത്. നവംബര്‍ 2019 മുതല്‍ ഇന്ധന വിതരണത്തിന് ഓണ്‍ലൈന്‍ റേഷന്‍ സംവിധാനമാണ് ഇറാന്‍ ഉപയോഗിക്കുന്നത് ഇതിനെതിരെയാണ് ആക്രമണം നടന്നത് എന്നാണ് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഇന്ധന റേഷന്‍ പ്രകാരം 60 ലിറ്റര്‍ ഇന്ധനം കുറഞ്ഞ വിലയ്ക്ക് പൌരന്മാര്‍ക്ക് നല്‍കും.