ബോണ്ടിന്‍റെ പുതിയ പടം 'നോ ടൈം റ്റു ഡൈ' ഓണ്‍ലൈനില്‍ തപ്പിയാല്‍ പണികിട്ടും.!

By Web TeamFirst Published Oct 7, 2021, 10:58 PM IST
Highlights

ജെയിംസ് ബോണ്ട്  'നോ ടൈം റ്റു ഡൈ' തീയറ്ററില്‍ കാണാന്‍ കഴിയാതെ അത് ഓണ്‍ലൈനില്‍ തേടുന്നവരെ പിടിക്കാന്‍ വലിയതോതില്‍ സൈബര്‍ കെണി ഒരുക്കിയിട്ടുണ്ട്. 

കൊവിഡ് (Covid 19) ലോകത്ത് ഏറ്റവുമധികം നഷ്‍ടമുണ്ടാക്കിയ വ്യവസായങ്ങളിലൊന്നാണ് സിനിമ (Cinema), വിശേഷിച്ചും തിയറ്റര്‍ മേഖല. ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ (Direct OTT Release) സിനിമാമേഖല ജീവന്‍ നിലനിര്‍ത്തിയെങ്കില്‍ ലോകമാകെയുള്ള പ്രദര്‍ശനശാലകളുടെ കാര്യം അങ്ങനെ ആയിരുന്നില്ല. മാസങ്ങളോളം അടച്ചിട്ടിരുന്ന തിയറ്ററുകള്‍ തുറന്നപ്പോഴും മിക്ക രാജ്യങ്ങളിലും 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. 

തിയറ്റര്‍ എന്ന ശീലം നഷ്‍ടപ്പെട്ട പ്രേക്ഷകരെ അവിടേയ്ക്ക് തിരിച്ചുകൊണ്ടുവരിക എന്നത് ഏറെ ശ്രമകരമായ ദൗത്യമായി മാറിയ കാലം. ഒരു വന്‍ ചിത്രം ആ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴിതാ ലോകമാകെയുള്ള തിയറ്റര്‍ വ്യവസായത്തിന്‍റെ രക്ഷക സ്ഥാനത്തേക്ക് ഒരു താരചിത്രം വന്നിരിക്കുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍. മറ്റൊന്നുമല്ല, ജെയിംസ് ബോണ്ട് (James Bond) ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം 'നോ ടൈം റ്റു ഡൈ' (No Time To Die) ആണ് ആഗോള കളക്ഷനില്‍ (International Box Office) മുന്നേറുന്ന പുതിയ റിലീസ്.

സെപ്റ്റംബര്‍ 28ന് ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ യുകെ റിലീസ് 30നായിരുന്നു. യുകെയിലും അയര്‍ലന്‍ഡിലുമായി ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 26 മില്യണ്‍ പൗണ്ട് (264 കോടി രൂപ) ആണ് നേടിയത്. യുകെ സിനിമാ അസോസിയേഷന്‍ പുറത്തുവിട്ട കണക്കാണ് ഇത്. ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ യുകെ ഓപണിംഗ് ആണിത്. യുകെയില്‍ മാത്രം 772 തിയറ്ററുകളിലായി ദിവസേന 9000 ഷോകളാണ് ചിത്രത്തിന്. റിലീസ് ചെയ്യപ്പെട്ട 54 ലോകരാജ്യങ്ങളില്‍ നിന്നായി ചിത്രം ഇതേകാലയളവില്‍ നേടിയത് 88 മില്യണ്‍  പൗണ്ട് (893 കോടി രൂപ) ആണ്. 

ഹോളിവുഡ് സിനിമകളുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളായ അമേരിക്കയിലും ചൈനയിലും ചിത്രം ഇനിയും റിലീസ് ചെയ്യപ്പെട്ടിട്ടില്ല എന്നത് കൂട്ടിവായിക്കുമ്പോള്‍ ഈ ബോക്സ് ഓഫീസ് കണക്കുകള്‍ക്ക് കൈയടിക്കാതെ തരമില്ല. ചൈനീസ് റിലീസിനു മുന്‍പ് 100 മില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ ഹോളിവുഡ് ചിത്രവുമായിരിക്കുകയാണ് നോ ടൈം റ്റു ഡൈ. യുഎസില്‍ ഈ മാസം 8നും ചൈനയില്‍ 29നുമാണ് ചിത്രത്തിന്‍റെ പ്രീമിയര്‍.

ഓണ്‍ലൈനില്‍ കാണാന്‍ നോക്കിയാല്‍ കിട്ടും പണി.!

എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങളില്‍പ്പെട്ട് തീയറ്ററുകള്‍ തുറക്കാത്ത ലോകത്തിലെ പല മേഖലകള്‍ ഉണ്ട്. കേരളത്തില്‍ അടക്കം ആ അവസ്ഥയിലായിരുന്നു. അതിനാല്‍ തന്നെ ജെയിംസ് ബോണ്ട് പടത്തിന്‍റെ വലിയ വിജയം, വലിയ സ്ക്രീനില്‍ ആസ്വദിക്കാന്‍ സാധിക്കാത്ത വലിയൊരു വിഭാഗം ഫാന്‍സുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചതോടെ അവര്‍ ആവേശത്തോടെ എങ്ങനെയെങ്കിലും ചിത്രം കാണാനുള്ള തയ്യാറെടുപ്പിലാണ്. അതേ സമയം ചിത്രം ഇതുവരെ ഒടിടി റിലീസ് ആയിട്ടുമില്ല. 

ഈ രംഗം ചിലര്‍ മുതലെടുക്കുന്നു എന്നാണ് എക്സ്പ്രസ് യുകെയുടെ ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഇത് പ്രകാരം ജെയിംസ് ബോണ്ട്  'നോ ടൈം റ്റു ഡൈ' തീയറ്ററില്‍ കാണാന്‍ കഴിയാതെ അത് ഓണ്‍ലൈനില്‍ തേടുന്നവരെ പിടിക്കാന്‍ വലിയതോതില്‍ സൈബര്‍ കെണി ഒരുക്കിയിട്ടുണ്ട്. പൈറേറ്റ‍ഡ് കോപ്പികള്‍ തപ്പുന്ന വലിയൊരു വിഭാഗത്തെ, ചിത്രത്തിന്‍റെ കോപ്പിയുണ്ടെന്ന് കാണിച്ചാണ് പല സൈറ്റുകളും പിടിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധരായ കസ്പരസ്കി ഇത്തരത്തില്‍ നിരവധി 'സൈബര്‍ കെണികള്‍' കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ഇത്തരം സൈറ്റുകള്‍ ഓപ്പണാക്കിയാല്‍ തന്നെ ചിലപ്പോള്‍ നിങ്ങളുടെ ഫോണോ, ലാപ്ടോപ്പോ സൈബര്‍ ക്രിമിനലുകളുടെ കയ്യിലാകാം. അല്ലെങ്കില്‍ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാകാം. സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങളുടെ വിവരങ്ങള്‍‍ വേണം എന്ന് ആവശ്യപ്പെട്ട് സാമ്പത്തിക വിവരങ്ങള്‍ അടക്കം ചോര്‍ത്തുന്ന സൈറ്റുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 'നോ ടൈം റ്റു ഡൈ' ഇപ്പോള്‍ ഔദ്യോഗികമായി ഓണ്‍ലൈനില്‍‍ എത്താതിനാല്‍ അതിനായി കാത്തിരുന്ന് അപകടം ഒഴിവാക്കാനാണ് സൈബര്‍ വിദഗ്ധരുടെ ഉപദേശം. 

click me!