ലോക സമ്പന്നര്‍ തമ്മില്‍ ചന്ദ്രന്റെ പേരില്‍ തമ്മിലടി.!

By Web TeamFirst Published Apr 30, 2021, 4:25 PM IST
Highlights

'ഹ്യൂമന്‍ ലാന്‍ഡിംഗ് സിസ്റ്റം പ്രോഗ്രാമിനായി നാസ ഒരു തെറ്റായ ഏറ്റെടുക്കല്‍ നടത്തി, അവസാന നിമിഷം ഗോള്‍പോസ്റ്റുകള്‍ നീക്കി,' ബ്ലൂ ഒറിജിന്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു കരാറുകാരനെ മാത്രം ഉള്‍ക്കൊള്ളിക്കാനുള്ള നാസയുടെ അവസാന നിമിഷത്തെ തീരുമാനത്തെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നു.

ന്ദ്രന്റെ പേരില്‍ തമ്മിലടി. അതും ലോകത്തിലെ ഏറ്റവും വലിയ രണ്ടു സമ്പന്നര്‍. പണമുണ്ടെങ്കില്‍ വേണമെങ്കില്‍ ചന്ദ്രനെയും വരുതിയിലാക്കാമെന്ന സ്ഥിതിയില്‍ ഇടയില്‍ പെട്ടു പോയത് നാസയാണ്. ആര്‍ടെമിസ് പ്രോഗ്രാമില്‍ ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യത്തിനായി ലാന്‍ഡര്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറിനെച്ചൊല്ലിയാണ് തര്‍ക്കം. ഈ ജോലിയുടെ ഏക കരാറുകാരനായി സ്‌പേസ് എക്‌സിനെ തിരഞ്ഞെടുത്തത് ജെഫ് ബെസോസിനെ സഹിക്കാനായില്ല. വിഷമം ആമസോണ്‍ മുതലാളി മറച്ചുവച്ചതുമില്ല. 

2.9 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഈ മാസം ആദ്യം നാസ സ്‌പേസ് എക്‌സിന് നല്‍കി. കരാറിനായിഹ ബ്ലൂ ഒറിജിന്‍, അലബാമയില്‍ നിന്നുള്ള ഡൈനറ്റിക്‌സ് എന്നിവരുള്‍പ്പെടെ മറ്റ് രണ്ട് സ്വകാര്യ ബഹിരാകാശ സ്ഥാപനങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍, അവസാന നിമിഷം കരാറില്‍ നാസ മാറ്റങ്ങള്‍ വരുത്തിയതോടെ, സ്‌പേസ് എക്‌സ് വിജയിയായി. ഇതാണ് ബ്ലൂ ഒറിജിന്‍ മുതലാളി ജെഫ് ബെസോസിനെ ദേഷ്യത്തിലാക്കിയത്. ലേലം നഷ്ടപ്പെട്ട രണ്ട് സ്ഥാപനങ്ങളും ഇപ്പോള്‍ ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഓഫീസില്‍ (ജിഎഒ) പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) കരാര്‍ ലേലവ്യവസ്ഥകള്‍ അവസാന നിമിഷം മാറ്റിയതായി കമ്പനികള്‍ ആരോപിക്കുന്നു.

'ഹ്യൂമന്‍ ലാന്‍ഡിംഗ് സിസ്റ്റം പ്രോഗ്രാമിനായി നാസ ഒരു തെറ്റായ ഏറ്റെടുക്കല്‍ നടത്തി, അവസാന നിമിഷം ഗോള്‍പോസ്റ്റുകള്‍ നീക്കി,' ബ്ലൂ ഒറിജിന്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു കരാറുകാരനെ മാത്രം ഉള്‍ക്കൊള്ളിക്കാനുള്ള നാസയുടെ അവസാന നിമിഷത്തെ തീരുമാനത്തെ പ്രതിഷേധക്കാര്‍ ചോദ്യം ചെയ്യുന്നു. യുഎസ് ബഹിരാകാശ ഏജന്‍സി രണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കരാര്‍ നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് സ്‌പേസ് എക്‌സില്‍ മാത്രമായി ഒതുങ്ങിയതാണ് ബെസോസിനെ രോഷാകുലനാക്കിയത്.

നാസയുടെ കരാര്‍ നേടിയ ശേഷം ട്വിറ്ററില്‍ മത്സരത്തിന്റെ പ്രതിഷേധത്തെ കളിയാക്കുന്നതില്‍ നിന്ന് മസ്‌ക് ഒഴിഞ്ഞുമാറിയില്ല. ബെസോസ് ബ്ലൂ ഒറിജിന്റെ മൂണ്‍ ലാന്‍ഡര്‍ അനാച്ഛാദനം ചെയ്യുന്നതിനെക്കുറിച്ചുള്ള 2019 ലെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടില്‍ ലാന്‍ഡറില്‍ എഴുതിയ ബ്ലൂ മൂണ്‍സ് തുടച്ചുമാറ്റിയ മസ്‌ക് പകരം ചിത്രത്തില്‍ ബ്ലൂ ബോള്‍സ് എന്ന് എഴുതി. ഇത് ഇപ്പോള്‍ വൈറലായിട്ടുണ്ട്. പ്രതിഷേധത്തോട് നാസ എങ്ങനെ പ്രതികരിക്കുന്നുവെന്ന് കണ്ടറിയണം.
 

click me!