ഈ കുഞ്ഞിന്റെ പേര് എച്ച്ടിഎംഎല്‍, അച്ഛന്റെ പേര് മാക്

By Web TeamFirst Published Jun 19, 2021, 5:10 PM IST
Highlights

ഫിലിപ്പൈന്‍സിലെ ബുലാക്കന്‍ സ്വദേശിയായ അമ്മായി, സിന്‍സര്‍ലി പാസ്‌കലാണ് കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കില്‍ വൈറലായി. 

വെറൈറ്റിക്ക് വേണ്ടി ഏതറ്റവും വരെ പോകുന്ന മനുഷ്യരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് പുതിയതായി ജനിച്ച കുട്ടിക്ക് ഇങ്ങനെയൊരു പേരിടുമോ? എച്ച്ടിഎംഎല്‍ എന്നാണ് കുട്ടിക്ക് പിതാവ് ഇട്ടിരിക്കുന്ന പേര്. അതിശയിക്കണ്ട, പിതാവിന്റെ പേര് മാക് എന്നാണ്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള ഒരു വെബ് ഡിസൈനറാണ് ഇതിനു പിന്നിലുള്ള പിതാവ്. വെബ്‌പേജും അതിന്റെ ഉള്ളടക്കവും രൂപകല്‍പ്പന ചെയ്യുന്നതിന് ഉപയോഗിക്കുന്ന കോഡാണ് എച്ച്ടിഎംഎല്‍. പിതാവിന് തന്റെ ജോലിയോടുള്ള അഭിനിവേശത്തിന്റെ ഫലമാണ് ഈ പേര്. 

ഫിലിപ്പൈന്‍സിലെ ബുലാക്കന്‍ സ്വദേശിയായ അമ്മായി, സിന്‍സര്‍ലി പാസ്‌കലാണ് കുഞ്ഞിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. കുഞ്ഞിന്റെ ചിത്രം ഫേസ്ബുക്കില്‍ വൈറലായി. 'ലോകത്തിലേക്ക് സ്വാഗതം എച്ച്ടിഎംഎല്‍' എന്നാണ് അവര്‍ അടിക്കുറിപ്പ് നല്‍കിയത്. കുട്ടിയുടെ മുഴുവന്‍ പേര് ഹൈപ്പര്‍ടെക്സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ് റായോ പാസ്വല്‍. 

ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. പിതാവിന്റെ പേര് മാക് പാസ്വല്‍. അദ്ദേഹത്തിന് മാക്രോണി എന്നും സ്പാഗെട്ടി എന്നും പേരുള്ള സഹോദരിമാരുണ്ട്. അവരുടെ കുട്ടികളെ ചീസ് എന്ന് വിളിക്കുന്നു. ഒരാളെ ചീസ് പിമെന്റോ എന്നും മറ്റൊരാള്‍ പാര്‍മെസന്‍ ചീസ് എന്നും വിളിക്കുന്നു. അവര്‍ക്ക് ഡിസൈന്‍, റിസര്‍ച്ച് എന്ന പേരിലുള്ള കസിന്‍സുമുണ്ട്. 

പേരുകളില്‍ ഇങ്ങനെ സാങ്കേതികത കൂട്ടിച്ചേര്‍ത്ത ഈ കുടുംബത്തിന്റെ പേരു വിശേഷങ്ങള്‍ ഇപ്പോള്‍ ടെക് ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞു. ഇതിനെ അനുകരിച്ച് ഇനിയെന്തൊക്കെ പേരുകള്‍ വരുമെന്നു കണ്ടറിയണം.
 

click me!