എല്ലാ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപയോളം ബോണസ് നല്‍കി ഈ ടെക് കോര്‍പ്പറേറ്റ്

Web Desk   | Asianet News
Published : Jul 09, 2021, 01:36 PM IST
എല്ലാ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപയോളം ബോണസ് നല്‍കി ഈ ടെക് കോര്‍പ്പറേറ്റ്

Synopsis

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍, കത്തലിന്‍ ഹോഗനാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും, അന്താരാഷ്ട്ര തലത്തിലും ഉള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും

ദില്ലി: തങ്ങളുടെ എല്ലാ ജീവനക്കാര്‍ക്കും 1.12 ലക്ഷം രൂപയോളം ബോണസ് നല്‍കി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. പാന്‍ഡമിക് ബോണസ് എന്നാണ് 1500 ഡോളര്‍ സമ്പത്തിക സഹായത്തെ മൈക്രോസോഫ്റ്റ് വിളിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വളരെ ദുര്‍ഘടമായ അവസ്ഥയിലും ജോലി ചെയ്ത ജീവനക്കാര്‍ക്കുള്ള അംഗീകാരമായാണ് ഈ തുക എന്നാണ് റിപ്പോര്‍ട്ട്.

ദ വെര്‍ജ് പുറത്തുവിട്ട വാര്‍ത്ത പ്രകാരം മാര്‍ച്ച് 31,2021 ന് മുന്‍പ് കമ്പനിയില്‍ ചേര്‍ന്ന എല്ലാ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റുമാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്കും മൈക്രോസോഫ്റ്റ് ഈ ബോണസ് അനുവദിച്ചിട്ടുണ്ട്. താല്‍ക്കാലിക, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

മൈക്രോസോഫ്റ്റ് ചീഫ് പീപ്പിള്‍ ഓഫീസര്‍, കത്തലിന്‍ ഹോഗനാണ് ഈ ബോണസ് പ്രഖ്യാപിച്ചത്. അമേരിക്കയിലും, അന്താരാഷ്ട്ര തലത്തിലും ഉള്ള എല്ലാ ജീവനക്കാര്‍ക്കും ഈ ആനുകൂല്യം നല്‍കും- വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. ആഗോളതലത്തില്‍ മൈക്രോസോഫ്റ്റിന് 175508 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്ക്. 

അതേ സമയം മൈക്രോസോഫ്റ്റ് നടത്തുന്ന ലിങ്കിഡ്ഇന്‍, ജിറ്റ്ഹബ്, സെനിമാക്സ് പോലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാന്‍ഡമിക്ക് ബോണസ് ലഭിക്കില്ലെന്നാണ് വിവരം. ഏതാണ്ട് 200 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പാന്‍ഡമിക്ക് ബോണസിന് വേണ്ടി മൈക്രോസോഫ്റ്റ് ചിലവഴിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് മൈക്രോസോഫ്റ്റിന്‍റെ രണ്ട് ദിവസത്തെ വരുമാനത്തോളം വരും.

നേരത്തെ ഫേസ്ബുക്ക് തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം 1000 ഡോളര്‍ വീതം ബോണസ് നല്‍കിയിരുന്നു. ഇതേ രീതിയില്‍ ആമസോണ്‍ അവരുടെ മുന്‍നിര ജീവനക്കാര്‍ക്ക് 3000 ഡോളറാണ് നല്‍കിയത്.

PREV
click me!

Recommended Stories

നാല് കാലുകള്‍, പടികള്‍ മുതല്‍ എവിടവും കയറിയിറങ്ങും; അതിശയ റോബോട്ടിക് കസേരയുമായി ടൊയോട്ട
അടുത്ത ജെനറേഷൻ ടാബ്‌ലെറ്റ് അവതരിപ്പിക്കാൻ ഒപ്പോ; പാഡ് 5 എത്തുക ഒക്ടോബറിൽ