നിരോധിത ആപ്പുകള്‍ ഇന്ത്യയിലെ ഫോണുകളില്‍ ഉണ്ടാകില്ല നിലപാട് വ്യക്തമാക്കി ഷവോമി

By Web TeamFirst Published Aug 7, 2020, 5:31 PM IST
Highlights

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആപ്പുകള്‍ ഇനിമുതല്‍ ഇന്ത്യയില്‍ ഇറക്കുന്ന ഫോണുകളില്‍ ഉണ്ടാകില്ലെന്നും. ഇന്ത്യയിലെ ഫോണുകള്‍ക്കായി ഇത്തരം ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യാത്ത എംഐ യൂസര്‍ ഇന്‍റര്‍ഫേസ് വികസിപ്പിക്കും

ദില്ലി: ഡാറ്റ സെക്യൂരിറ്റി സംബന്ധിച്ച് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കി ഷവോമി ഇന്ത്യ. സ്വകാര്യതയും, വിവര സംരക്ഷണവും സംബന്ധിച്ച് സുപ്രധാനമായ തീരുമാനങ്ങള്‍ അറിയിക്കുന്നു എന്നാണ് ഷവോമി പുറത്തിറക്കിയ പത്ര കുറിപ്പ് പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന നടത്തുന്ന കമ്പനിയായ ഷവോമി ഇത് ആദ്യമായാണ് ചൈനീസ് ആപ്പ് നിരോധനം അടക്കമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുന്നത്.

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ആപ്പുകള്‍ ഇനിമുതല്‍ ഇന്ത്യയില്‍ ഇറക്കുന്ന ഫോണുകളില്‍ ഉണ്ടാകില്ലെന്നും. ഇന്ത്യയിലെ ഫോണുകള്‍ക്കായി ഇത്തരം ആപ്പുകളെ സപ്പോര്‍ട്ട് ചെയ്യാത്ത എംഐ യൂസര്‍ ഇന്‍റര്‍ഫേസ് വികസിപ്പിക്കും എന്നുമാണ് ഷവോമി പറയുന്നത്. അടുത്ത ചില ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇത് നടപ്പിലാക്കും എന്നും ഷവോമി ഇന്ത്യ അറിയിക്കുന്നു. ഇപ്പോഴും നിരോധിക്കപ്പെട്ട 'ക്ലീന്‍ മാസ്റ്റര്‍' ആപ്പ് ഷവോമി ഉപയോഗിക്കുന്നു എന്ന വിമര്‍ശനത്തിനും ഷവോമി മറുപടി നല്‍കുന്നു. 'ക്ലീന്‍ മാസ്റ്റര്‍' എന്നത് ഒരു വ്യാവസായിക പേരാണ്. ഷവോമി ഫോണില്‍ ഉപയോഗിക്കുന്ന  'ക്ലീന്‍ മാസ്റ്റര്‍' സര്‍ക്കാര്‍ നിരോധിച്ച ഗണത്തില്‍പെട്ടതല്ലെന്ന് ഷവോമി അവകാശപ്പെടുന്നു. 

2018 മുതല്‍ ഇന്ത്യയിലെ ഷവോമി ഉപയോക്താക്കളുമായി ബന്ധപ്പെട്ട 100 ശതമാനം വിവരങ്ങളും ഇന്ത്യയില്‍ തന്നെയാണ് സൂക്ഷിക്കാറെന്നും ഷവോമി വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് വെളിയിലേക്ക് ഒരു വിവരവും കൈമാറുന്നില്ലെന്നും ഷവോമി ഇന്ത്യ വ്യക്തമാക്കുന്നു. അതേ സമയം ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് വസ്തുതയല്ലാത്ത പ്രചാരണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതില്‍ നിയമ നടപടികള്‍ അടക്കം സ്വീകരിക്കുമെന്നും കമ്പനി പറയുന്നു.

click me!