ചാർജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Nov 13, 2019, 6:01 AM IST
Highlights

 റൂമിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് പോയിനോക്കിയതെന്നാണ് സഹവാസികൾ പറഞ്ഞത്. മുഖത്ത് കാര്യമായി പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നയഗഡ്: രാത്രി കിടക്കുമ്പോൾ ചാർജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീശയിലാണ് സംഭവം. നയഗഡ് ജില്ലയിലെ രൺപുര്‍ ഗ്രാമത്തിലെ കുന പ്രധാൻ (22) ആണ് മരിച്ചത്. ഫോൺ ചാർജിലിട്ട് കിടന്നുങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. റൂമിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് പോയിനോക്കിയതെന്നാണ് സഹവാസികൾ പറഞ്ഞത്. മുഖത്ത് കാര്യമായി പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമാനമായ സംഭവത്തില്‍ സെപ്തംബര്‍ അവസാനം  ഖസക്കിസ്ഥാനില്‍ പതിനാലുകാരി ചാര്‍ജ് ചെയ്യാനിട്ട ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. ഖസാക്കിസ്ഥാനിലെ  ബസ്‌തോബ് എന്ന സ്ഥലത്താണ് ആല്വ അസെറ്റ്കിസി എന്ന വിദ്യാര്‍ത്ഥിനിയായ 14കാരി മരണപ്പെട്ടത്. രാത്രി ഏറെ നേരം മെത്തയ്ക്ക് അടുത്തുള്ള ചാര്‍ജിംഗ് പോര്‍ട്ടില്‍ ഘടിപ്പിച്ച് ഉപയോഗിച്ചിരുന്നു. പിന്നീട് തലയണയ്ക്ക് അടിയില്‍ വച്ച് ഉറങ്ങുകയായിരുന്നു.

പിന്നീട് പുലര്‍ച്ചയോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ മുഖം ചിതറി മരണം സംഭവിച്ചത് എന്നാണ് ഫോറന്‍സിക് ഫലങ്ങള്‍ പറയുന്നത്. ചാര്‍ജിംഗ് പൊയന്‍റില്‍ നിന്നും ചാര്‍ജിംഗ് പൂര്‍ത്തിയായിട്ടും ഫോണ്‍ മാറ്റിയിരുന്നില്ല. ഇതിനാല്‍ തന്നെ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതായിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഫോണ്‍ ഏതാണ് ബ്രാന്‍റ് എന്നത് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. 

ഇത്തരത്തിലുള്ള ദുരന്തം ഒഴിവാക്കാന്‍ ചില നിര്‍ദേശങ്ങള്‍ ടെക് വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്. ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക. രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. 

ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും. ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.

click me!