ഇന്ത്യയില്‍ ആദ്യം മൊബൈല്‍ കോള്‍ ചെയ്തത് ജ്യോതി ബസു; ആ മൊബൈല്‍ ഫോണ്‍ വിളിക്ക് 25 വയസ്

By Web TeamFirst Published Jul 31, 2020, 4:28 PM IST
Highlights

കൊല്‍ക്കത്തയിലെ റൈറ്റേര്‍സ് ബില്‍ഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ദില്ലിയിലെ ടെലികോം മന്ത്രാലയത്തിന്‍റെ ഓഫീസായ സഞ്ചാര്‍ ഭവനിലേക്കായിരുന്നു ആ കോള്‍. 

ദില്ലി: ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ദിവസം, ഒരു ടെലിഫോണ്‍ കോള്‍ സംഭവിച്ചു. ഇന്ത്യയിലെ കമ്യൂണിക്കേഷന്‍ വിപ്ലവത്തിന്‍റെ തുടക്കം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഫോണ്‍ കോളായിരുന്നു അത്. അതില്‍ കോള്‍ ചെയ്ത വ്യക്തി അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവായിരുന്നു. അങ്ങേ തലയ്ക്കല്‍ ഉണ്ടായിരുന്നത് അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ് റാം. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോളായിരുന്നു അത്.

കൊല്‍ക്കത്തയിലെ റൈറ്റേര്‍സ് ബില്‍ഡിംഗിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ദില്ലിയിലെ ടെലികോം മന്ത്രാലയത്തിന്‍റെ ഓഫീസായ സഞ്ചാര്‍ ഭവനിലേക്കായിരുന്നു ആ കോള്‍. ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കായി മൊബൈല്‍ നെറ്റിന്‍റെ ഉദ്ഘാടന കോള്‍ ആയിരുന്നു അത്. മോഡി ടെല്‍സ്ട്ര ആയിരുന്നു ഈ മൊബൈല്‍ നെറ്റ്വര്‍ക്ക് സ്ഥാപിച്ചത്. കൊല്‍ക്കത്തയില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം.

ഇന്ത്യയിലെ മോഡി ഗ്രൂപ്പും, ഓസ്ട്രേലിയന്‍ ടെലികോം കമ്പനി ടെല്‍സ്ട്രയും ചേര്‍ന്നുള്ള ഒരു സംയുക്ത സംരംഭമായിരുന്നു അത്. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് സേവനം നടത്താന്‍ ലൈസന്‍സ് ലഭിച്ച 8 കമ്പനികളില്‍ ഒന്നായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ നാല് മെട്രോപോളിറ്റന്‍ നഗങ്ങളില്‍ രണ്ട് മൊബൈല്‍ ടെലികോം ലൈസന്‍സ് വീതമാണ് നല്‍കിയത്. ഇതില്‍ ആദ്യം സര്‍വീസ് ആരംഭിച്ചത് കൊല്‍ക്കത്തയില്‍ മോഡി ടെല്‍സ്ട്രയായിരുന്നു.

1995 ലെ ജ്യോതി ബസുവിന്‍റെ ആദ്യ കോളില്‍ നിന്നും ഇന്ന് ഇന്ത്യ ഏറെ മുന്നേറി. മൊബൈല്‍ ടെക്നോളജി ഇന്ത്യയില്‍ അതിന്‍റെ അഞ്ചാം തലമുറ മാറ്റത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു. 448.2 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. 

click me!